ക്രിക്കറ്റ് മൈതാനത്തിലെ വാശിയേറിയ പോരാട്ടങ്ങൾക്ക് താൽക്കാലിക വിട നൽകി ജീവിതത്തിൽ അപ്രതീക്ഷിതമായി എടുത്തണിഞ്ഞ പുതിയ വേഷങ്ങളുടെ തിരക്കിലാണ് ശ്രീശാന്ത്. രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം കൂടാതെ സിനിമകളിലും സജീവമാകനുള്ള തയാറെടുപ്പിലാണ് ശ്രീശാന്ത്. വിവാദങ്ങളും, ആരോപണങ്ങളും, കേസും, വിലക്കും എല്ലാം ഒരു ഫ്ലാഷ് ബാക്ക് പോലെ കാണുന്ന ശ്രീ ഇപ്പോൾ ജീവിതത്തിലെ പുതിയ സന്തോഷങ്ങൾ ആസ്വദിക്കുകയാണ്. ക്രിക്കറ്റും രാഷ്ട്രീയവും സിനിമയും ചേർന്ന പുതിയ ജീവിതത്തെക്കുറിച്ച് ശ്രീശാന്ത് മനസ്സു തുറക്കുന്നു…

പുതിയ സിനിമകളെക്കുറിച്ച് ?

മലയാളത്തിൽ ടീം 5 എന്ന ചിത്രത്തിൽ നായകനായിട്ടാണ് അഭിനയിച്ചത്. ബൈക്ക് റേസിങ്ങ് പശ്ചാത്തലമാക്കിയ ചിത്രമാണിത് . അഭിനയം സത്യത്തിൽ ഒരു വെല്ലുവിളി തന്നെയായിരുന്നു. കാരണം, കൂടെയുള്ളവരെല്ലാം അഭിനയത്തിൽ വർഷങ്ങളുടെ പരിചയമുള്ളവർ. പക്ഷേ നായികയായി അഭിനയിച്ച നിക്കി ഗൽറാണിയും പേളി മാണിയെ പോലുള്ള മറ്റ് സഹതാരങ്ങളെല്ലാം നല്ല പിന്തുണയാണ് നൽകിയത്. വലിയ കുഴപ്പമില്ലാതെ ചെയ്തെന്നു കരുതുന്നു. ടീം 5ലെ ആദ്യത്തെ പാട്ട് റിലീസായപ്പോൾ എല്ലാവരും പറഞ്ഞത് ഞാനിത്രയും റൊമാന്റിക് ആയി അഭിനയിക്കുമെന്ന് കരുതിയില്ലെന്നാണ്..

ഹിന്ദിയിൽ അസ്കർ ടുവിൽ വക്കീലായിട്ടാണ് എത്തുന്നത്. പിന്നെ പൂജ ഭട്ടിന്റെ കബ്രറ്റ് എന്ന ചിത്രവുമുണ്ട്. ക്രിക്കറ്റ് പ്രമേയമാക്കി തമിഴിലും തെലുങ്കിലും ഒരുക്കുന്ന സിനിമയുടെ ഷൂട്ടിങ്ങ് ഉടൻ തുടങ്ങും. മറ്റ് ചില ഓഫറുകളും വരുന്നുണ്ട്.

team 5 poster, s sreesanth

ക്രിക്കറ്റാണോ സിനിമയാണോ ചെയ്യാൻ എളുപ്പം തോന്നിയത് ?

രണ്ടും എളുപ്പമല്ല, അതേസമയം വെല്ലുവിളി നിറഞ്ഞതുമാണ്. കഠിനാധ്വാനം രണ്ടിനും നല്ലപോലെ ആവശ്യമാണ്. സിനിമയിൽ നമ്മുടെ ഭാവങ്ങൾക്ക് പ്രാധാന്യമുള്ളതുകൊണ്ട് ഒരു ചെറിയ ക്ഷീണം പോലും ചിലപ്പോൾ പ്രതിഫലിക്കും. എത്ര ബുദ്ധിമുട്ടുണ്ടെങ്കിലും അതൊന്നും സ്ക്രീനിൽ വരാതെ ശ്രദ്ധിക്കണം. ക്രിക്കറ്റിൽ വേറെ തരത്തിലുള്ള കായികാധ്വനമാണ്.

ക്രിക്കറ്റ്, രാഷ്ട്രീയം, സിനിമ… ഏതിനാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത് ?

ഞാൻ ഒരു സ്പോർട്സ് മാനായാണ് തുടങ്ങിയത്. ക്രിക്കറ്റാണ് എന്റെ ജീവനും ജീവിതവും. സിനിമയും രാഷ്ട്രീയവുമെല്ലാം വീണ്ടും വരും. പക്ഷേ ഒരു ക്രിക്കറ്ററുടെ നല്ല കരിയർ 43 വയസ്സു വരെയാണ്.. എനിക്കിനി ഒരു 10 വർഷം കൂടിയേ ചിലപ്പോൾ ഇതിൽ നല്ല പെർഫോമൻസ് പുറത്തെടുക്കാനാവൂ.. അത്രയും സമയം ക്രിക്കറ്റ് തുടർന്നുകൊണ്ടുപോകണമെന്നു തന്നെയാണ് ആഗ്രഹം. 2017ൽ ക്ലബ് ടീമിനായി സ്കോട്‌ലൻഡിൽ കളിക്കുന്നുണ്ട്. വിലക്കു നീങ്ങി ബിസിസിഐ അനുമതി ലഭിച്ചാൽ ദേശീയ അന്തർദേശീയ ക്രിക്കറ്റിൽ സജീവമാകാൻ കഴിയുമെന്നാണ് പ്രതീക്ഷ. രാഷ്ട്രീയ ജീവിതം ദൈവം അനുഗ്രഹിച്ചാൽ നടക്കും. സിനിമയിൽ വേഷങ്ങൾ തേടിയെത്തുന്നുണ്ട്.. നായക കഥാപാത്രങ്ങൾ മാത്രമേ ചെയ്യൂ എന്നില്ല. പക്ഷേ ക്രിക്കറ്റാണ് ഇപ്പോഴും എന്റെ ഫോക്കസ്.

sreesanth, sreesanth family

ക്രിക്കറ്റിൽനിന്ന് മാറി നിൽക്കുമ്പോൾ എന്തു തോന്നുന്നു ?

ഇത്രയും കാലം നിന്ന ക്രിക്കറ്റിൽനിന്ന് മാറി നിൽക്കുന്പോൾ തീർച്ചയായും ബുദ്ധിമുട്ടാണ് . പക്ഷേ അതുവിചാരിച്ച് ദുഃഖിച്ച് ഇരിക്കാൻ കഴിയില്ലല്ലോ. ഭാര്യയും കുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബത്തെ സങ്കടപ്പെടുത്താൻ പറ്റില്ല. അവരെ നോക്കണം. അച്ഛനും അമ്മയും അടക്കം എനിക്കു വേണ്ടി പ്രാർത്ഥിക്കുന്ന ഒരുപാട് പേരുണ്ട്. അവരെയൊന്നും വേദനിപ്പിക്കാൻ കഴിയില്ല. ഈ ജീവിതം മറ്റൊരുതരത്തിൽ ഞാൻ ആസ്വദിക്കുകയാണ്.

ജീവിതത്തിൽ ബുദ്ധിമുട്ടു വരുന്പോൾ തോറ്റ് പിന്മാറാതെ മുന്നോട്ട് പോകണം എന്നാണ് ഞാൻ ചിന്തിക്കുന്നത്. ഞാൻ ആർക്കും മനസ്സാ വാചാ കർമണാ ഒരു ദ്രോഹവും ചെയ്തിട്ടില്ല. എന്നും ദൈവത്തോട് നന്നായി പ്രാർത്ഥിക്കാറുമുണ്ട്. എത്ര അടിച്ചുപൊളിച്ച് ജീവിച്ചാലും ഗായത്രി മന്ത്രം ചൊല്ലിയാണ് എന്നും എന്റെ ദിവസം ആരംഭിക്കുന്നത്. എന്ത് ബുദ്ധിമുട്ട് വന്നാലും ദൈവത്തിലും നമ്മിലും ഉള്ള വിശ്വാസം ഉണ്ടായാൽ മുന്നോട്ട് പോകാനുള്ള ശക്തി കിട്ടും.

sreesanth, s sreesanth, sreesanth family

വിവാദങ്ങളും കേസുകളും കഴിഞ്ഞു. ഇപ്പോൾ ശ്രീ ശാന്തനാണോ ?

സാധാരണ ജീവിതത്തിൽ ഞാനും എല്ലാവരേയും പോലെയാണ്. അങ്ങനെ എപ്പോഴും ചൂടായി നടക്കുന്ന ആളൊന്നുമല്ല ഞാൻ. ക്രിക്കറ്റിൽ മൈതാനത്ത് ഞാൻ അഗ്രസ്സീവ് ആയിതന്നെ കളിക്കും. രാഷ്ട്രീയത്തിൽ ബിജെപിക്കു വേണ്ടി ഇനിയും തിരഞ്ഞെടുപ്പിൽ മത്സരിക്കും. യുപിയിൽ ഇലക്ഷൻ പ്രചാരണത്തിനു പോകണം. ദൈവാനുഗ്രഹം കൂടിയുണ്ടെങ്കിൽ രാഷ്ട്രീയത്തിലും സജീവമാകാൻ സാധിക്കും.

ജീവിതത്തിൽ പുതിയ സന്തോഷങ്ങളുടെ തിരക്കിലാണ് ശ്രീ. മുംബൈയിൽ നിന്ന് കൊച്ചിയിലെ പുതിയ വീട്ടിലേക്ക് താമസം മാറി. ശ്രീശാന്തിനും ഭാര്യ ഭുവനേശ്വരിക്കും മകൾ ശ്രീ സാൻവികയെ കൂടാതെ ഒരു മകൻ കൂടി ജനിച്ചു, സൂര്യശ്രീ. എല്ലാ തിരക്കുകളും ശാന്തനായി ആസ്വദിക്കുകയാണ് മലയാളികളുടെ സ്വന്തം ശ്രീ.

sreesanth, s sreesanth, sreesanth family, sreesanth wife

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook