ഫെബ്രുവരി 24നു അന്തരിച്ച ചലച്ചിത്ര താരം ശ്രീദേവിയ്ക്ക് ‘സ്റ്റേറ്റ് ഫ്യൂണറല്‍’ (സംസ്ഥാന ബഹുമതികളോടെ യാത്രയയ്പ്പു) നല്‍കിയത് എന്നത് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്‍റെ നിര്‍ദ്ദേശപ്രകാരമായിരുന്നു എന്ന് പ്രോട്ടോകോള്‍ ഡിപാര്‍ട്ട്‌മെന്‍റ്. വിവരാവകാശ നിയമപ്രകാരം ഉന്നയിക്കപ്പെട്ട ചോദ്യത്തിന് (ആര്‍ ടി എ) മറുപടിയായാണ്‌ ഇങ്ങനെ പറഞ്ഞത്.

ദേവേന്ദ്ര ഫട്നാവിസിന്‍റെ കീഴിലുള്ള ജനറല്‍ അഡ്മിന്‍സ്ട്രേഷന്‍ വകുപ്പിന് കീഴിലുള്ള പ്രോട്ടോകോള്‍ ഡിപാര്‍ട്ട്‌മെന്റിനോട് ആര്‍ ടി എ ആക്ടിവിസ്റ്റ് അനില്‍ ഗള്‍ഗാലിയാണ് “ആര്‍ക്കാണ് ഒരു ‘സ്റ്റേറ്റ് ഫ്യൂണറല്‍’ ‘authorise’ ചെയാനുള്ള അധികാരമുള്ളത്?” എന്ന് ശ്രീദേവിയുടേയും അതിനു മുന്‍പ് ‘സ്റ്റേറ്റ് ഫ്യൂണറല്‍’ ലഭിച്ചിട്ടുള്ളവരുടേയും ഉദാഹരണം ചൂണ്ടി കാണിച്ചു ചോദ്യമുന്നയിച്ചത്.

 

ഇതിനു മറുപടിയായി പ്രോട്ടോകോള്‍ ഡിപാര്‍ട്ട്‌മെന്‍റ് ഇങ്ങനെ പറഞ്ഞു, “ഏതു വ്യക്തിയ്ക്ക് ‘സ്റ്റേറ്റ് ഫ്യൂണറല്‍’ നല്‍കണമെന്നത് മുഖ്യമന്ത്രിയുടെ അധികാരപരിധിയില്‍പെട്ട തീരുമാനമാണ്. മരിച്ചവര്‍ക്ക് പദ്മ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ടോ എന്നതും മറ്റും ഈ തീരുമാനത്തിനെ ഒരു തരത്തിലും ബാധിക്കുന്നില്ല.

ശ്രീയമ്മ യാങ്കര്‍ അയ്യപ്പന്‍ എന്ന ശ്രീദേവിയുടെ സംസ്കാരം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാവണം എന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഫെബ്രുവരി 25, 2018 ന് വാക്കാല്‍ ലഭിച്ച നിര്‍ദ്ദേശം മുംബൈ സബര്‍ബന്‍ ജില്ലാ കളക്ടര്‍, മുംബൈ പോലീസ് കമ്മീഷണര്‍ എന്നിവരെ അറിയിച്ച് വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ ആവശ്യപ്പെടുകയായിരുന്നു.”

 

ശ്രീദേവിക്ക് മരണാനന്തരം രാജ്യം നല്‍കിയ ആദരത്തെ ചോദ്യം ചെയ്ത്  എത്തിയവരില്‍ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനാ തലവന്‍ രാജ് താക്കറെയുമുണ്ടായിരുന്നു. മുംബൈയില്‍ നടന്ന റാലിയ്ക്കു ശേഷം ശിവാജി പാര്‍ക്കില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു രാജ് താക്കറെയുടെ വിമര്‍ശനം.

”ശ്രീദേവി വലിയ നടി ആയിരുന്നു. എന്നാല്‍ മരണാനന്തരം മൃതശരീരം ത്രിവര്‍ണ പതാകയില്‍ പൊതിയാന്‍ മാത്രം എന്തു സേവനമാണ് അവര്‍ രാജ്യത്തിനു നല്‍കിയിട്ടുള്ളത്? മാധ്യമങ്ങള്‍ അത് വലിയ കാര്യത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടാകും. എന്നാല്‍ നീരവ് മോദി വിഷയത്തില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടുക എന്നതായിരുന്നു ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വച്ചത്,” മാധ്യമങ്ങള്‍ ബിജെപി സര്‍ക്കാരിന്‍റെ സമ്മര്‍ദ്ദത്തിനു കീഴെ ആയിരുന്നുവെന്നും താക്കറെ വിമര്‍ശിച്ചു.

നീരവ് മോദി വിഷയം രാജ്യം ചര്‍ച്ച ചെയ്യുന്നതിനിടെയായിരുന്നു ശ്രീദേവിയുടെ അപ്രതീക്ഷിത മരണം. ശ്രീദേവിയുടെ ഭൗതിക ശരീരം ത്രിവര്‍ണ പതാകയില്‍ പൊതിഞ്ഞ് വിലാപയാത്രയും നടത്തി. പദ്മശ്രീ കിട്ടിയ നടി ആയതുകൊണ്ടാണ് അവരെ ഇത്തരത്തില്‍ ആദരിച്ചതെന്ന് നിങ്ങള്‍ക്ക് ന്യായീകരിക്കാം. പക്ഷേ അത് മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നു സംഭവിച്ച വീഴ്ചയായിരുന്നുവെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി 24 ന് ദുബായില്‍വച്ചാണ് ശ്രീദേവി മരിച്ചത്. ബന്ധുവായ മോഹിത് മര്‍വയുടെ  വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു ശ്രീദേവി. ബാത്ത് ടബ്ബിലെ വെള്ളത്തില്‍ മുങ്ങിയിട്ടായിരുന്നു മരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ