കാസ്റ്റിങ് കൗച്ചിന്റെ പേരിലുള്ള വിവാദങ്ങള്‍ കെട്ടടങ്ങാതെ തെലുങ്ക് സിനിമാ ലോകം. അടുത്തിടെയാണ് നടി ശ്രീറെഡ്ഡി ഇതിനെതിരെ അര്‍ദ്ധനഗ്നയായി പ്രതിഷേധിച്ച് രംഗത്തെത്തിയത്. ശ്രീറെഡ്ഡിയുടെ നടപടിയില്‍ പ്രതിഷേധിച്ച് തെലുങ്ക് സിനിമയിലെ താരസംഘടനയായ മാ (മൂവി ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍) നടപടി എടുത്തിരുന്നു.

നടിക്കെതിരെ സംഘടന ആജീവനാന്ത വിലക്കാണ് ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ശ്രീ റെഡ്ഡി പ്രതിഷേധത്തില്‍ നിന്ന് പിന്‍മാറാതായപ്പോള്‍ മാ സംഘടനയിലെ അംഗത്വമടക്കമുള്ള നടിയുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് അറിയിച്ചിരുന്നു.

അതേസമയം, തെലുങ്ക് സൂപ്പര്‍ താരവും രാഷ്ട്രീയനേതാവുമായ പവന്‍ കല്യാണ്‍ ശ്രീ റെഡ്ഡിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. ഇത്തരം കാര്യങ്ങള്‍ നവമാധ്യമങ്ങളിലൂടെ അല്ല പറയേണ്ടത്, പോലീസിനോടാണെന്ന് പവന്‍ കല്യാണ്‍ പറഞ്ഞു. മാധ്യമങ്ങളോട് പറയുക വഴി ശ്രീറെഡ്ഡി തെലുങ്ക് സിനിമയെ മോശമായി ചിത്രീകരിക്കുന്നുവെന്നും പവന്‍ കല്യാണ്‍ പറഞ്ഞു.

ഈ സംഭവത്തില്‍ ഒടുവില്‍ പ്രതികരണവുമായി നടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ വികാരാധീനയായാണ് ശ്രീറെഡ്ഡി പ്രതികരിച്ചത്. മൂന്ന് വിവാഹങ്ങള്‍ കഴിച്ച പവന്‍ കല്യാണിന് സ്ത്രീകളോട് ബഹുമാനം ഇല്ലെന്നും അദ്ദേഹത്തെ ‘അണ്ണ ‘(സഹോദരന്‍) എന്ന് വിളിച്ചതില്‍ ഇപ്പോള്‍ ഖേദിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വികാരാധീനയായ താരം ക്യാമറയ്ക്ക് മുമ്പില്‍ ചെരുപ്പ് ഊരി സ്വന്തം മുഖത്തടിക്കുകയും പവന്‍ കല്യാണിനു നേരെ അസഭ്യ വര്‍ഷം നടത്തുകയും ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook