ബോളിവുഡ് അരങ്ങേറ്റത്തിനായി താരങ്ങളുടെ മക്കൾ തയാറെടുക്കുമ്പോൾ അവരുടെ മാതാപിതാക്കൾ അതിൽ അത്ര സന്തുഷ്ടരല്ല. അടുത്തിടെ സെയ്ഫ് അലി ഖാൻ തന്റെ മകൾ സാറ അലി ഖാന്റെ ബോളിവുഡ് അരങ്ങേറ്റത്തിൽ അസന്തുഷ്ടി പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴിതാ ബോളിവുഡ് താരറാണി ശ്രീദേവിയും മകൾ ജാൻവി കപൂറിന്റെ സിനിമാ പ്രവേശനത്തിൽ അതൃപ്തി അറിയിച്ചിരിക്കുന്നു.

മിഡ്-ഡേക്ക് നൽകിയ അഭിമുഖത്തിലാണ് ശ്രീദേവി മകളുടെ ബോളിവുഡ് അരങ്ങേറ്റത്തെ താൻ പിന്തുണയ്ക്കുന്നില്ലെന്ന് പറഞ്ഞത്. ”ബോളിവുഡിലേക്ക് ജാൻവി വരാൻ ഞാൻ ആഗ്രഹിക്കുന്നില്ല. സ്റ്റുഡന്റ് ഓഫ് ദി ഇയർ 2 സിനിമയിൽ നായികയാവാനുളള അവസരം ജാൻവിയെ തേടി വന്നപ്പോൾ ഞാൻ അവളെ നിരുത്സാഹപ്പെടുത്തി. അവൾക്ക് ആ സിനിമ ചെയ്യണമെന്നുണ്ടായിരുന്നു. എനിക്ക് താൽപര്യമുണ്ടായില്ല. സിനിമ മോശം മേഖലയാണെന്ന് ഞാനൊരിക്കലും ചിന്തിക്കുന്നില്ല. ആ മേഖലയിൽനിന്നാണ് ഞാനിന്ന് ഇവിടം വരെയെത്തിയത്. എന്നാൽ ഒരു അമ്മ എന്ന നിലയിൽ ജാൻവി വിവാഹിതയായി കാണുന്നതാണ് എനിക്ക് കൂടുതൽ സന്തോഷം. പക്ഷേ അവളുടെ മോഹം നടിയാവാനാണെങ്കിൽ അതിൽ അവൾ തിളങ്ങുകയാണെങ്കിൽ അതിൽ ഞാൻ അഭിമാനമുളള അമ്മയാണെന്നും” ശ്രീദേവി പറഞ്ഞു. കരിയറിനെക്കുറിച്ച് തീരുമാനം എടുക്കുന്നതിന് മുൻപ് എന്റെയും അവളുടെ അച്ഛൻ ബോണി കപൂറിന്റെയും അഭിപ്രായം ജാൻവി തേടാറുണ്ടെന്നും ശ്രീദേവി പറഞ്ഞു.

Read More: ‘മകളേ ഇതല്ല ജീവിതം’; സിനിമയിലേക്ക് കടക്കുന്ന സാറ അലി ഖാനോട് പിതാവ് സെയ്‌ഫിന്റെ ഉപദേശം

”ഞാനും മക്കളും സുഹൃത്തുക്കളെപ്പോലെയാണ്. ഞങ്ങൾ ഒരുമിച്ച് ഒരുപാട് സമയം ചെലവഴിക്കാറുണ്ട്. ഈ ദിവസങ്ങളിൽ ഞാൻ വളരെ വൈകിയാണ് വീട്ടിൽ വരാറുളളത്. പുതിയ ചിത്രമായ മോമിന്റെ ഡബ്ബിങ്, പ്രൊമോഷൻ എന്നിവയൊക്കെ കൊണ്ട് ഞാൻ വളരെ തിരക്കിലാണ്. പക്ഷേ ഞാൻ എത്ര വൈകി വീട്ടിൽ വന്നാലും മകൾ ഖുഷി ചിരിച്ചു കൊണ്ടായിരിക്കും എന്നെ സ്വീകരിക്കുക. ‘മോം’ എന്റെ 300-ാമത് ചിത്രമാണ്. എന്റെ മക്കളായ ജാൻവിയും ഖുഷിയുമാണ് ആദ്യം സിനിമ കണ്ടത്. സിനിമ കണ്ടിറങ്ങിയപ്പോൾ അവർക്ക് രണ്ടുപേർക്കും ഒന്നും മിണ്ടാനായില്ലെന്നും” ശ്രീദേവി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ