വെളളിത്തിരയിൽ 50 വർഷം നിറഞ്ഞുനിന്ന അഭിനയപ്രതിഭയായിരുന്നു ശ്രീദേവി. പെട്ടെന്നൊരു ദിവസം ഈ ലോകത്തിൽനിന്നും ശ്രീദേവി മറഞ്ഞുവെന്ന് ആർക്കും വിശ്വസിക്കാനായിട്ടില്ല. ശ്രീദേവിയുടെ മരണവാർത്ത സിനിമാ പ്രവർത്തകരെയും ആരാധകരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു. ഇപ്പോഴും അവർക്ക് അതിൽനിന്നും പുറത്തുവരാനായിട്ടില്ല. 54 വയസ്സായിരുന്നു ശ്രീദേവിക്ക്.

ശ്രീദേവി മരിക്കുന്നത് എങ്ങനെ?

300 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുളള ശ്രീദേവി ഫെബ്രുവരി 24, ശനിയാഴ്ച ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽവച്ചാണ് മരിച്ചത്.

മരണസമയത്ത് ശ്രീദേവി എവിടെയായിരുന്നു?

ഭർത്താവ് ബോണി കപൂറിനും ഇളയ മകൾ ഖുഷി കപൂറിനുമൊപ്പം ദുബായിലായിരുന്നു ശ്രീദേവി. ബോണി കപൂറിന്റെ സഹോദരി റീനയുടെ മകനും ബോളിവുഡ് താരവുമായ മോഹിത് മർവയുടെ വിവാഹഘോഷത്തിനാണു ശ്രീദേവി യുഎഇയിലെത്തിയത്.

Read More: എത്ര വിളിച്ചിട്ടും കതകു തുറന്നില്ല, ഒടുവില്‍… ശ്രീദേവിയുടെ അവസാന നിമിഷങ്ങള്‍

ശ്രീദേവിയുടെ മരണവാർത്ത് സ്ഥിരീകരിച്ചത് ആര്?

ബോണി കപൂറിന്റെ സഹോദരൻ സഞ്ജയ് കപൂറാണ് ഇന്ത്യൻ എക്സ്പ്രസ്സിനോട് ശ്രീദേവിയുടെ മരണവാർത്ത സ്ഥിരീകരിച്ചത്. ”അതെ, സത്യമാണ്, ശ്രീദേവി മരിച്ചു. ഞാനിപ്പോൾ ദുബായിൽനിന്നും മുംബൈയിൽ എത്തിയതേയുളളൂ. ദുബായിലേക്ക് തിരിച്ചുപോവുകയാണ്. രാത്രി 11.00-11.30 ഓടെയാണ് മരണം. കൂടുതൽ വിവരങ്ങൾ എനിക്ക് അറിയില്ല”, സഞ്ജയ് പറഞ്ഞു.

ശ്രീദേവിക്ക് സംഭവിച്ചത് എന്താണ്?

റിപ്പോർട്ടുകൾ പ്രകാരം ജുമൈറ എമിറേറ്റ്സ് ടവർ ഹോട്ടലിലാണ് ശ്രീദേവി താമസിച്ചിരുന്നത്. ശനിയാഴ്ച രാത്രിയിൽ ഹൃദയാഘാതം ഉണ്ടാവുകയും ബാത്റൂമിൽ ബോധരഹിതയായി വീഴുകയുമായിരുന്നു. ഉടൻ തന്നെ റാഷിദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അതിനു ശേഷം മൃതദേഹം ഫോറൻസിക് പരിശോധനകൾക്കായി വിട്ടുനൽകി.

ശ്രീദേവിക്ക് ഹൃദ്വോഗമുണ്ടായിരുന്നോ?

ശ്രീദേവിക്ക് ഹൃയസംബന്ധമായ അസുഖങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് ബോണി കപൂറിന്റെ സഹോദരൻ സഞ്ജയ് കപൂർ പറഞ്ഞത്.

ശ്രീദേവിയുടെ മൃതദേഹം ഇന്ത്യയിൽ എപ്പോൾ എത്തും?

അൽ ഖുസൈസ് ആശുപത്രിയിൽ ശ്രീദേവിയുടെ മൃതദേഹം ഇന്നലെ പോസ്റ്റുമോർട്ടം ചെയ്തുവെന്നാണ് ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ വ്യക്തമാക്കിയത്. ചാർട്ടേർഡ് വിമാനത്തിൽ ഇന്ന് ശ്രീദേവിയുടെ മൃതദേഹം മുംബൈയിൽ എത്തിക്കും.

Read More: ശ്രീദേവിയെക്കുറിച്ച് അറിയേണ്ട 10 കാര്യങ്ങൾ

ശവസംസ്കാര ചടങ്ങുകൾ എവിടെ?

ശവസംസ്കാരം എവിടെയായിരിക്കുമെന്നോ മൃതദേഹം പൊതുദർശനത്തിന് വയ്ക്കുന്നത് എവിടെയായിരിക്കുമെന്നോ എന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ലെന്നാണ് കപൂർ കുടുംബം മാധ്യമപ്രവർത്തകരോട് വിശദീകരിച്ചത്. ശ്രീദേവിയുടെ മൃതദേഹം മുംബൈയിൽ എത്തിച്ചശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനം എടുക്കുക.

മുംബൈയിൽ എത്തിയത് ആരൊക്കെ?

അർജുൻ കപൂർ, രേഖ, റാണി മുഖർജി, കരൺ ജോഹർ, മനീഷ് മൽഹോത്ര, ഇഷാൻ ഖട്ടർ, ശിൽപ ഷെട്ടി, നിഖിൽ ദിവേദി, അനുപം ഖേർ തുടങ്ങിയർ മുംബൈയിലെ അനിൽ കപൂറിന്റെ വീട്ടിൽ എത്തിയിരുന്നു. അവിടെയാണ് ശ്രീദേവിയുടെ മക്കളായ ജാൻവിയും ഖുഷിയും ഇപ്പോൾ ഉളളത്.

ദുബായിൽ ഇനി ബാക്കിയുളള നടപടിക്രമങ്ങൾ എന്തൊക്കെ?

ഫോറൻസിക് റിപ്പോർട്ട് ലഭിച്ച ഉടൻ മൃതദേഹം എംബാമിങ് ചെയ്യാനായി കൊണ്ടുപോകും. ഈ നടപടികൾ പൂർത്തിയാകാൻ ഒന്നര മണിക്കൂറോളം എടുക്കുമെന്നാണ് ഇപ്പോൾ കണക്കാക്കുന്നത്. പൊലീസ് മരണ സർട്ടിഫിക്കറ്റ് നൽകുന്നതുൾപ്പെടെയുളള നടപടികൾ പൂർത്തിയാക്കണം. തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകാൻ പബ്ലിക് പ്രോസിക്യൂട്ടർ അനുവദിക്കണം. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ശ്രീദേവിയുടെ പാസ്‌പോർട്ട് കാൻസൽ ചെയ്യുന്നതോടെ സ്വകാര്യ വിമാനത്തിൽ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ