ശ്രീദേവി ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു. ജനഹൃദയങ്ങളിൽ എന്നും ഓർമിക്കാൻ ഒരുപിടി നല്ല കഥാപാത്രങ്ങൾ നൽകിയിട്ടാണ് ശ്രീദേവിയുടെ മടക്കം. ദുബായിൽ താമസിച്ചിരുന്ന ഹോട്ടൽ മുറിയിലെ ബാത്ത് റൂമിൽ അബോധാവസ്ഥയിലായതിനെത്തുടർന്നു ബാത് ടബ്ബിൽ മുങ്ങിയാണു ശ്രീദേവിയുടെ മരണമെന്നാണു ഫൊറൻസിക് റിപ്പോർട്ട്.

ദുബായിലേക്ക് പോകുന്നതിനു മുൻപ് ശ്രീദേവിയുടെ ആരോഗ്യ സ്ഥിതി മോശമായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടിയുടെ അടുത്ത സുഹൃത്ത് പിങ്കി റെഡ്ഡി. മിഡ് ഡേയോടാണ് ശ്രീദേവിയുടെ അടുത്ത സുഹൃത്തായ പിങ്കി ഇക്കാര്യം പറഞ്ഞത്. ദുബായിലേക്ക് പോകുന്നതിനു മുൻപ് ശ്രീദേവിയുമായി പിങ്കി സംസാരിച്ചിരുന്നു.

”എനിക്കെന്റെ സഹോദരിയെ നഷ്ടമായിരിക്കുന്നു. അവളുടെ വിയോഗം ഞെട്ടലുണ്ടാക്കുന്നതാണ്. ദുബായിലേക്ക് പോകുന്ന ദിവസം അവളുമായി സംസാരിച്ചിരുന്നു. അവൾക്ക് പനിയുണ്ടായിരുന്നു. അതിന് ആന്റിബയോട്ടിക്സ് എടുക്കുന്നുണ്ടായിരുന്നു. അവൾ വളരെ ക്ഷിണിതയായിരുന്നു. എങ്കിലും തനിക്ക് വിവാഹത്തിൽ പങ്കെടുക്കാൻ ദുബായിലേക്ക് പോയേ മതിയാകൂവെന്ന് അവൾ പറഞ്ഞു” പിങ്കി പറഞ്ഞു.

ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകളോടും പിങ്കി പ്രതികരിച്ചു. ”ശ്രീദേവിയുടെ മരണത്തെ ചിലർ തമാശയാക്കുന്നത് വേദനിപ്പിക്കുന്നു. അവളുടെ മരണത്തെക്കുറിച്ച് പ്രചരിക്കുന്ന കഥകൾ എന്നെ ദേഷ്യപ്പെടുത്തുന്നുണ്ട്. ജനങ്ങൾ അവൾ സൗന്ദര്യം നിലനിർത്താനായി ശസ്ത്രക്രിയകൾ നടത്തിയതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. ഇത് സംസാരിക്കുന്നതിനുപകരം അവളെക്കുറിച്ചുളള നല്ല കാര്യങ്ങൾ ഓർമിക്കാത്തത് എന്തുകൊണ്ടാണ്?. അവൾ പോയതിനുശേഷവും, എങ്ങനെയാണ് ഇത്തരത്തിൽ സംസാരിക്കാൻ കഴിയുന്നത്?. ഞാൻ ബോണി കപൂറിനോട് സംസാരിച്ചിരുന്നു. അദ്ദേഹം തകർന്നിരിക്കുകയാണ്. അവർ മികച്ച ദമ്പതികളായിരുന്നു. അവർ തമ്മിൽ വഴക്കുണ്ടാകാറില്ലേ എന്ന് ഞാനും സംശയിച്ചിട്ടുണ്ട്. പക്ഷേ അവർ പരസ്പരം വളരെ സ്നേഹമുളളവരായിരുന്നു. ഈ സമയത്ത് അവരെക്കുറിച്ച് മോശമായ കാര്യങ്ങൾ പറയരുത്” പിങ്കി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook