പ്രിയ പ്രകാശ് വാര്യരുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ‘ശ്രീദേവി ബംഗ്ലാവ്’ റിലീസിനു മുൻപേ വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ്. ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തതിനുപിന്നാലെയാണ് വിവാദം ഉടലെടുത്തത്. ചിത്രത്തിന്റെ ടീസറിൽ ശ്രീദേവിയുടെ ജീവിതത്തോട് സാമ്യമുള്ള നിരവധിയേറെ ദൃശ്യങ്ങൾ അടങ്ങിയിരുന്നു. ബാത്ത് ടബ്ബിൽ മുങ്ങിമരിച്ച സീനുകൾ വരെ ടീസറിൽ പുനരാവിഷ്കരിക്കപ്പെട്ടിരുന്നു. ഇതോടെയാണ് ചിത്രത്തിനെതിരെ ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂർ വക്കീൽ നോട്ടീസ് അയച്ചത്.
ചിത്രവുമായി ബന്ധപ്പെട്ടുയർന്ന് വിവാദങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് പ്രിയ പ്രകാശ് വാര്യർ. ”ചിത്രത്തിലെ എന്റെ കഥാപാത്രത്തിന്റെ പേരാണ് ശ്രീദേവി. ഇത്തരം വിവാദങ്ങൾ സൃഷ്ടിക്കാൻ ആരും ആഗ്രഹിക്കാറില്ല. ട്രെയിലർ പുറത്തിറങ്ങിയതു മുതൽ പ്രേക്ഷകർ ആകാംക്ഷയിലാണ്. അത് നല്ലതാണ്. ഈ സിനിമ ശ്രീദേവിയെ കുറിച്ചുള്ളതാണോയെന്ന് തീരുമാനിക്കാൻ ഞങ്ങൾ പ്രേക്ഷകർക്ക് വിട്ടുകൊടുക്കുകയാണ്,” പ്രിയ ടൈംസ് ഓപ് ഇന്ത്യയോട് പറഞ്ഞു.
പ്രിയയെപ്പോലെ സിനിമയുടെ സംവിധായകൻ പ്രശാന്ത് മാമ്പള്ളിയും സിനിമ പ്രേക്ഷകർക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. ”സിനിമയെ വിലയിരുത്താൻ പ്രേക്ഷകർക്ക് വിട്ടുകൊടുക്കുകയാണ്. ഇതൊരു ക്രൈം ത്രില്ലറാണ്. ചിത്രത്തിന്റെ കഥയെക്കുറിച്ച് സസ്പെൻസ് നിലനിർത്തേണ്ടതുണ്ട്. അതിനാൽ തന്നെ അതിനെക്കുറിച്ചൊന്നും ഇപ്പോൾ പറയാനാവില്ല. ഞാൻ ശ്രീദേവിയുടെ വലിയൊരു ആരാധകനാണ്. ഞാൻ അവരെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന വ്യക്തിയാണ്,” പ്രശാന്ത് ടൈംസ് ഓപ് ഇന്ത്യയോട് പറഞ്ഞു.
ബോണി കപൂറിൽ നിന്നും വക്കീൽ നോട്ടീസ് ലഭിച്ച വിവരം സംവിധായകൻ പ്രശാന്ത് മാമ്പുള്ളി നേരത്തെ സ്ഥിരീകരിച്ചിരുന്നു. “ബോണി കപൂർ ചിത്രത്തിനെതിരെ വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. ഞങ്ങളതിനെ അഭിമുഖീകരിക്കാൻ തയ്യാറാണ്. എന്റെ ചിത്രം ഒരു സസ്പെൻസ് ത്രില്ലറാണ്. ശ്രീദേവി എന്നത് ഒരു കോമൺ നെയിം ആണെന്നും നായികയാവുന്ന ഒരു കഥാപാത്രമാണ് എന്റേതെന്നും ഞാൻ ബോണി കപൂറിനോട് പറഞ്ഞിട്ടുണ്ട്. എന്തായാലും പ്രശ്നത്തെ നിയമപരമായി തന്നെ നേരിടാനാണ് തീരുമാനം,” ‘സിനി സ്റ്റാനി’നു നൽകിയ അഭിമുഖത്തിൽ പ്രശാന്ത് മാമ്പുള്ളി പറഞ്ഞു.
അതേസമയം, സിനിമയുടെ ടീസർ പുറത്തു വന്നപ്പോൾ മുതൽ തന്നെ സമൂഹമാധ്യമങ്ങളിൽ ചിത്രത്തിനെതിരെ അനുകൂലവും പ്രതികൂലവുമായ നിരവധിയേറെ പ്രതികരണങ്ങളാണ് ഉയർന്നു കൊണ്ടിരിക്കുന്നത്. ഒരു ഇതിഹാസതാരത്തിന്റെ ജീവിതത്തിന്റെ ഏറ്റവും ദുരന്തപരമായ അനുകരണം എന്ന രീതിയിലൊക്കെയുള്ള നെഗറ്റീവ് കമന്റുകളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നതിലേറെയും. ലൈക്കുകളേക്കാൾ ഡിസ്‌ലൈക്കുകൾ ആണ് ടീസറിനു ലഭിച്ചു കൊണ്ടിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഇപ്പോഴും ലണ്ടനിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.