എഴുപത്തിയൊന്നാമത് കാന്‍ ചലച്ചിത്ര മേളയില്‍ അന്തരിച്ച നടി ശ്രീദേവിക്ക് ആദരം. ടൈറ്റാന്‍ റെഡിനാള്‍ഡ് ലൂയിസ് ഫിലിം ഐക്കണ്‍ പുരസ്‌കാരം നല്‍കിയാണ് മേള ‘ശ്രീയെ’ മേള ആദരിച്ചത്. സംവിധായകന്‍ സുഭാഷ് ഗായിയും നിര്‍മ്മാതാവ് നമ്രത ഗോയലും ചേര്‍ന്ന് ശ്രീദേവിക്കു വേണ്ടി പുരസ്‌കാരം ഏറ്റുവാങ്ങി.

ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മ്മാതാവുമായ ബോണി കപൂര്‍, മക്കള്‍ ജാന്‍വി കപൂര്‍, ഖുഷി കപൂര്‍ എന്നിവര്‍ പുരസ്‌കാരം സ്വീകരിക്കാനായി കാനില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ മറ്റു ചില തടസങ്ങളാല്‍ ഇവര്‍ക്ക് എത്തിച്ചേരാനായില്ല. എന്നാല്‍ ജാന്‍വിയും ഖുഷിയും താനും ഏറെ അഭിമാനത്തോടെയാണ് ഈ പുരസ്‌കാരം സ്വീകരിക്കുന്നതെന്ന് ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍ പിന്നീട് പത്രക്കുറിപ്പില്‍ പറഞ്ഞു.

ശ്രീദേവിക്ക് വേണ്ടി പുരസ്‌കാരം ഏറ്റുവാങ്ങാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് സുഭാഷ് ഗായി പറഞ്ഞു. നേരത്തേ ഓസ്‌കാര്‍ വേദിയിലും ശ്രീദേവിക്ക് ആദരം അര്‍പ്പിച്ചിരുന്നു.

ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരവും ശ്രീദേവിക്കായിരുന്നു. മോം എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു പുരസ്‌കാരം. മരണാനന്തരം ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടുന്ന ആദ്യ കലാകാരിയാണ് ശ്രീദേവി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ