ശ്രീദേവിയുടെ മരണത്തെ ഇപ്പോഴും ഉള്‍ക്കൊള്ളാനായിട്ടില്ലെന്ന് ഭര്‍തൃസഹോദരന്‍ സഞ്ജയ് കപൂര്‍. കുടുംബത്തിന് വലിയ ആഘാതമാണ് മരണം സൃഷ്ടിച്ചതെന്നും ശ്രീദേവിക്ക് മുമ്പൊരിക്കലും ഹൃദയസംബന്ധിതമായ രോഗങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭര്‍ത്താവ് ബോണി കപൂറിന്റെ മരുമകന്‍ മോഹിത് മര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ദുബായിലെത്തിയ ശ്രീദേവി താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. മരണസമയത്ത് ഭര്‍ത്താവ് ബോണി കപൂർ സമീപത്തുണ്ടായിരുന്നു.

അല്‍ ഖുസൈസ് ആശുപത്രിയില്‍ ശ്രീദേവിയുടെ മൃതദേഹം ഇന്നലെ പോസ്റ്റുമോര്‍ട്ടം ചെയ്തിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാനമടക്കമുളള എല്ലാ കാര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

മോഹിത് മര്‍വയുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ശ്രീദേവിയും കുടുംബവും ഒരാഴ്ചയായി ദുബായില്‍ ഉണ്ടായിരുന്നു. കുടുംബാംഗങ്ങള്‍ മടങ്ങിയിട്ടും ശ്രീദേവി ദുബായില്‍ തന്നെ താമസിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിവാഹത്തിനു ശേഷം മുംബൈയിലേക്ക് തിരിച്ച ബോണി കപൂര്‍, ശ്രീദേവിക്ക് സര്‍പ്രൈസ് നല്‍കാന്‍ വീണ്ടും തിരിച്ച് ദുബായില്‍ എത്തിയിരുന്നു.

1963ല്‍ തമിഴ്നാട്ടിലെ ശിവകാശിയില്‍ ജനിച്ച ശ്രീദേവി നാല് വയസ്സില്‍ ‘തുണൈവന്‍’ എന്ന ചിത്രത്തില്‍ ബാല താരമായി സിനിമയില്‍ എത്തി. മലയാളത്തില്‍ ‘പൂമ്പാറ്റ’ എന്ന ചിത്രത്തില്‍ മികച്ച ബാലനടിയ്ക്കുള്ള അവാര്‍ഡ്‌ കരസ്ഥമാക്കി. 1975ല്‍ ബോളിവുഡില്‍ രംഗപ്രവേശം, ‘ജൂലി’ എന്ന ചിത്രത്തിലൂടെ.

തമിഴില്‍ കെ.ബാലചന്ദര്‍ സംവിധാനം ചെയ്ത ‘മൂട്രു മുടിച്ച്‌’ ആണ് നായികയായി അഭിനയിച്ച ആദ്യ ചിത്രം. മലയാളത്തില്‍ ‘ദേവരാഗം’, ‘നാല് മണിപ്പൂക്കള്‍’, ‘സത്യവാന്‍ സാവിത്രി’, അംഗീകാരം എന്നിവയുള്‍പ്പടെ 25 ചിത്രങ്ങളില്‍ വേഷമിട്ടു. ഏറ്റവും തിളങ്ങിയത് ഹിന്ദിയില്‍. ബോളിവുഡിന്‍റെ ആദ്യ വനിതാ സൂപ്പര്‍ സ്റ്റാര്‍ ആയി വളര്‍ന്നു. വിവാഹാനന്തരമുള്ള തിരിച്ചു വരവിലെ ചിത്രം ‘ഇംഗ്ലീഷ് വിംഗ്ലീഷ്’, ‘ഖുദാ ഗവാ’, ‘ലംഹെ’, ‘ചാല്‍ബാസ്’, ‘ചാന്ദ്നി’ എന്നിവയാണ് പ്രധാന ചിത്രങ്ങളില്‍ ചിലത്. 2017ല്‍ പുറത്തിറങ്ങിയ ‘മോം’ ആണ് അവസാന ചിത്രം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ