‘When a Woman is Challenged’ എന്ന അടിക്കുറിപ്പോടെ ശ്രീദേവി തന്നെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതാണ് ‘മോം’ എന്ന് പേരുള്ള പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍. അമ്മ എന്ന പടത്തിന്റെ വിവിധ ഭാഷകളിലുള്ള വാക്കുകള്‍ ശ്രീദേവിക്കൊപ്പം തന്നെ നിറഞ്ഞ് നില്‍ക്കുന്നുണ്ട് പോസ്റ്ററില്‍. ചിത്രത്തിന്റെ കഥയെക്കുറിച്ചുള്ള മറ്റു വിവരങ്ങളൊന്നും തന്നെ ഔദ്യോഗികമായി പുറത്തു വന്നിട്ടില്ല.
ജൂലൈ 14നാണ് റിലീസ്. രവി ഉദ്യാവാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറാണ്. നവാസുദ്ദീന്‍ സിദ്ദിഖി, അക്ഷയ് ഖന്ന, സുശാന്ത് സിങ്, അമൃത പുരി, രാജ് സുസ്തി എന്നിവരാണ് മറ്റു അഭിനേതാക്കള്‍.
വിവാഹത്തിന് ശേഷം സിനിമാരംഗം വിട്ടു നിന്ന ശ്രീദേവി അഞ്ചു വര്‍ഷം മുന്‍പാണ് അഭിനയത്തിലേക്ക് മടങ്ങിയെത്തിയത്. ഗൗരി ഷിന്റെ സംവിധാനം ചെയ്ത ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തിലൂടെ. ഇംഗ്ലീഷ് ഭാഷ ഒട്ടും വശമില്ലാതെ അമേരിക്കയില്‍ എത്തിപ്പെടുന്ന ഒരു ഇന്ത്യന്‍ വീട്ടമ്മയുടെ അതിജീവനത്തിന്റെ രസകരമായ ആവിഷ്കാരമായിരുന്നു ഇംഗ്ലീഷ് വിംഗ്ലീഷ്.
പോസ്റ്റര്‍ സൂചനകള്‍ ശരിയാകുമെങ്കില്‍ പുതിയ ചിത്രവും അമ്മയും അതിജീവനവും എന്ന ആശയത്തിലൂന്നിയത് തന്നെയാണ്.