ബോളിവുഡിലെ ഒരു കാലഘട്ടത്തിന്റെ ദീപ്തസ്മരണയായ മധുബാലയുടെ പിറന്നാളാണ് ഇന്ന്. മധുബാലയെ ആദരിച്ചാണ് ഗൂഗിൾ ഡൂഡിൽ ഇന്ന് വാർത്തകളിൽ നിറഞ്ഞത്. മധുബാലയെ ആദരിച്ചതു പോലെ, ഈ വരുന്ന ഫെബ്രുവരി 24 ന് ശ്രീദേവിയേയും ആദരിക്കൂ എന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചായിയോട് ആവശ്യപ്പെടുകയാണ് താരത്തിന്റെ ആരാധകർ. 2018 ഫെബ്രുവരി 24 നായിരുന്നു ശ്രീദേവി മരണപ്പെടുന്നത്. ശ്രീദേവിയുടെ മരണത്തിന്റെ ഒന്നാമാണ്ടിനോട് അടുപ്പിച്ച് താരത്തെ ആദരിക്കമെന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്.

“ഇന്ത്യയുടെ ഏറ്റവും വലിയ ഫീമെയ്ൽ സൂപ്പർസ്റ്റാറായ ശ്രീദേവി മാഡത്തിനും പ്രൗഡോജ്ജ്വലമായ ശ്രദ്ധാഞ്ജലി നൽകാൻ അപേക്ഷിക്കുന്നു. നാലാം വയസ്സിൽ അഭിനയം തുടങ്ങി, 50 വർഷം കൊണ്ട് അഞ്ച് ഇന്ത്യൻ ഭാഷകളിലായി 300 ലേറെ സിനിമകളിൽ അഭിനയിച്ച ലോകത്തിലെ ഏക അഭിനേത്രിയാണ് ശ്രീദേവി,” ശ്രീദേവിയുടെ ആരാധകർ പറയുന്നു.

ശ്രീദേവിയുടെ ഓർമ്മയിൽ ഭർത്താവും മക്കളും സഹോദരിയും സഹോദരനും അടങ്ങുന്ന കുടുംബം ഇന്ന് ചെന്നൈയിലെ താരത്തിന്റെ വസതിയിൽ ഒത്തു ചേർന്നിരുന്നു. അനിൽ കപൂർ, അജിത്ത്, ശാലിനി എന്നിവരും താരത്തിന്റെ വസതിയിൽ എത്തിച്ചേർന്നിരുന്നു.

ശ്രീദേവിയുടെ വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു തമിഴ് താരം അജിത്തിനെ നായകനാക്കി ഒരു ചിത്രം ഒരുക്കുക എന്നത്.  അവരുടെ മരണാനന്തരം ഭർത്താവ്  ബോണി കപൂർ ആ ആഗ്രഹം സഫലീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്.  ഹിന്ദി ചിത്രമായ ‘പിങ്കി’ന്റെ തമിഴ് പതിപ്പ് താൻ നിർമ്മിക്കുന്നു എന്നും അതിൽ തല അജിത് നായകനാകും എന്നുമൊക്കെയുള്ള അറിയിപ്പുകൾ നടത്തിക്കഴിഞ്ഞു അദ്ദേഹം.  ഇന്നത്തെ ഓർമ്മ ദിവസ ചടങ്ങുകളിലും അജിത് പങ്കെടുക്കും എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കഴിഞ്ഞ വർഷം ഫെബ്രുവരി ഇരുപത്തിനാലിനാണ് ശ്രീദേവി മരിക്കുന്നത്. ദുബായിലെ ആഡംബര ഹോട്ടലിൽ വച്ച് ബാത്ത്ടബ്ബിൽ മുങ്ങിയായിരുന്നു മരണം. ഭർത്താവ് ബോണി കപൂറിന്റെ അനന്തരവന്റെ വിവാഹാഘോഷങ്ങളിൽ പങ്കെടുക്കാനാണ് അവർ കുടുംബ സമേതം ദുബായിൽ എത്തിയത്. വിവാഹം കഴിഞ്ഞു മകൾ ഖുഷിയും ബോണി കപൂറും ഇന്ത്യയിലേക്ക് മടങ്ങിയപ്പോൾ ശ്രീദേവി മാത്രം തുടർന്നും ദുബായിൽത്തന്നെ തങ്ങുകയായിരുന്നു. ദിവസങ്ങൾക്ക് ശേഷം ഭർത്താവ് ദുബായിൽ തിരിച്ചെത്തിയ ദിവസമാണ് അവരുടെ മരണം സംഭവിക്കുന്നത്.

ദുബായിലെ അന്വേഷണങ്ങൾക്ക് ശേഷം ഇന്ത്യയിൽ എത്തിച്ച അവരുടെ ഭൗതിക ശരീരം ഫെബ്രുവരി ഇരുപത്തിയെട്ടിനു മുംബൈയിൽ വലിയൊരു ജനാവലിയെ സാക്ഷി നിർത്തി, ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. രാജ്യത്തെ ഏറ്റവും മികച്ച അഭിനേത്രികളിൽ ഒരാളായ ശ്രീദേവിയുടെ വിയോഗത്തിന്റെ നഷ്ടവുമായി ഇനിയും പൂർണ്ണമായി പൊരുത്തപ്പെട്ടിട്ടില്ല ആരാധകരും സിനിമാലോകവും. മരിച്ചിട്ടു ഒരു വർഷം തികയുമ്പോൾ പോലും ആരാധകരുടെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ട് അഭിനയത്തിന്റെ മുഖശ്രീയായി മാറിയ ആ താരം.

Read More: മരിച്ചിട്ടും മായാത്ത ശ്രീ

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ