scorecardresearch
Latest News

ഇന്ത്യന്‍ സിനിമയ്ക്ക് ആരായിരുന്നു ശ്രീദേവി?: ഓര്‍മ്മകുറിപ്പുകളിലൂടെ ഒരിക്കല്‍ കൂടി

ഇന്ത്യയില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ രാജ്യാന്തരമായും ഉയര്‍ന്ന, അമിതാഭ് ബച്ചന്‍റെയും ഖാന്മാരുടെയും കപൂർമാരുടെയും തട്ടകങ്ങളില്‍ കൊടങ്കാറ്റു ഉയര്‍ത്തിയ നടി. ഒരു നടിയുടെ പേരില്‍ ഒരു സിനിമ വിജയിക്കുക എന്നത് അസാധ്യമായ കാര്യമാണ്, പ്രത്യേകിച്ച് ബോളിവുഡില്‍. പക്ഷെ അത് ശ്രീദേവിയാണെങ്കില്‍, കാര്യം വേറെ

ഇന്ത്യന്‍ സിനിമയ്ക്ക് ആരായിരുന്നു ശ്രീദേവി?: ഓര്‍മ്മകുറിപ്പുകളിലൂടെ ഒരിക്കല്‍ കൂടി

ഇന്ത്യ കണ്ട മികച്ച അഭിനേത്രികളില്‍ ഒരാളായ ശ്രീദേവി മണ്‍മറഞ്ഞിട്ടു ഇന്ന് മൂന്നു വര്‍ഷം. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു അവരുടെ വിയോഗം. വിവാഹാനന്തരം സിനിമകളില്‍ നിന്നും വിട്ടു നിന്ന ശ്രീദേവി അഭിനയത്തിലേക്ക് മടങ്ങി വരുന്ന സമയത്തായിരുന്നു അവര്‍ ജീവിതത്തില്‍ നിന്ന് തന്നെ വഴുതിപ്പോയത്. ആ ആഘാതത്തില്‍ നിന്നും സിനിമാരംഗം ഇത് വരെ കരകയറിയിട്ടില്ല. ശ്രീദേവിയുടെ അഭാവം ഒരു വലിയ ‘വോയിഡ്’ ആയി തന്നെ തുടരുന്നു.

ഇന്ത്യന്‍ സിനിമയ്ക്ക് ആരായിരുന്നു ശ്രീദേവി, ആരാധകര്‍ക്കും ? അവരുടെ മരണസമയത്തും അതിനെ തുടര്‍ന്നും പ്രസിദ്ധീകരിച്ച കുറിപ്പുകള്‍ അന്വേഷിച്ചത് അതാണ്‌. ശ്രീദേവിയുടെ ഓര്‍മ്മദിനത്തില്‍ ആ കുറിപ്പുകളിലൂടെ ഒന്ന് കണ്ണോടിക്കാം.

നടികള്‍ ഈയ്യാംപാറ്റകളെപ്പോലെ എരിഞ്ഞൊടുങ്ങുന്ന നാട്ടിലെ എഴുതിരിവെളിച്ചം

“നാലാം വയസ്സില്‍ ‘കുമാരസംഭവ’ത്തില്‍ മുരുകനായി വേഷമിട്ട ശ്രീദേവിയുടെ ജീവിത കഥ  54 ആം വയസ്സില്‍ അവസാനിക്കുന്നുമ്പോള്‍ അരനൂറ്റാണ്ട് നിറഞ്ഞു നിന്ന ആ അഭിനയമികവ് ലോകമൊട്ടാകെ പല തലമുറകളിലായി കോടിക്കണക്കിനു ആരാധകരെയാണ് സൃഷ്ടിച്ചത്. എഴുപതുകളിലും എൺപതുകളിലും ഇന്ത്യന്‍ സിനിമയിലെ സുപ്പര്‍ സ്റ്റാര്‍ ആയിരുന്നു അവര്‍. സൗന്ദര്യവും നൃത്തവും അഭിനയവും ഒന്ന് ചേര്‍ന്ന പ്രതിഭ.

ഇന്ത്യയില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ രാജ്യാന്തരമായും ഉയര്‍ന്ന, അമിതാഭ് ബച്ചന്‍റെയും ഖാന്മാരുടെയും കപൂർമാരുടെയും തട്ടകങ്ങളില്‍ കൊടങ്കാറ്റു ഉയര്‍ത്തിയ നടി. ഒരു നടിയുടെ പേരില്‍ ഒരു സിനിമ വിജയിക്കുക എന്നത് അസാധ്യമായ കാര്യമാണ്, പ്രത്യേകിച്ച് ബോളിവുഡില്‍. പക്ഷെ അത് ശ്രീദേവിയാണെങ്കില്‍, കാര്യം വേറെ. വിജയത്തിന്‍റെ മൂന്നക്ഷരം എന്നും  കൂട്ടു വന്ന നടിയാണ് അഭിനയത്തില്‍ 50 വര്‍ഷം തികച്ച ശ്രീദേവി. പകിട്ട് കുറഞ്ഞു എന്ന് തോന്നിയ നിമിഷത്തില്‍ സ്വയം പിന്‍വലിഞ്ഞ വ്യക്തി.

കോളിളക്കം സൃഷ്ടിച്ച എത്രയോ നടിമാര്‍ ഇന്ത്യന്‍ സിനിമയില്‍ തന്നെയുണ്ട്. സൗന്ദര്യത്തിന്‍റെയും നൃത്തത്തിന്‍റെയും ബലത്തില്‍ സിനിമയെ കാൽപ്പന്തുപോലെ തട്ടിക്കളിച്ചവര്‍. അവരില്‍പ്പലരും തെന്നിന്ത്യയില്‍ നിന്നുള്ളവരായിരുന്നു. പദ്മിനി, വൈജയന്തിമാല, രേഖ, ഐശ്വര്യ, ഹേമമാലിനി, ദീപിക തുടങ്ങിയ വലിയ ഒരു നിര തന്നെയുണ്ട്‌. എന്നാല്‍ ശ്രീദേവി അവരില്‍ നിന്നെല്ലാം വളരെ വ്യത്യസ്തയായി നിലകൊള്ളുന്നു.” പി എസ് ജോസഫ്‌ എഴുതി.

ലേഖനം മുഴുവനായി വായിക്കാം, The Shining Stardom of Sridevi: നടികള്‍ ഈയ്യാംപാറ്റകളെപ്പോലെ എരിഞ്ഞൊടുങ്ങുന്ന നാട്ടിലെ എഴുതിരിവെളിച്ചം

sridevi, sridevi death, sridevi age, sridevi death date, sridevi photo, sridevi movie, sridevi ke gana, sridevi song, sridevi film, sridevi death photos, sridevi movie list, sridevi film songs, ശ്രീദേവി

മെറില്‍ സ്ട്രീപ്പിനെ ഇഷ്ടപ്പെട്ടിരുന്ന ശ്രീദേവി

“68 വയസ്സായ ഹോളിവുഡ് നടി മെറില്‍ സ്ട്രീപ് ഇന്ന് ജീവിച്ചിരിക്കുന്ന അഭിനേതാക്കളില്‍ അഗ്രഗണ്യയാണ്.  വെല്ലുവിളി നിറഞ്ഞ, വ്യതസ്തമായ വേഷങ്ങള്‍ സ്വാഭാവികമായി അഭിനയിച്ചനശ്വരമാക്കിയ നടി.  1978ല്‍ ആരംഭിച്ച സിനിമാ ജീവിതത്തിന്‍റെ (അതിനു മുന്‍പ് സ്റ്റേജിലും  ടെലിവിഷനിലും സജീവമായിരുന്നു), തുടക്കത്തില്‍ തന്നെ ‘ദി ഡീര്‍ ഹന്‍ടര്‍’ എന്ന ചിത്രം അവര്‍ക്ക് ഓസ്കാര്‍ നോമിനേഷന്‍ നേടിക്കൊടുത്തു. അതും  ഈ വര്‍ഷത്തെ സ്പീല്‍ബെര്‍ഗ് ചിത്രം ‘ദി പോസ്റ്റും’ ചേര്‍ത്ത്  21 ഓസ്കാര്‍ നോമിനേഷനുകളും, 3 ഓസ്കാര്‍ പുരസ്ക്കാരങ്ങളും ഉള്‍പ്പെടുന്ന അവരുടെ ‘Body of Work’ ഏതൊരു അഭിനേതാവിനേയും മോഹിപ്പിക്കുന്ന ഒന്നാണ്.

ഹോളിവുഡിന്‍റെ ആണ്‍കോയ്മയെ അവര്‍ തന്‍റെ പ്രതിഭയുടേയും കഠിനാദ്ധ്വാനത്തിന്‍റെയും മുന കൊണ്ടൊടിച്ചു. അഭിനയത്തില്‍ നില നിന്നിരുന്ന പ്രായ-രൂപ വ്യവസ്ഥകളെ പൊളിച്ചെഴുതി.  പ്രായത്തിനൊപ്പം മാര്‍ക്കറ്റ്‌ വാല്യൂ ഉയരുന്ന ആദ്യ നടിയായി. പിന്നിട്ട വര്‍ഷങ്ങള്‍ പകര്‍ന്ന പാഠങ്ങള്‍ അഭിനയത്തിന് മുതല്‍ കൂട്ടാക്കി, നരയേയും ചുളിവുകളെയും തന്‍റെ ഏറ്റവും വിലപിടിപ്പുള്ള ആഭരണങ്ങളായി അണിഞ്ഞ് ഭാവപ്രകടനത്തിന്‍റെ പുരസ്ക്കാര വേദികള്‍ മെറില്‍ സ്ട്രീപ് കീഴടക്കി.

ശ്രീദേവിയെപ്പോലെ ഒരാള്‍ക്ക്‌ എന്ത് കൊണ്ടും മാതൃകയാക്കാവുന്ന ഒരു കരിയര്‍.    എന്നാല്‍ അങ്ങനെയൊരു സാധ്യത അന്‍പത് കഴിഞ്ഞ ഒരിന്ത്യന്‍ നടി, ബോളിവുഡ് പോലെ ഒരു ‘mass driven industry’യില്‍ സ്വപ്നം കാണുന്നതില്‍ കാര്യമുണ്ടായിരുന്നോ?

ഉണ്ടായിരുന്നു എന്ന് വേണം കരുതാന്‍.  കാരണം ശ്രീദേവിയുടെ ജീവിതത്തിന്‍റെ ഇന്‍റെര്‍വല്‍ പോയന്റില്‍ കണ്ട ബൊളിവുഡ് ആയിരുന്നില്ല അവര്‍ തിരിച്ചു വന്നപ്പോള്‍.  ‘Larger than life’ല്‍ നിന്നും ‘Closer to Life’ലേക്കും ‘Flamboyance’സില്‍ നിന്നും ‘Restraint’ ലേക്കും ഹിന്ദി സിനിമ ചുവടു മാറ്റി തുടങ്ങിയ കാലം. സ്വന്തം നിര്‍മ്മാണക്കമ്പനികളിലേക്കും ‘വര്‍ഷത്തില്‍ ഒരു സിനിമ’ എന്ന നയത്തിലേക്കുമുള്ള ഖാന്‍ ത്രയത്തിന്‍റെ മടക്കം, വേറിട്ടതും പുതിയതുമായ കഥന രീതികള്‍, സ്ത്രീകള്‍ കേന്ദ്ര കഥാപാത്രങ്ങളായ സിനിമകളുടെ  (കങ്കണ രനൌത്തിന്‍റെ ‘ക്വീന്‍’, വിദ്യാ ബാലന്‍റെ ‘കഹാനി’, ദീപിക പദുകോണിന്‍റെ ‘പികൂ’) ബോക്സ് ഓഫീസ് വിജയങ്ങള്‍, ഇവയെല്ലാം കൂടി ചേര്‍ന്ന് ‘versatality’യ്ക്ക് ഏറ്റവും വളക്കൂറുള്ള മണ്ണായി ഹിന്ദി സിനിമ സ്വയം പരിണമിച്ച സമയത്താണ് ശ്രീദേവി തിരിച്ചു വരുന്നത്.

രണ്ടാം വരവിലെ ആദ്യ ചിത്രം ‘ഇംഗ്ലീഷ് വിംഗ്ലീഷ്’ന്  ശേഷം ശ്രീദേവിയെ മാത്രം മനസ്സില്‍ കണ്ടു എഴുതപ്പെടുന്ന ധാരാളം സിനിമകളുണ്ട് എന്ന് ഹിന്ദി സിനിമയില്‍ ജോലി ചെയ്യുന്ന സുഹൃത്തുക്കള്‍ പറഞ്ഞ് കേട്ടിട്ടുണ്ട്.  രണ്ടാം വരവിലെ രണ്ടാം ഹിന്ദി ചിത്രമായ ‘മോം’ അങ്ങനെ, അവര്‍ക്ക് വേണ്ടി മാത്രമായി വന്ന ഒരു ‘റിവെന്‍ജ് ഡ്രാമ’യാണ്.

അവര്‍ക്കായി കഥകള്‍ എഴുതപ്പെടുന്നു എന്നത് മാത്രമായിരുന്നില്ല ശ്രീദേവിയുടെ മുന്നിലുള്ള സാധ്യതകള്‍.  മാധുരി ദീക്ഷിത്, ജൂഹി ചാവ്ല, കാജല്‍, തുടങ്ങി രണ്ടാം വരവിന് ശ്രമിച്ച എല്ലാ മുന്‍കാല നടിമാരും ഓരോരുത്തരായി പരാജപ്പെട്ട സാഹചര്യത്തില്‍ ഒരു സിനിമയെ സ്വയം ചുമലിലേറ്റാന്‍ കെല്‍പ്പുള്ള, ശക്തമായ സ്ത്രീ സാന്നിദ്ധ്യങ്ങളുടെ ‘void’ ബോളിവുഡില്‍ അനുഭവപ്പെട്ട് തുടങ്ങിയിരുന്നു.  ആ ഇടത്തേക്കാണ് ഇവരെ എല്ലാവരേക്കാളും പ്രായം കൊണ്ടും പ്രതിഭ കൊണ്ടും മൂപ്പുള്ള ശ്രീദേവി എത്തുന്നത്‌ – ‘Femme Fatale’ലില്‍ നിന്നും ‘Reigning Matriarch’ ആവാന്‍.

എല്ലാറ്റിനുമപ്പുറത്ത് സ്ക്രീനില്‍ നിന്നും വളരെക്കാലം  വിട്ടു നിന്നിട്ടും ശ്രീദേവി എന്ന നടിയെ മറക്കാന്‍ കൂട്ടാക്കാത്ത, അവരെ ഇനിയുമിനിയും കാണാന്‍ ആഗ്രഹിച്ച ഒരു തലമുറ പ്രേക്ഷകരിലും സിനിമയുടെ പിന്നാമ്പുറങ്ങളിലും ഉണ്ടായിരുന്നു.  തിരിച്ചു വന്ന ശ്രീദേവിയെ ഇനി ഒരിക്കലും വിട്ടു പോകാനാവാത്ത വണ്ണം ബോളിവുഡ് അണച്ചു പിടിച്ചിരുന്നു,” ശ്രീദേവിയെക്കുറിച്ചുള്ള കുറിപ്പില്‍ സംഗീതാ പദ്മനാഭന്‍ ഇങ്ങനെ പറയുന്നു.

ലേഖനം മുഴുവനായി വായിക്കാം, In Memorium, Sridevi: മഞ്ജു വാര്യര്‍, മെറില്‍ സ്ട്രീപ്, ശ്രീദേവി: ഒരു രാത്രി ബാക്കി വച്ച സ്വപ്നം

sridevi, sridevi death, sridevi age, sridevi death date, sridevi photo, sridevi movie, sridevi ke gana, sridevi song, sridevi film, sridevi death photos, sridevi movie list, sridevi film songs, ശ്രീദേവി
ജയലളിതയ്ക്കൊപ്പം ബാലതാരമായി ശ്രീദേവി

പ്രിയ ബോളിവുഡ്, ശ്രീദേവിയെ സ്വന്തമാക്കാന്‍ വരട്ടെ, അവര്‍ ഞങ്ങളുടേയും കൂടിയാണ്

“ബോളിവുഡിൽ ചരിത്രമെഴുതിന് മുമ്പ് തന്നെ ശ്രീദേവി തമിഴിൽ​ തന്‍റെ അഭിനയസിദ്ധി തെളിയിച്ചിരുന്നു. പ്രതിഭാശാലിയായ സംവിധായകന്‍ കെ. ബാലചന്ദറാണ് ശ്രീദേവിയെ ബാലതാരമെന്ന നിലയിൽ തമിഴ് സിനിമയിലേയ്ക്ക് കൊണ്ടു വരികയും ആ സാധ്യതകളിലേയ്ക്ക് വഴി തുറക്കുകയും ചെയ്തത്. 1976 ൽ പതിമൂന്നാം വയസ്സിൽ ‘മൂൺട്രു മുടിച്ച്’ എന്ന ചിത്രത്തിലാണ് അദ്ദേഹം ശ്രീദേവിയെ അഭിനയിപ്പിക്കുന്നത്. അദ്ദേഹത്തിന്‍റെ പ്രഥമശിഷ്യന്മാരായ കമൽഹാസനും രജനീകാന്തിനും ഒപ്പം. അക്കാലത്തെ രജനി- ശ്രീ- ഹാസൻ ത്രികോണ പ്രണയ ചിത്രങ്ങളിൽ രജനീകാന്തിന്‍റെ റോൾ ദുഷ്ട കഥാപാത്രത്തിന്‍റെതായിരുന്നു. കമൽഹാസൻ നല്ലവനും മൂല്യങ്ങളിൽ വിശ്വസിക്കുന്നവനുമായ ചെറുപ്പക്കാരന്‍റെതും.

‘മൂൺട്രു മുടിച്ചി’ല്‍ ശ്രീദേവി രജിനീകാന്തിന്‍റെ വിഭാര്യനായ പിതാവിനെ വിവാഹം കഴിക്കുന്നതാണ് ഇതിവൃത്തം. രജനീകാന്തും ശ്രീദേവിയും ചേർന്ന് വളരെയധികം ഹിറ്റുകൾ സൃഷ്ടിച്ചു, എന്നാൽ കമൽഹാസൻ -ശ്രീദേവി കൂട്ടുകെട്ടാണ് ആണ് സ്ക്രീനിൽ കൂടുതല്‍ ആഘോഷിക്കപ്പെട്ടത്. മുപ്പതോളം ചിത്രങ്ങളിൽ അവർ ഒരുമിച്ച് അഭിനയിച്ചു.

“ശ്രീദേവി എന്‍റെ കൂട്ടുകാരിയാണ്, അവരെ ഞാന്‍ സ്ഥിരമായി ‘ബുള്ളി’ ചെയ്യാറുണ്ട്.”, സൂം ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിൽ കമൽ പറയുന്നതു കേട്ടാല്‍ മനസ്സിലാകും അവരുടെ സൗഹൃദത്തിന്‍റെ ആഴങ്ങള്‍.

“ഒരു ബ്ലോട്ടിംഗ് പേപ്പര്‍ പോലെയാണ് ശ്രീദേവി. ചുറ്റും നടക്കുന്നതെല്ലാം അവരിലേക്ക്‌ അലിയിച്ചു ചേര്‍ക്കും. 15, 16 വയസ്സ് മുതൽ അറിയാമെനിക്ക് ശ്രീദേവിയെ. ആ സമയം മുതൽ തന്നെ എല്ലാം പഠിക്കാനും ഉൾക്കൊള്ളാനും അവർ തയ്യാറായിരുന്നു.” കമൽ കൂട്ടിച്ചേര്‍ത്തു.

“ബാലതാരമായാണ് ശ്രീദേവി എന്‍റെ സിനിമയിൽ അഭിനയിക്കുന്നത്. 13 -14 വയസ്സുളളപ്പോൾ, എന്നാല്‍ 20 വയസ്സുളളയാളിന്‍റെ പക്വതയാണ് ശ്രീദേവി അപ്പോള്‍ പ്രകടിപ്പിച്ചിരുന്നത്”, ഇതിഹാസ സംവിധായകനായ ബാലചന്ദർ ശ്രീദേവിയെ ഓർത്തെടുത്തത് ഇങ്ങനെ. 2012 ൽ ഹിന്ദുവിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്.

“കാര്യങ്ങൾ വളരെ വേഗം പഠിച്ചെടുക്കുന്ന ഒരാളായിരുന്നു ശ്രീദേവി. കഥാപാത്രങ്ങളുടെ വൈവിധ്യങ്ങളും സൂക്ഷ്മഭേദങ്ങളും വേഗത്തിൽ​ സ്വാംശീകരിക്കുമായിരുന്നു അവർ. അപ്പപ്പോൾ തന്നെ കാര്യങ്ങൾ ഉൾക്കൊളളാനുളള​ കഴിവ് ശ്രീദേവിക്കുണ്ടെന്നും ബാലചന്ദർ ആ അഭിമുഖത്തിൽ​ വ്യക്തമാക്കുന്നു.

ഭാരതിരാജയുടെ സംവിധാനത്തില്‍ 1970ൽ പുറത്തിറങ്ങിയ ‘പതിനാറ് വയതിനിലെ’ എന്ന രജനി-ശ്രീ-ഹസന്‍ ത്രികോണ പ്രണയ ചിത്രം, റിയലിസവും ഗ്രാമീണ ജീവിതവും സംയോജിപ്പിച്ച ശക്തമായ തമിഴ് ക്ലാസിക്കുകളില്‍ ഒന്നാണ്. തമിഴ് സിനിമാ രംഗത്ത് വലിയ ചലനങ്ങൾ​ സൃഷ്ടിച്ച ചിത്രം. രാംഗോപാൽ വർമ്മ ‘രമൻ രാഘവ്’ എന്ന സീരിയൽ കൊലയാളിയുടെ ഭീതിജനകവും ഹിംസാത്മകവുമായ ജീവിതം ചിത്രീകരിക്കുന്നതിനും എത്രയോ മുമ്പ് ശ്രീദേവി കോളിവുഡിൽ അത്തരമൊരു വിഷയത്തിലെ സിനിമയുടെ ഭാഗമായി മാറിയിരുന്നു.

ഭാരതിരാജയുടെ 1978ലെ ‘സിഗപ്പ് റോജാക്കള്‍’ എന്ന ചിത്രം വഴിപിഴച്ച ഒരു ബിസിനസ്സുകാരന്‍റെ കഥയാണ്. അയാൾ സ്ത്രീകളെ പ്രലോഭിപ്പിച്ച് കൊലപ്പെടുത്തുന്നു. കമലിന്‍റെ ദിലീപ് എന്ന കഥാപാത്രം അതിലെ സെയിൽസ് ഗേളായ ശാരദ (ശ്രീദേവി)യുമായി പ്രണയത്തിലാകുകയും അവര്‍ വിവാഹിതരാവുകയും ചെയ്യുന്നു. അയാളുടെ ഇരുണ്ട വശം മനസ്സിലാക്കുകയും ശാരദ രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇതിനു സമാനമായ കഥയുള്ള ചിത്രമാണ് 1977ൽ പുറത്തിറങ്ങിയ ‘ഗായത്രി’. ലൈംഗിക വൈകൃതമുളള ഭർത്താവിനെയാണ് ഇതില്‍ ചിത്രീകരിക്കുന്നത്. രജനീകാന്താണ്​ ശ്രീദേവിക്കൊപ്പം അഭിനയിക്കുന്നത്. ഗായത്രിയുടെ ഭർത്താവ് അവരുടെ കിടപ്പറ രംഗങ്ങള്‍ രഹസ്യമായി ചിത്രീകരണം നടത്തുന്നു. അശ്ലീല സിനിമാ നിർമ്മിക്കുന്ന (പോൺ ഫിലിം മേക്കർ) ഭര്‍ത്താവ് സുന്ദരിയായ ഭാര്യയെയും ചൂഷണത്തിനു ഇരയാക്കുന്നു.

ശ്രീദേവിയുടെ തെലുങ്കു കാലവും വിജയവും, ഉജ്ജ്വലമായ നേട്ടങ്ങള്‍ കുറിക്കുന്നതുമായിരുന്നു. തെലുങ്ക്‌ സിനിമയിലെ ‘ഡോയന്‍’ അക്കിനെനി നാഗേശ്വരറാവു, അദ്ദേഹത്തിന്റെ പുത്രൻ നാഗാർജ്ജുന എന്നീ എന്നീ രണ്ടു തലമുറകളില്‍പെട്ട സൂപ്പർസ്റ്റാറുകൾക്കൊപ്പം അഭിനയിച്ചതിന്റെ ക്രെഡിറ്റ്‌ ശ്രീദേവിയ്ക്ക് അവകാശപ്പെട്ടതാണ്. ‘പ്രേമാഭിഷേകം’, ‘ഗോവിന്ദ’ എന്നീ ഹിറ്റ് ചിത്രങ്ങളിൽ അവര്‍ വേഷമിട്ടു.

1991ൽ രാംഗോപാൽ​ വർമ്മയോടൊപ്പം ‘ക്ഷണാക്ഷണം’ എന്ന സിനിമയിൽ അഭിനയിച്ചു. മികച്ച നേട്ടം കൈവരിച്ച ചിത്രം ശ്രീദേവിയുടെ ഹാസ്യ രംഗങ്ങള്‍ കൊണ്ട് ശ്രദ്ധേയമായി. തന്‍റെ സിനിമകളില്‍ എന്നും പുതുമകള്‍ തേടിയ രാംഗോപാൽ വർമ്മ തന്നെ തനിക്ക് ശ്രീദേവിയോടുള്ള ആരാധന പല ഘട്ടങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്. തന്‍റെ ഫാൻബോയ് പ്രണയമാണ് ശ്രീദേവിയെ വച്ച് ​’ക്ഷണാക്ഷണം’ എടുക്കാനുള്ള കാരണം എന്ന് വരെ അദ്ദേഹം പറഞ്ഞു. തീര്‍ന്നില്ല, ‘ശ്രീദേവിയെ വിവാഹം ചെയ്തതിന് ബോണി കപൂറിനെ കൊലപ്പെടുത്താൻ പോലും തോന്നി’ എന്നും വര്‍മ്മ പറഞ്ഞിട്ടുണ്ട്. ‘സൗന്ദര്യത്തിന്‍റെ ദേവത’ എന്നാണ് രാംഗോപാൽ വർമ്മ ശ്രീദേവിയെ വിശേഷിപ്പിക്കുന്നത്.

അവരുടെ കാലഘട്ടത്തിലെ അപൂർവ്വ താരങ്ങളിലൊരാളായിരന്നു ശ്രീദേവി. ‘ഇംഗ്ലീഷ് വിംഗ്ലീഷും’ ‘മോം’ (തമിഴ്, തെലുങ്ക് ഉൾപ്പടെയുളള ഭാഷകളിലും റിലീസ് ചെയ്തിരുന്നു) എന്ന ചിത്രവുമെല്ലാം അവര്‍ക്ക് വേണ്ടി എഴുതപ്പെട്ടവയായിരുന്നു. തനിക്കു വേണ്ടി കഥകള്‍ എഴുതാന്‍, സിനിമകള്‍ എടുക്കാന്‍ സംവിധായകരെ മോഹിപ്പിച്ചിരുന്ന താരം.

1971ലാണ് ‘പൂമ്പാറ്റ’ എന്ന മലയാള ചിത്രത്തിൽ ശ്രീദേവി അഭിനയിക്കുന്നത്. ജയലളിത ഉൾപ്പടെയുളള തമിഴ്‌നാട്ടിലെ മൾട്ടിസ്റ്റാറുകൾക്കൊപ്പം ശ്രീദേവി അഭിനയിച്ചു. ‘നം നാട്’, ‘കന്ദന്‍ കരുണൈ’ എന്നീ ചിത്രങ്ങളിലുള്‍പ്പടെ വേഷമിട്ടു. 1970കളിൽ കന്നഡ സിനിമയിൽ ഡോ. രാജ്‌കുമാറിനൊന്നിച്ച് അഭിനയിച്ച ശ്രീദേവി ബോളിവുഡിലേയ്ക്കുളള​ രംഗപ്രവേശത്തിന് മുമ്പ് തന്നെ തെന്നിന്ത്യയിലെ വലിയ താരമായിരുന്നു. അത് അവർക്കൊരു പാൻ ബ്രാൻഡിങ് നേടി കൊടുക്കുകയും ചെയ്തു,” ഹിന്ദിയില്‍ എത്തുന്നതിനു മുന്‍പുള്ള അവരുടെ അഭിനയജീവിതത്തെ പി എസ് ജോസഫ്‌ ഇങ്ങനെ വിലയിരുത്തി.

ലേഖനം മുഴുവനായി വായിക്കാം, Sridevi the Reigning Star of South Indian Cinema: പ്രിയ ബോളിവുഡ്, ശ്രീദേവിയെ സ്വന്തമാക്കാന്‍ വരട്ടെ, അവര്‍ ഞങ്ങളുടേയും കൂടിയാണ്

sridevi, sridevi death, sridevi age, sridevi death date, sridevi photo, sridevi movie, sridevi ke gana, sridevi song, sridevi film, sridevi death photos, sridevi movie list, sridevi film songs, ശ്രീദേവി
Kamal Hassan, Sridevi in ‘Sadma’

‘ഉര്‍വ്വശി’ പുരസ്കാരത്തിന്‍റെ ശ്രീയും ശോഭയും

നാല് പതിറ്റാണ്ടിലേറെ സിനിമയില്‍ നിറഞ്ഞു നിന്നിട്ടും, ആ കാലയളവില്‍ എല്ലാം അഭിനയത്തിന്‍റെയും മികവിന്റെയും പര്യായമായി മാറിയിട്ടും, മികച്ച നടിയ്ക്കുള്ള ‘ഉര്‍വ്വശി’ പുരസ്‌കാരം ശ്രീദേവിയിലേക്ക് എത്തിയില്ല.  ഒടുവില്‍ മരണാനന്തരമാണ് ‘മോം’ എന്ന ചിത്രത്തിനായി മികച്ച നടിയ്ക്കുള്ള പുരസ്‌കാരം  ശ്രീദേവിയെ തേടിയെത്തുന്നത്.

“കമല്‍ഹാസന്‍, ശ്രീദേവി എന്നിവരായിരുന്നു ‘മൂന്ട്രാം പിറൈയ്‌’ എന്ന ചിത്രത്തിലെ അഭിനേതാക്കള്‍. ഒരു അപകടത്തില്‍ പെട്ട് കുട്ടിക്കാലത്തേക്ക് മനസ്സു കൊണ്ട് തിരിച്ചു പോയ ഒരു പെണ്‍കുട്ടി, മുതിര്‍ന്ന ഒരു പുരുഷന്‍റെ തണലില്‍ കുറച്ചു കാലം ജീവിക്കുകയും പെട്ടന്നൊരു ദിവസം ഓര്‍മ്മ തിരിച്ചു കിട്ടി, അയാളെ പാടേ മറന്നു സ്വജീവിതത്തിലേക്ക് മടങ്ങി പോവുകയും ചെയ്യുന്നതാണ് ‘മൂന്ട്രാം പിറൈ’യുടെ ഇതിവൃത്തം.

ഊട്ടിയിലും പരിസരത്തും ഷൂട്ട്‌ ചെയ്യപ്പെട്ട ഈ ചിത്രം ബാലു മഹേന്ദ്ര തിരയില്‍ രചിച്ച മറ്റൊരു കവിതയായിരുന്നു. ബാലു മഹേന്ദ്ര സിനിമകളില്‍ നടീനടന്മാര്‍ മേക്കപ്പ് ഉപയോഗിക്കാറില്ല എന്ന് അദ്ദേഹം തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ചമയങ്ങളില്ലാതെ ക്യാമറയ്ക്ക് മുന്നില്‍ ശ്രീദേവി എപ്പോഴെങ്കിലും എത്തിയിട്ടുണ്ടോ എന്ന് സംശയമാണ്, ‘മൂന്ട്രാം പിറൈ’യില്‍ ഒഴികെ. ശ്രദ്ധിച്ചു നോക്കിയാല്‍ അതിലെ ക്ലോസ് അപ്പ്‌ രംഗങ്ങളില്‍ അവരുടെ ‘സ്കിന്‍’ കാണാം. ‘Getting into the skin of the character’ എന്നത് ശ്രീദേവിയുടെ കാര്യത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ സംഭവിച്ച സിനിമ കൂടിയായിരുന്നു ‘മൂന്ട്രാം പിറൈ’.

ചിത്രത്തിലെ നിരൂപക പ്രശംസ പിടിച്ചു പറ്റിയ അവസാന രംഗത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ ബാലു മഹേന്ദ്ര പറഞ്ഞത് ഇങ്ങനെയാണ്. “ശോഭയെ നഷ്ടപ്പെട്ടപ്പോള്‍ എനിക്കുണ്ടായ ദുഖത്തിന്‍റെ വളരെ ചെറിയ ഒരംശം മാത്രമേ ആ സീനില്‍ ഉള്ളൂ. അതില്‍ കണ്ടതിന്‍റെ എത്രയോ മടങ്ങ്‌ എന്‍റെ ഉള്ളില്‍ ഇപ്പോഴുമുണ്ട്.”

‘മൂന്ട്രാം പിറൈ’യിലെ അഭിനയത്തിന് കമല്‍ഹാസന്‍ ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്കാരത്തിന് അര്‍ഹനായി. കമലിനേക്കാള്‍ കൂടുതല്‍ അതര്‍ഹിച്ചിരുന്നത് (ശോഭയ്ക്ക് തത്തുല്യമായി സംവിധായകന്‍ ആവിഷ്കരിച്ച) ആ ‘ചൈല്‍ഡ്-വുമണ്‍’ കഥാപാത്രത്തെ അവതരിപ്പിച്ച ശ്രീദേവിയായിരുന്നു എന്നതില്‍ ഇന്നും തര്‍ക്കമില്ല. ‘Between the cup and the lip’ ആണ് ശ്രീദേവിയ്ക്ക് ആ പുരസ്‌കാരം നഷ്ടപ്പെട്ടത് എന്നാണ് അന്നത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്,”ശ്രീദേവിയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ച വേളയില്‍ സംഗീതാ പദ്മനാഭന്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.

ലേഖനം മുഴുവനായി വായിക്കാം, Elusive National Award reaches Sridevi posthumously: ‘ഉര്‍വ്വശി’ പുരസ്കാരത്തിന്‍റെ ശ്രീയും ശോഭയും

sridevi, sridevi death, sridevi age, sridevi death date, sridevi photo, sridevi movie, sridevi ke gana, sridevi song, sridevi film, sridevi death photos, sridevi movie list, sridevi film songs, ശ്രീദേവി
പദ്മശ്രീ സ്വീകരിക്കുന്ന ശ്രീദേവി

ശ്രീദേവിയിലെ പ്രതിഭയെ അവമൂല്യനം ചെയ്യുന്ന പ്രോത്സാഹന സമ്മാനം

ശ്രീദേവി തന്‍റെ അഭിനയ പാടവം കൊണ്ട് അവിസ്മരണീയമാക്കിയ ‘ലംഹെ’, ‘സദ്മ’ എന്നീ ചിത്രങ്ങള്‍ നെഞ്ചേറ്റുന്നവര്‍ക്ക് ഈ പുരസ്‌കാരം ഒരു ദാനമായി മാത്രം തോന്നിയാല്‍ അത്ഭുതപ്പെടാനില്ല. കാരണം ‘മോം’ എന്ന ചിത്രത്തിലും എത്രയോ വലുതാണ്‌ ശ്രീദേവി എന്ന നടിയും എന്തിലും കൃത്യതയും പൂര്‍ണ്ണതയും പാലിച്ചു പോന്ന അവരുടെ അഭിനയ പാരമ്പര്യവും. ഒരു പ്രോത്സാഹന സമ്മാനം ഒരിക്കലും അവര്‍ ആഗ്രഹിച്ചു കാണില്ല എന്ന് തീര്‍ച്ച.

നമുക്ക് മറക്കാതിരിക്കാം; അമിതാഭ് ബച്ചന്‍ അരങ്ങു വാണ ബോളിവുഡിന്‍റെ ഒരു സന്ധിയില്‍, അദ്ദേഹത്തെ നിഷ്പ്രഭമാക്കി ഉയിര്‍ത്ത ഇന്ത്യയുടെ ആദ്യത്തെ വനിതാ സൂപ്പര്‍ സ്റ്റാര്‍ ആയിരുന്നു ശ്രീദേവി എന്ന്. നമുക്ക് മറക്കാതിരിക്കാം; മാധുരി ദീക്ഷിതുമാര്‍ക്കും റാണി മുഖര്‍ജിമാര്‍ക്കും വിദ്യാ ബാലന്‍മാര്‍ക്കുമെല്ലാം വഴി തുറന്നത് അവിടെ നിന്നാണ് എന്ന്. രണ്ടു ദശാബ്ദങ്ങള്‍ക്ക് മുന്‍പ് ശ്രീദേവി ‘ചാല്‍ബാസി’ലൂടെയും ‘മിസ്റ്റര്‍ ഇന്ത്യ’യിലൂടെയും തിയേറ്ററുകളിലേക്ക് ആകര്‍ഷിച്ച ആള്‍ക്കൂട്ടത്തിന്‍റെ തുടര്‍ച്ചയാണ് ഇന്ന് ദീപിക പദുകോണ്‍ നായികയായ ‘പികൂ’, ‘പത്മാവത്’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ഉണ്ടാകുന്നതെന്ന്.

അറുപത്തിയാഞ്ചാമത് ദേശീയ പുരസ്കാരങ്ങള്‍ നിര്‍ണ്ണയിച്ച ജൂറിയുടെ ചെയര്‍മാനായിരുന്ന ശേഖര്‍ കപൂര്‍ തന്നെ പറഞ്ഞിരുന്നു, ‘മോമി’ലെ പ്രകടനത്തിന് ശ്രീദേവി മികച്ച നടിയ്ക്കുള്ള പുരസ്‌കാരം അര്‍ഹിച്ചിരുന്നോ എന്ന് സംശയമായിരുന്നു എന്ന്.

“നമ്മള്‍ എല്ലാവരും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ശ്രീദേവിയെ സ്നേഹിക്കുന്നവരാണ്. ജൂറിയിലെ അംഗങ്ങളോട് ഞാന്‍ പറഞ്ഞിരുന്നു. അവര്‍ മരിച്ചു പോയി എന്ന ഒറ്റക്കാരണം കൊണ്ട് ശ്രീദേവിയെ അവാര്‍ഡിന് പരിഗണിക്കരുത്, അത് മറ്റു പെണ്‍കുട്ടികളോട് ചെയ്യുന്ന അന്യായമാണ് എന്ന്.”, പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞതിങ്ങനെയാണ്.

ഉയർന്ന സിവിലിയൻ ബഹുമതികള്‍ നല്‍കിയാണ്‌ ശ്രീദേവിയുടെ ഓര്‍മ്മയെ നമ്മള്‍ ആദരിക്കേണ്ടത്. പ്രേക്ഷകരുടെ സ്നേഹവും തിരശ്ശീലയില്‍ അവര്‍ അവതരിപ്പിച്ചു പോയ കഥാപാത്രങ്ങളുടെ മികവും നിറയുന്ന ശ്രീദേവിയുടെ പുരസ്കാരപ്പെട്ടിയില്‍ ഈ പ്രോത്സാഹന സമ്മാനത്തിന് ഇടമില്ല,”ശ്രീദേവിയ്ക്ക് ദേശീയ പുരസ്‌കാരം നല്‍കാന്‍ എടുത്ത തീരുമാനത്തിനോട് വിയോജിച്ചു കൊണ്ട് പ്രേമാങ്കുര്‍ ബിസ്വാസ് എഴുതിയത് ഇങ്ങനെ.

ലേഖനം പൂര്‍ണ്ണമായി വായിക്കാം, Why The Posthumous National Award For MOM Devalues Sridevi’s Brilliant Legacy: ശ്രീദേവിയിലെ പ്രതിഭയെ അവമൂല്യനം ചെയ്യുന്ന പ്രോത്സാഹന സമ്മാനം

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Sridevi death anniversary in memoriam