ശ്രീദേവിയുടെ വിയോഗം ഇന്ത്യൻ സിനിമാ ലോകത്തിന് തീരാനഷ്ടമാണ്. ഒരു കാലത്ത് ബോളിവുഡ് അടക്കി വാണിരുന്ന ശ്രീദേവി തമിഴ്, മലയാളം തുടങ്ങിയ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ശ്രീദേവിയുടെ മരണം മൂലം ഇന്ത്യൻ സിനിമയ്ക്ക് നഷ്ടമായത് ഇതിഹാസ താരത്തെയാണ്. ഈ ലോകത്തുനിന്നും ശ്രീദേവി വിട പറഞ്ഞെങ്കിലും അവർ അഭിനയിച്ച ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷഹൃദയങ്ങളിൽ എന്നും ശ്രീദേവി ഓർമ്മിക്കപ്പെടും.

ബാലതാരമായി അഭിനയലോകത്തേക്ക് എത്തിയ ശ്രീദേവി പിന്നീട് ബോളിവുഡിന്റെ സൂപ്പർ സ്റ്റാർ ആയി വളർന്നു. ശ്രീദേവിയെക്കുറിച്ച് അറിയേണ്ട 10 കാര്യങ്ങൾ.

1. ബാലതാരമായിട്ടാണ് ശ്രീദേവി സിനിമയിലേക്ക് എത്തിയത്. ശ്രീദേവിക്ക് 4 വയസ്സുളളപ്പോഴാണ് ‘തുണൈവൻ’ എന്ന തമിഴ് ചിത്രത്തിൽ അഭിനയിക്കുന്നത്. 1969 ൽ പുറത്തിറങ്ങിയ സിനിമ സംവിധാനം ചെയ്തത് എം.എ.തിരുമുഖം ആയിരുന്നു.

2. ശ്രീദേവിയുടെ യഥാർത്ഥ പേര് ‘ശ്രീ അമ്മ യങ്കർ അയപ്പൻ’ എന്നാണ്. സിനിമയിലേക്ക് കടന്നപ്പോഴാണ് ‘ശ്രീദേവി’ എന്ന പേര് സ്വീകരിച്ചത്.

3. 1980-90 കാലഘട്ടങ്ങളിൽ ശ്രീദേവി-അനിൽ കപൂർ ബോളിവുഡിലെ പോപ്പുലർ ജോഡികളായിരുന്നു. ഇരുവരും 13 സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. മിസ്റ്റർ ഇന്ത്യ, ലംഹേ, ലാഡ്‌ല, ജുദായ് എന്നിവ ഹിറ്റ് സിനിമകളാണ്.

4. തമിഴിൽ ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ചത് കമൽഹാസനൊപ്പമായിരുന്നു. 16 വയതിനിലേ, വാഴ്വേ മായം, മീണ്ടും കോകില, മൂട്രാം പിറൈ തുടങ്ങിയവ ഇരുവരും ഒന്നിച്ചെത്തിയപ്പോൾ ഉടലെടുത്ത ഹിറ്റ് സിനിമകളാണ്.

5. 1993 ൽ ഹോളിവുഡ് സംവിധായകൻ സ്റ്റീവൻ സ്പിൽബർഗ് തന്റെ ജുറാസിക് പാർക്ക് സിനിമയിലേക്കായി ശ്രീദേവിയെ സമീപിച്ചു. സ്റ്റീവന്റെ ക്ഷണം ശ്രീദേവി നിരസിച്ചു. ബോളിവുഡിൽ ശ്രീദേവി തിളങ്ങി നിൽക്കുന്ന സമയമായിരുന്നു അത്. ജുറാസിക് പാർക്കിലെ കഥാപാത്രത്തിൽ തനിക്ക് പെർഫോം ചെയ്യാൻ ഒന്നുമില്ലെന്ന് പറഞ്ഞായിരുന്നു ശ്രീദേവി ഹോളിവുഡ് സിനിമയിലെ അവസരം വേണ്ടെന്നുവച്ചത്.

6. ബോളിവുഡിലെ ആദ്യ സിനിമകൾക്ക് ശ്രീദേവി ഡബ്ബ് ചെയ്തിരുന്നില്ല. ഹിന്ദി ശ്രീദേവിക്ക് അത്ര വഴങ്ങാത്തിനാൽ ആയിരുന്നു ഇത്. നാസ്, രേഖ എന്നിവരായിരുന്നു ശ്രീദേവിക്ക് ആ സമയത്ത് ഡബ്ബ് ചെയ്തിരുന്നത്.

7. ബോണി കപൂറുമായുളള വിവാഹശേഷം 2002 ൽ ശക്തി എന്ന സിനിമയിലൂടെ അഭിനയ ജീവിതത്തിലേക്ക് മടങ്ങിവരാൻ ശ്രീദേവി തീരുമാനിച്ചു. പക്ഷേ ആ സമയത്ത് ശ്രീദേവി രണ്ടാമത് ഗർഭിണിയായി. തുടർന്ന് ശ്രീദേവിക്കു പകരം കരിഷ്മ കപൂറാണ് ഈ സിനിമയിൽ നായികയായത്.

8. ശ്രീദേവിക്ക് 13 വയസ്സുളളപ്പോഴാണ് 1976 ൽ പുറത്തിറങ്ങിയ തമിഴ് സിനിമ ‘മൂട്ര് മുടിച്ചി’ൽ രജനീകാന്തിന്റെ രണ്ടാനമ്മയായി അഭിനയിക്കുന്നത്.

9. മാധുരി ദീക്ഷിതിനെ ബോളിവുഡിന്റെ താരറാണിയാക്കി മാറ്റിയ 1992 ൽ പുറത്തിറങ്ങിയ ‘ബേഠാ’ സിനിമയിലെ നായികയായി ആദ്യം പരിഗണിച്ചത് ശ്രീദേവിയെ ആയിരുന്നു. അനിൽ കപൂറുമായി താൻ ഒരുപാട് സിനിമകൾ ചെയ്തുവെന്ന കാരണത്താൽ ശ്രീദേവി ഈ അവസരം വേണ്ടെന്നുവച്ചു. ‘ദർ’ സിനിമയിലെ ജൂഹി ചൗളയുടെ കഥാപാത്രവും ശ്രീദേവി വേണ്ടെന്നുവച്ചതാണ്. തനിക്ക് പുതുതായി ഒന്നും ചെയ്യാനില്ലെന്നായിരുന്നു കഥാപാത്രം വേണ്ടെന്നുവച്ചതിന് ശ്രീദേവി പറഞ്ഞത്.

10. 2013 ൽ ശ്രീദേവിയെ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ