അന്തരിച്ച നടി ശ്രീദേവിയുടെ അന്ത്യകർമ്മങ്ങൾ ഹരിദ്വാറിൽ പൂർത്തിയായി. ശ്രീദേവിയുടെ ചിതാഭസ്മം ഭർത്താവ് ബോണി കപൂർ ഗംഗയിൽ ഒഴുക്കി. സഹോദരൻ അനിൽ കപൂർ, ശ്രീദേവിയുടെ അടുത്ത സുഹൃത്തും ഡിസൈനറുമായ മനീഷ് മൽഹോത്ര, കുടുംബ സുഹൃത്തും രാജ്യസഭാ അംഗവുമായ അമർ സിങ് എന്നിവരും ചടങ്ങുകളിൽ പങ്കെടുത്തു. അന്ത്യ കർമ്മങ്ങൾ നിർവഹിക്കുന്നതിനിടെ ബോണി കപൂർ പലപ്പോഴും വിങ്ങിപ്പൊട്ടി. സഹോദരൻ അനിൽ കപൂറും മനീഷ് മൽഹോത്രയും ചേർന്നാണ് ബോണി കപൂറിനെ ആശ്വസിപ്പിച്ചത്.

കഴിഞ്ഞയാഴ്ച ശ്രീദേവിയുടെ ചിതാഭസ്മം ബോണി കപൂർ രാമേശ്വരത്തെ കടലിൽ ഒഴുക്കിയിരുന്നു. മക്കളായ ജാൻവിയും ഖുഷിയും അമ്മയുടെ അന്ത്യ കർമ്മങ്ങൾക്കായി അച്ഛനൊപ്പം എത്തിയിരുന്നു. ബാക്കി ചിതാഭസ്മമാണ് ഇന്നലെ ബോണി കപൂർ ഹരിദ്വാറിലെത്തി ഗംഗയിൽ ഒഴുക്കിയത്. ശ്രീദേവിയുടെ ചിതാഭസ്മം ഗംഗയിൽ ഒഴുക്കിയതിന് ഒരു കാരണമുണ്ടെന്നാണ് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

1993 ൽ, അതായത് 25 വർഷങ്ങൾക്കുമുൻപ് ശ്രീദേവി ഹരിദ്വാറിൽ ഒരു ഷൂട്ടിങ്ങിന് വന്നിരുന്നു. അന്ന് ഷൂട്ടിങ് കഴിഞ്ഞ് മടങ്ങിപ്പോകുമ്പോൾ ഹരിദ്വാറിലേക്ക് തിരികെ വരുമെന്ന് ശ്രീദേവി ഉറപ്പ് പറഞ്ഞിരുന്നു. ശ്രീദേവിയുടെ ആ വാക്ക് നിറവേറ്റാനാണ് ചിതാഭസ്മം ഹരിദ്വാറിലെത്തി ഗംഗയിൽ ഒഴുക്കിയതെന്നാണ് കുടുംബവുമായി അടുത്ത ബന്ധമുളള ഒരാൾ ഐഎഎൻഎസിനോട് പറഞ്ഞത്.

ഫെബ്രുവരി 24നാണ് ദുബായിലെ നക്ഷത്ര ഹോട്ടലിലെ ബാത്ത് ടബ്ബില്‍ നടി ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 54 വയസ്സായിരുന്നു. ഫെബ്രുവരി 28 ന് ഔദ്യോഗിക ബഹുമതികളോടെ ശ്രീദേവിയുടെ മൃതദേഹം മുംബൈയിൽ സംസ്കരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ