Sridevi: Girl Woman Superstar: Actor’s life story all set to be published: മണ്മറഞ്ഞ സിനിമാ താരം ശ്രീദേവിയുടെ ജീവിതം പുസ്തകമാകുന്നു. സത്യാര്ഥ് നായക് എഴുതിയ ശ്രീദേവിയുടെ ജീവിത കഥ പ്രസിദ്ധീകരിക്കുന്നത് പെൻഗ്വിൻ റാൻഡം ഹൌസ് ആണ്. ഈ വർഷം ഒക്ടോബറിൽ പുറത്തിറങ്ങുന്ന പുസ്തകം ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂറിന്റെ അംഗീകാരത്തോടെയാണ് പ്രസിദ്ധീകരിക്കപ്പെടുന്നത്.
“ശ്രീദേവിയുടെ വലിയ ആരാധകനാണ് ഞാൻ. ഇന്ത്യ സ്നേഹിച്ച സ്ക്രീൻ ദേവതയുടെ ജീവിതയാത്ര ആഘോഷിക്കാനുള്ള ഒരു അവസരമായാണ് ഈ പുസ്തകത്തെ കാണുന്നത്. ശ്രീദേവിയുടെ സിനിമാ ജീവിതത്തിൽ അവർ ഇടപെട്ടിട്ടുള്ള സഹപ്രവർത്തകരോട് സംസാരിച്ചു, അവരുടെ ഓർമ്മകളിലൂടെ, ഒരു ബാലതാരം എന്ന നിലയിൽ നിന്നും ഇന്ത്യയുടെ ആദ്യ വനിതാ സൂപ്പർ സ്റ്റാർ എന്ന പദവിയിലേക്കുള്ള ശ്രീദേവിയുടെ യാത്രയാണ് പ്രതിപാദിക്കുന്നത്,” ഗേൾ, വുമൺ, സൂപ്പർ സ്റ്റാർ എന്ന് ശീർഷകമുള്ള പുസ്തകത്തെക്കുറിച്ചു എഴുത്തുകാരൻ നായക് പറഞ്ഞതിങ്ങനെ.
ഫെബ്രുവരി 25, 2018 ശനിയാഴ്ചയാണ് ദുബായില്‍ താസിച്ചിരുന്ന ഹോട്ടല്‍ മുറിയിലെ ശുചിമുറിയിലെ ബാത്ത് ടബ്ബില്‍ ബോധരഹിതയായ നിലയില്‍ ശ്രീദേവിയെ ഭര്‍ത്താവ് ബോണി കപൂര്‍ കണ്ടത്. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും അവർ മരിച്ചിരുന്നു. ദുബായില്‍ ബന്ധുവിന്റെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ശ്രീദേവി.
പിന്നീട് പോസ്റ്റ് മാർട്ടം കഴിഞ്ഞു ഇന്ത്യയിൽ എത്തിച്ച ശ്രീദേവിയുടെ ഭൗതിക ശരീരം ബൊളിവുഡിലെ സഹപ്രവർത്തർ, അനേകായിരം വരുന്ന അവരുടെ ആരാധകർ എന്നിവരുടെ സാന്നിധ്യത്തിൽ ഔദ്യോഗിക ബഹുമതികളോടെ മുംബൈയിൽ സംസ്ക്കരിച്ചു.
അകാലത്തിൽ ഉള്ള അവരുടെ വിയോഗം അവരുടെ കുടുംബത്തെ മാത്രമല്ല, ഇന്ത്യൻ സിനിമയ്ക്കാകെ ഒരു പ്രഹരമായിരുന്നു. ആ വിയോഗത്തിന്റെ ആഘാതത്തിൽ നിന്നും ഇതുവരെയും കുടുംബവും കൂട്ടുകാരും ഒന്നും തന്നെ കരകയറിയിട്ടില്ല.
മരണാന്തരം ശ്രീദേവിയ്ക്ക് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിക്കുകയുണ്ടായി. ‘മോം’ എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ഉർവ്വശി പുരസ്‌കാരം അവരെ തേടിയെത്തിയത്. ശ്രീദേവിയുടെ അഭാവത്തിൽ അവരുടെ ഭർത്താവ് ബോണി കപൂർ, മക്കൾ ജാൻവി, ഖുശി എന്നിവർ ചേർന്നാണ് പുരസ്‌കാരം സ്വീകരിച്ചത്.

Read Here: Sridevi Birth Anniversary: ഓർമ്മകളിൽ മായാതെ ശ്രീ; ശ്രീദേവിയ്ക്ക് ജന്മദിനമാശംസിച്ച് പ്രിയപ്പെട്ടവർ
1963ല്‍ തമിഴ് നാട്ടിലെ ശിവകാശിയില്‍ ജനിച്ച ശ്രീദേവി നാല് വയസ്സില്‍ ‘തുണൈവന്‍’ എന്ന ചിത്രത്തില്‍ ബാല താരമായി സിനിമയില്‍ എത്തി. മലയാളത്തില്‍ ‘പൂമ്പാറ്റ’ എന്ന ചിത്രത്തില്‍ മികച്ച ബാലനടിയ്ക്കുള്ള അവാര്‍ഡ് കരസ്ഥമാക്കി. 1975ല്‍ ബോളിവുഡില്‍ രംഗപ്രവേശം, ‘ജൂലി’ എന്ന ചിത്രത്തിലൂടെ.
തമിഴില്‍ കെ.ബാലചന്ദര്‍ സംവിധാനം ചെയ്ത ‘മൂട്രു മുടിച്ച്’ ആണ് നായികയായി അഭിനയിച്ച ആദ്യ ചിത്രം. മലയാളത്തില്‍ ‘ദേവരാഗം’, ‘നാല് മണിപ്പൂക്കള്‍’, ‘സത്യവാന്‍ സാവിത്രി’, അംഗീകാരം എന്നിവയുള്‍പ്പടെ 25 ചിത്രങ്ങളില്‍ വേഷമിട്ടു. ഏറ്റവും തിളങ്ങിയത് ഹിന്ദിയില്‍. ബോളിവുഡിന്റെ ആദ്യ വനിതാ സൂപ്പര്‍ സ്റ്റാര്‍ ആയി വളര്‍ന്നു. വിവാഹാനന്തരമുള്ള തിരിച്ചു വരവിലെ ചിത്രം ‘ഇംഗ്ലീഷ് വിംഗ്ലീഷ്’, ‘ഖുദാ ഗവാ’, ‘ലംഹെ’, ‘ചാല്‍ബാസ്’, ‘ചാന്ദ്‌നി’ എന്നിവയാണ് പ്രധാന ചിത്രങ്ങളില്‍ ചിലത്. 2017ല്‍ പുറത്തിറങ്ങിയ ‘മോം’ ആണ് അവസാന ചിത്രം.
Read Here: മരിച്ചിട്ടും മായാത്ത ശ്രീ: ചില അപൂര്‍വ്വ ചിത്രങ്ങള്‍