മുന്‍ ക്രിക്കറ്റ് താരവും വിവാദ നായകനുമായ ശ്രീശാന്തിന്റെ സാന്നിധ്യമാണ് സൽമാൻ ഖാൻ അവതാരകനാകുന്ന ബിഗ് ബോസ് 12-ാം സീസണിന്റെ പ്രധാന ആകർഷണം. ശ്രീശാന്ത് അടക്കം 17 മത്സരാർത്ഥികളാണ് ഈ ഷോയിലുള്ളത്. കൂട്ടത്തിലെ ഏക മലയാളി നടനെന്ന രീതിയിൽ മലയാളി പ്രേക്ഷകരും ഏറെ പ്രതീക്ഷയോടെയാണ് ശ്രീശാന്തിന്റെ ബിഗ്ബോസ് എൻട്രിയെ നോക്കി കണ്ടിരുന്നത്. എന്നാൽ ഷോ തുടങ്ങി രണ്ടു ദിവസം കഴിയും മുൻപേ, ഷോ വിട്ടുപോകുമെന്ന ഭീഷണിയുമായി ബിഗ് ബോസ് ഹൗസിനെയും പ്രേക്ഷകരെയും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുകയാണ് ശ്രീശാന്ത്.

ബിഗ് ബോസ് ഏൽപ്പിച്ച ഒരു ടാസ്കിൽ ശ്രീശാന്ത് പരാജയപ്പെട്ടിരുന്നു. തുടർന്ന് ബിഗ് ബോസ് ആ ടാസ്ക് തന്നെ റദ്ദാക്കി. അതിനെ തുടർന്ന് ഹൗസിലുണ്ടായ സംസാരങ്ങളാണ് ശ്രീശാന്തിനെ കോപാകുലനാക്കിയത്. ബിഗ് ബോസ് നൽകിയ ‘ബിഗ്ബോസ് പ്രസ് കോൺഫറൻസ്’ ടാസ്കിലാണ് ശ്രീശാന്ത് പരാജിതനായത്. ടാസ്കിന്റെ ഭാഗമായി നൽകിയ സംവാദത്തിൽ ഒട്ടും താൽപ്പര്യമില്ലാതെ പെരുമാറിയ ശ്രീശാന്തിനെ മറ്റു മത്സരാർത്ഥികൾ പ്രോത്സാഹിപ്പിക്കാൻ ശ്രമിച്ചു. പിന്നാലെ, ടാസ്കിൽ പങ്കെടുക്കാതെ പറ്റില്ലെന്ന് ബിഗ് ബോസിന്റെ ഭാഗത്തുനിന്നും വാണിങ്ങും വന്നു.​ എന്നിട്ടും സംവാദത്തിൽ പങ്കെടുക്കാൻ ശ്രീശാന്ത് തയ്യാറായില്ല. അതോടെ ബിഗ് ബോസ് ടാസ്ക് തന്നെ റദ്ദാക്കുകയായിരുന്നു.

തങ്ങളുടെ ആദ്യ ടാസ്ക് തന്നെ ശ്രീശാന്ത് കാരണം പരാജയപ്പെട്ടുപോയതിന്റെ നിരാശയും ദേഷ്യവും പ്രകടിപ്പിച്ച മത്സരാർത്ഥികൾ ശ്രീശാന്തിന്റെ നിസ്സഹകരണത്തെ കുറ്റപ്പെടുത്തുകയും ചെയ്തു. സാബ, സോമി ഖാൻ സഹോദരിമാർ ഈ വിഷയത്തെ കുറിച്ച് ശ്രീശാന്തുമായി കയർത്തു. മത്സരാർത്ഥികളായ ദീപിക കകാറും കരൺവീർ ബൊഹ്റയും ടാസ്ക് എത്രമാത്രം പ്രാധാന്യമേറിയതായിരുന്നെന്ന് ശ്രീശാന്തിനെ പറഞ്ഞു മനസ്സിലാക്കാനും ശ്രമിച്ചു.

എന്നാൽ, ‘എല്ലാവരും കൂടി എന്നെ അസ്വസ്ഥരാക്കുകയാണ്, കുറച്ചുദിവസങ്ങൾ കൊണ്ട് ആളുകളെ ജഡ്ജ് ചെയ്യാൻ എനിക്ക് കഴിയില്ല. ഇതുപോലുള്ള ടാസ്കുകളാണ് ഗെയിമിന്റെ ഭാഗമായി വരുന്നതെങ്കിൽ എനിക്ക് കളിക്കാൻ​ ആഗ്രഹമില്ല’, എന്നു പറഞ്ഞ് താൻ ഷോ വിട്ടു പോകുമെന്ന് ശ്രീശാന്ത് സഹമത്സരാർത്ഥികളെ ഭീഷണിപ്പെടുത്തുകയായിരുന്നു. മറ്റുള്ളവരുടെ കുറ്റപ്പെടുത്തൽ കേൾക്കേണ്ടി വരുന്നത് തനിക്ക് അസന്തുഷ്ടി ഉണ്ടാക്കുന്നുവെന്നും ശ്രീശാന്ത് വ്യക്തമാക്കി.

മുൻപ്, ജലാക് ദിക്‌ലാ ജായിൽ പങ്കെടുത്ത ശ്രീശാന്ത് പരിപാടിയിൽ നിന്നും എലിമേഷനിൽ പുറത്താവുകയായിരുന്നു. ‘ഇത്തവണ അങ്ങനെ ബിഗ്ബോസിൽ നിന്നും ഇറങ്ങി പോവില്ലെന്നും ഫൈനൽ വരെ നിന്നിട്ടേ ബിഗ് ബോസിൽ നിന്നും മടങ്ങൂ’ എന്നും ബിഗ് ബോസ് തുടങ്ങുന്നതിനു മുൻപായി ഇന്ത്യൻ എക്സ്പ്രസിനു നൽകിയ​​​ അഭിമുഖത്തിൽ ശ്രീശാന്ത് പറഞ്ഞിരുന്നു. ആ വാക്കിൽ തന്നെ ശ്രീശാന്ത് ഉറച്ചു നിൽക്കുമോ​ അതോ മറ്റൊരു വിവാദത്തിനു കൂടി തിരികൊളുത്തി ബിഗ് ബോസ് വിടുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ശ്രീശാന്തിന്റെ ആരാധകർ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook