ഇന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാറെന്നായിരുന്നു ഒരു കാലത്ത് നടി ശ്രീദേവിക്ക് കൽപ്പിച്ചു നൽകിയ വിശേഷണം. അഴകും അഭിനയ മികവും തെന്നിന്ത്യയിലും ബോളിവുഡിലും ശ്രീദേവിയെ സിനിമയുടെ ഏറ്റവും അവിഭാജ്യ ഘടകമാക്കി മാറ്റി. നീണ്ട കാലം അഭ്രപാളിയിൽ സൂപ്പർതാരമായി വാഴാൻ സാധിച്ച ശ്രീദേവിക്ക് രാജ്യത്തൊട്ടാകെ ആരാധകരും ഉണ്ടായിരുന്നു.

സിനിമ എന്താണെന്ന് പോലും അറിയാത്ത പ്രായത്തിലായിരുന്നു ശ്രീദേവിയുടെ അരങ്ങേറ്റം. നാലാം വയസിൽ തുണൈവർ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു ശ്രീദേവിയുടെ സിനിമ പ്രവേശം. ക​ന്ത​ൻ ക​രു​ണൈ, നം​നാ​ട്, ബാ​ബു, ബാ​ല​ഭാ​ര​തം, വ​സ​ന്ത​മാ​ളി​കൈ, പ്രാ​ർ​ഥ​നൈ, ഭ​ക്ത​കു​മ്പാ​ര, ജൂ​ലി തുടങ്ങിയ ചിത്രങ്ങളിൽ തുടർന്നും ബാലതാരമായി വേഷമിട്ട ശ്രീദേവി അഭിനയത്തിലെ മികവിലൂടെ തമിഴിലും തെലുങ്കിലും മലയാളത്തിലും തിരക്കുളള ബാലതാരമായി മാറി.

1971ൽ തന്റെ എട്ടാം വയസിലാണ് ആദ്യ സംസ്ഥാന അവാർഡ് ശ്രീദേവിക്ക് ലഭിച്ചത്. ​പൂ​മ്പാ​റ്റ എ​ന്ന മ​ല​യാ​ള ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് കേരള സർക്കാരാണ് മികച്ച ബാ​ല​താ​ര​ത്തി​നു​ള്ള കേ​ര​ളാ സം​സ്ഥാ​ന പു​ര​സ്കാ​രം നൽകി ശ്രീദേവിയെ അനുമോദിച്ചത്.

നായികയിലേക്കുളള വളർച്ച സിനിമ രംഗത്ത് ശ്രീദേവിക്ക് ഉണ്ടാകുമെന്ന് അന്നേ പ്രവചിക്കപ്പെട്ടിരുന്നു. അത് യാഥാർത്ഥ്യമാകുന്ന കാഴ്ചയാണ് പിന്നീട് തെന്നിന്ത്യൻ സിനിമ ലോകം കണ്ടത്. 1976ൽ 13-ാം വയസിൽ ​കെ.ബാ​ല​ച​ന്ദ​ർ സംവിധാനം ചെയ്ത മൂട്ര് മു​ടി​ച്ച് എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ൽ നായികയായി. കമൽഹാസന്റെ നായികയായിട്ടായിരുന്നു ശ്രീദേവിയുടെ നായികാപ്രവേശനം. രജനീകാന്ത് വേഷമിട്ട ഈ ചിത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രമായിരുന്നു.

പിന്നീട് ശ്രീദേവിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. മലയാളത്തിലും തെലുങ്കിലും പിന്നാലെ ബോളിവുഡിലേക്കും ശ്രീദേവിക്ക് ക്ഷണം വന്നുതുടങ്ങി. മികച്ച വേഷങ്ങൾ തിരഞ്ഞെടുത്ത് തന്റെ കരിയർ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോയ ശ്രീദേവി, തന്റെ അഴകും അഭിനയ മികവും കൊണ്ട് രാജ്യമൊട്ടാകെ ആരാധക വൃന്ദത്തെ സ്വന്തമാക്കി.

വിവാഹത്തിന് ശേഷം 1997ലാണ് ചലച്ചിത്ര ലോകത്ത് നിന്ന് ശ്രീദേവി പിൻവാങ്ങിയത്. ഇത് ആരാധകരെ ഏറെ വിഷമിപ്പിച്ചിരുന്നു. ശ്രീദേവി സിനിമ ലോകത്തേക്ക് തിരികെ വരണമെന്ന ആവശ്യവും ശക്തമായി. പിന്നീട് 2012 ലാണ് ശ്രീദേവി അഭിനയരംഗത്തേക്ക് തിരികെ വന്നത്.

ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രം ബോളിവുഡിൽ കളക്ഷൻ റെക്കോർഡുകൾ തിരുത്തി മുന്നേറിയത് ശ്രീദേവിയുടെ അഭിനയ മികവിനുളള അംഗീകാരമായി. ഇതോടെ ശ്രീദേവി കൂടുതൽ സിനിമകൾ ചെയ്യണമെന്ന ആവശ്യവും ഉയർന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മോം ആണ് ശ്രീദേവിയുടെ അവസാനം പുറത്തിറങ്ങിയ സിനിമ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ