ഇന്ത്യൻ സിനിമാ ലോകത്തെ എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രങ്ങളായി ബാഹുബലിയും ബാഹുബലി 2 ഉം മാറിക്കഴിഞ്ഞു. ഇന്ത്യയിൽ മാത്രമല്ല ആഗോളതലത്തിൽതന്നെ ചിത്രം പ്രശംസിക്കപ്പെട്ടു. എസ്.എസ്.രാജമൗലി ഒരുക്കിയ ചിത്രത്തിലെ മികവുറ്റ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു രാജമാതാ ശിവഗാമി. ഈ കഥാപാത്രത്തെച്ചൊല്ലി നിരവധി ചർച്ചകളും ചിത്രം പുറത്തിറങ്ങിയതിനു പിന്നാലെയുണ്ടായി. ബോളിവുഡിലെ താരറാണി ശ്രീദേവിയെയാണ് ആദ്യം രാജമൗലി ഈ കഥാപാത്രത്തിനായി സമീപിച്ചത്. എന്നാൽ ശ്രീദേവി ഇതു സ്വീകരിക്കാൻ തയാറായില്ല. തുടർന്നാണ് രമ്യ കൃഷ്ണന് ശിവഗാമിയാകാൻ അവസരം ലഭിച്ചതെന്നായിരുന്നു വാർത്തകൾ.

ഈ വാർത്ത പുറത്തുവന്നതിനുപിന്നാലെ ആരാധകരെല്ലാം ഒന്നു ഞെട്ടി. ഇത്രയും നല്ലൊരു കഥാപാത്രം ശ്രീദേവി സ്വീകരിക്കാതിരുന്നതെന്തേ എന്നായിരുന്നു എല്ലാവരും ചോദിച്ചത്. ശിവഗാമിയായി അഭിനയിക്കാൻ ശ്രീദേവി കൂടുതൽ പ്രതിഫലം ചോദിച്ചുവെന്നും അതല്ല ഭർത്താവ് ബോണി കപൂറിന് ഇഷ്ടമില്ലാതിരുന്നതുകൊണ്ടാണ് അഭിനയിക്കാതിരുന്നതെന്നും ഗോസിപ്പുകൾ വന്നു. എന്നാൽ കഥാപാത്രം നിരസിക്കാനുണ്ടായ കാരണമെന്താണെന്ന് ശ്രീദേവി ഇതുവരെ പറഞ്ഞിട്ടില്ല.

അടുത്തിടെ രാജീവ് മസന്ത് നടത്തിയ അഭിമുഖത്തിൽ ശ്രീദേവിയോട് ബാഹുബലി സിനിമ കണ്ടോയെന്നു ചോദിച്ചു. ‘സത്യസന്ധമായിട്ട് പറയാം. ഞാൻ ഇതുവരെ ചിത്രം കണ്ടിട്ടില്ല’ ഇതായിരുന്നു ശ്രീദേവി നൽകിയ മറുപടി. എന്തുകൊണ്ട് ബാഹുബലിയിലെ ശിവഗാമി കഥാപാത്രം സ്വീകരിച്ചില്ലെന്നും ശ്രീദേവിയോട് ചോദിച്ചു. അതിനു നടി നൽകിയ മറുപടി ഇതായിരുന്നു: ”ഇതൊരു വലിയ പ്രശ്നമായി മാറിയിരിക്കുന്നു. ഞാൻ ബാഹുബലിയിൽ അഭിനയിക്കാതിരുന്നതിനെക്കുറിച്ച് ജനങ്ങൾ ഓരോന്ന് ചിന്തിച്ചു കൂട്ടുകയാണ്. അതിന് എനിക്ക് എന്റേതായ കാരണങ്ങളുണ്ട്. ബാഹുബലിയുടെ രണ്ടു ഭാഗങ്ങളും പുറത്തുവന്നു കഴിഞ്ഞു. ഇപ്പോഴാണ് എന്നോട് അതിനെക്കുറിച്ച് ചോദിക്കുന്നത്. നിരവധി സിനിമകൾ ഞാൻ വേണ്ടെന്നു വച്ചിട്ടുണ്ട്. പക്ഷേ ആരും അതിനെക്കുറിച്ച് സംസാരിക്കുന്നില്ല. എന്തുകൊണ്ടാണ് ഈ ഒരു സിനിമയെക്കുറിച്ച് മാത്രം ചർച്ച ചെയ്യുന്നത്”.

മോം ആണ് ശ്രീദേവിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ജൂലൈ 17 നാണ് ചിത്രം പുറത്തിറങ്ങുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ