തന്‍റെ മകളോട് പ്രതികാരം ചെയ്യാന്‍ ശ്രമിക്കുന്ന അമ്മയായി ശ്രീദേവി ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച ‘മോം’ ചൈനയിൽ റിലീസിനൊരുങ്ങുന്നു. ശ്രീദേവിയുടെ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രമായിരുന്നു ‘മോം’. മരണാനന്തരമാണെങ്കിലും ശ്രീദേവിയുടെ ‘മോം’ എന്ന അവസാനചിത്രത്തെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് നിർമ്മാതാവും ശ്രീദേവിയുടെ ഭർത്താവുമായ ബോണി കപൂർ. മൂന്നു ദിവസം മുൻപായിരുന്നു ശ്രീദേവിയുടെ ഒന്നാം ചരമവാർഷികം.

മാർച്ച് 22 ന് ചിത്രം ചൈനയിലെ തിയേറ്ററുകളിൽ റിലീസിനെത്തുമെന്ന് ബോണികപൂർ പറയുന്നു. “ഏതു രാജ്യത്തെ അമ്മമാർക്കും പ്രേക്ഷകർക്കും പെട്ടെന്ന് കണക്റ്റ് ചെയ്യാവുന്ന ഒന്നാണ് ‘മോം’ എന്ന സിനിമ. ശ്രീയുടെ അവസാനചിത്രം. മനോഹരമായ ആ കഥ കഴിയാവുന്നിടത്തോളം ആളുകളിലേക്ക് എത്തിക്കുക, എന്നെന്നും ഓർക്കാവുന്ന രീതിയിൽ ചിത്രം ഷോകേസ് ചെയ്യുക ഇതാണ് ഞങ്ങളുടെ ലക്ഷ്യം,” ബോണികപൂർ പറഞ്ഞു. “സീ സ്റ്റുഡിയോ ഇന്റർനാഷണൽ ആണ് മോമിന്റെ വിജയത്തിനു പിറകിൽ. റിലീസ് ചെയ്ത് രണ്ടു വർഷങ്ങൾക്കു ശേഷവും അവർ ചിത്രത്തെ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നത് കാണുമ്പോൾ സന്തോഷമുണ്ട്,” ബോണി കപൂർ കൂട്ടിച്ചേർത്തു.

രവി ഉദയവാറാണ് ‘മോം’ സംവിധാനം ചെയ്തത്. അക്ഷയ് ഖന്ന, നവാസുദ്ദീന്‍ സിദ്ധിഖീ തുടങ്ങി ബോളിവുഡിലെ ശക്തരായ താരങ്ങളുണ്ടെങ്കിലും ശ്രീദേവിയുടെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമ മുന്നോട്ടു പോവുന്നത്. ഡ്രാമാ ത്രില്ലർ ഴോണറിൽ വരുന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള ഉർവ്വശി അവാർഡും ശ്രീദേവി കരസ്ഥമാക്കിയിരുന്നു. മരണാനന്തരം ഉർവശി അവാർഡ് നേടുന്ന ഇന്ത്യയിലെ ആദ്യത്തെ നടിയെന്ന അപൂർവ്വത കൂടിയാണ് അതുവഴി ശ്രീദേവി സ്വന്തമാക്കിയത്.

Read more: ആ കൈകളുടെ സുരക്ഷയിൽ ഞാനെന്നും; ശ്രീദേവിയെ ഓർത്ത് മകൾ ജാൻവി

“ഒരു അഭിനേതാവിന്റെ ഔന്നിത്യം എന്നു പറയുന്നത് അവർ കടന്നു പോവുമ്പോഴും അവരുടെ വർക്കുകളിലൂടെ പ്രേക്ഷകരിൽ ജീവിക്കുക എന്നതാണ്. ‘മോം’ അതിനൊരു മികച്ച ഉദാഹരണമാണ്.” സീ സ്റ്റുഡിയോ ഇന്റർനാഷണൽ ഫിലിം മാർക്കറ്റിംഗ് ഹെഡ് വിഭാ ചോപ്ര പറഞ്ഞു. ചിത്രം ചൈനയിലെ തിയേറ്ററുകളിൽ എത്തിക്കാൻ സാധിക്കുന്നതിൽ അഭിമാനമുണ്ടെന്നും ചിത്രം റിലീസ് ചെയ്ത എല്ലായിടത്തു നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും വിഭാ ചോപ്ര കൂട്ടിച്ചേർക്കുന്നു. മുൻപ് പോളണ്ട്, റഷ്യ, യുഎഇ, യുകെ, അമേരിക്ക, സിംഗപ്പൂർ എന്നിവിടങ്ങളിലും ചിത്രം റിലീസ് ചെയ്തിരുന്നു. ശ്രീദേവിയുടെ കരിയറിലെ 300-ാമത്തെ ചിത്രം എന്ന പ്രത്യേകതയും ‘മോം’ സ്വന്തമാക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook