ഇന്ത്യന്‍ സിനിമയുടെ അഭിമാന താരമായ ശ്രീദേവിക്ക് മുന്‍നിര താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചിരുന്നു. ഭാഷാഭേദമില്ലാതെ അഭിനയിച്ച താരത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയപ്പോഴും മികച്ച പിന്തുണയാണ് ലഭിച്ചത്.

ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ വേദനാജനകമായ കാര്യമാണ് കഴിഞ്ഞ ദിവസം സംഭവിച്ചത്.
അപ്രതീക്ഷിതമായ വിയോഗത്തില്‍ നിന്നും സിനിമാലോകം ഇതുവരം മുക്തരായിട്ടില്ല. നീണ്ട ഇടവേളയ്ക്ക് ശേഷം 2013 ല്‍ ഇംഗ്ലീഷ് വിഗ്ലീഷിലൂടെയാണ് ശ്രീദേവി സിനിമയിലേക്ക് തിരിച്ചെത്തിയത്. സിനിമയിലേക്ക് തിരിച്ചെത്തിയതിന് ശേഷം താരം ടെലിവിഷന്‍ പരിപാടികളിലും പ്രത്യക്ഷപ്പെട്ടിരുന്നു.

മൂന്ന് മുടിച്ച് എന്ന സിനിമയിലായിരുന്നു ശ്രീദേവി ആദ്യമായി നായികാവേഷത്തില്‍ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിലെ അഭിനയത്തിലൂടെ താരത്തിന് സംവിധായകനായ കെ ബാലചന്ദ്രര്‍ നല്‍കിയത് 5000 രൂപയായിരുന്നു. രജനീകാന്തിനും കമല്‍ഹസനുമൊപ്പം അഭിനയിക്കാനുള്ള അവസരവും ശ്രീദേവിക്ക് ലഭിച്ചിരുന്നു.
ഇതിന് ശേഷം ശ്രീദേവിയും രജനിയും ഏറെ നല്ല സുഹൃത്തുക്കളാവുകയും ചെയ്തു. റാണ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടന്ന ഒരു സംഭവമാണ് ഇപ്പോള്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചിത്രീകരണത്തിനിടെ ഗുരുതരമായ അസുഖം കാരണം ചികിത്സയിലായിരുന്ന രജനിക്കായി ഉറ്റസുഹൃത്തായ ശ്രീദേവി ചെയ്ത കാര്യമാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. 20ഓളം ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ച ശ്രീദേവി രജനിയുടെ ആരോഗ്യസ്ഥിതിയില്‍ വളരെയധികം വിഷമിച്ചിരുന്നു.

ശൃദ്ധി സായി ബാബയോട് പ്രാര്‍ത്ഥിച്ച ശ്രീദേവി രജനിക്കായി ഒരാഴ്ച്ച നോമ്പ് അനുഷ്ടിച്ചതായും ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പൂനെയിലെ സായി ബാബ ക്ഷേത്രവും അന്ന് ശ്രീദേവി സന്ദര്‍ശിച്ചു. ശ്രീദേവിയുടെ മരണത്തിന് പിന്നാലെ ഈ സംഭവത്തിന്റെ റിപ്പോര്‍ട്ട് രജനി ആരാധകര്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook