‘ഒറ്റനോട്ടത്തില്‍ കണ്ടാല്‍ ശ്രീദേവിയാണ് എന്നേ തോന്നൂ’, എന്നാണ് ചിത്രം കണ്ടു ബോളിവുഡ് പറയുന്നത്. ശ്രീദേവിയുടെ മകള്‍ ജാന്‍വി നായികയായുന്ന ‘ധടക്’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് രംഗങ്ങള്‍ പുറത്തു വന്നതോടെയാണ് ശ്രീദേവി ഓര്‍മ്മകളിലേക്ക് ബോളിവുഡ് വീണ്ടും മടങ്ങിയത്.

ശ്രീദേവിയുടെ മരണത്തോട് അനുബന്ധിച്ച് നിര്‍ത്തി വച്ചിരുന്ന ചിത്രീകരണം ഇന്നലെ മുംബൈയില്‍ പുനരാരംഭിച്ചു. ഇഷാന്‍ ഖട്ടര്‍ നായകനാകുന്ന ചിത്രം നിര്‍മ്മിക്കുന്നത് കരണ്‍ ജോഹറാണ്. ഇന്നലെ 21 വയസ്സ് തികഞ്ഞ ജാന്‍വിയുടെ സിനിമാ പ്രവേശം ബോളിവുഡ് ഉറ്റു നോക്കുന്ന ഒന്നാണ്.

 

ശ്രീദേവിയുടെ അന്ത്യകര്‍മ്മങ്ങള്‍ ഭര്‍ത്താവ് ബോണി കപൂറും മറ്റു കുടുംബാംഗങ്ങളും ചേര്‍ന്ന് വാരണാസിയില്‍ ഗംഗാ തീരത്ത് നിര്‍വ്വഹിച്ചു. ചിതാഭസ്മം ഗംഗയില്‍ ഒഴുക്കുന്നതോടെ അന്ത്യകര്‍മ്മങ്ങള്‍ അവസാനിച്ചു. ബോണി കപൂറിന്‍റെ സഹോദരന്‍ അനില്‍ കപൂര്‍, ശ്രീദേവിയുടെ അടുത്ത സുഹൃത്തും ഡിസൈനറുമായ മനീഷ് മല്‍ഹോത്ര എന്നിവരും വാരണാസിയില്‍ നടന്ന ചടങ്ങുകളില്‍ പങ്കെടുത്തു.

കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതിനിടെ ബോണി കപൂര്‍ പലപ്പോഴും വിങ്ങിപ്പൊട്ടി. ഫെബ്രുവരി 24നാണ് ദുബായിലെ നക്ഷത്ര ഹോട്ടലിലെ ബാത്ത് ടബ്ബില്‍ നടി ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബവും ആരാധകലോകവും ആ ഷോക്കില്‍ നിന്നും ഇനിയും മുക്തരായിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ