സൽമാൻ ഖാൻ അവതാരകനായ ബിഗ് ബോസ് 12-ാം സീസണിലെ 17 മൽസരാർത്ഥികളിൽ ഒരാളാണ് മലയാളി താരം ശ്രീശാന്ത്. ശ്രീശാന്തിന്റെ സാന്നിധ്യം തന്നെയായിരുന്നു ഷോയുടെ ഒരു പ്രത്യേകത. എന്നാൽ ഷോ തുടങ്ങി രണ്ടു ദിവസം കഴിയും മുൻപേ ബിഗ് ബോസ് ഹൗസ് വിട്ടുപോകുമെന്ന് ശ്രീശാന്ത് ഭീഷണി മുഴക്കി.

ബിഗ് ബോസ് ഏൽപ്പിച്ച ഒരു ടാസ്കിൽ ശ്രീശാന്ത് പരാജയപ്പെട്ടിരുന്നു. തുടർന്ന് ബിഗ് ബോസ് ആ ടാസ്ക് തന്നെ റദ്ദാക്കി. അതിനെ തുടർന്ന് ഹൗസിലുണ്ടായ സംസാരങ്ങളാണ് ശ്രീശാന്തിനെ കോപാകുലനാക്കിയത്. ബിഗ് ബോസ് നൽകിയ ‘ബിഗ്ബോസ് പ്രസ് കോൺഫറൻസ്’ ടാസ്കിലാണ് ശ്രീശാന്ത് പരാജിതനായത്. ടാസ്കിന്റെ ഭാഗമായി നൽകിയ സംവാദത്തിൽ ഒട്ടും താൽപ്പര്യമില്ലാതെ പെരുമാറിയ ശ്രീശാന്തിനെ മറ്റു മത്സരാർത്ഥികൾ പ്രോത്സാഹിപ്പിക്കാൻ ശ്രമിച്ചു. പിന്നാലെ, ടാസ്കിൽ പങ്കെടുക്കാതെ പറ്റില്ലെന്ന് ബിഗ് ബോസിന്റെ ഭാഗത്തുനിന്നും വാണിങ്ങും വന്നു.​ എന്നിട്ടും സംവാദത്തിൽ പങ്കെടുക്കാൻ ശ്രീശാന്ത് തയ്യാറായില്ല. അതോടെ ബിഗ് ബോസ് ടാസ്ക് തന്നെ റദ്ദാക്കി.

തങ്ങളുടെ ആദ്യ ടാസ്ക് തന്നെ ശ്രീശാന്ത് കാരണം പരാജയപ്പെട്ടുപോയതിന്റെ നിരാശയും ദേഷ്യവും പ്രകടിപ്പിച്ച മത്സരാർത്ഥികൾ ശ്രീശാന്തിന്റെ നിസ്സഹകരണത്തെ കുറ്റപ്പെടുത്തുകയും ചെയ്തു. സാബ, സോമി ഖാൻ സഹോദരിമാർ ഈ വിഷയത്തെ കുറിച്ച് ശ്രീശാന്തുമായി കയർത്തു. മത്സരാർത്ഥികളായ ദീപിക കകാറും കരൺവീർ ബൊഹ്റയും ടാസ്ക് എത്രമാത്രം പ്രാധാന്യമേറിയതായിരുന്നെന്ന് ശ്രീശാന്തിനെ പറഞ്ഞു മനസ്സിലാക്കാനും ശ്രമിച്ചു.

എന്നാൽ, ‘എല്ലാവരും കൂടി എന്നെ അസ്വസ്ഥരാക്കുകയാണ്, കുറച്ചുദിവസങ്ങൾ കൊണ്ട് ആളുകളെ ജഡ്ജ് ചെയ്യാൻ എനിക്ക് കഴിയില്ല. ഇതുപോലുള്ള ടാസ്കുകളാണ് ഗെയിമിന്റെ ഭാഗമായി വരുന്നതെങ്കിൽ എനിക്ക് കളിക്കാൻ​ ആഗ്രഹമില്ല’, എന്നു പറഞ്ഞ് താൻ ഷോ വിട്ടു പോകുമെന്ന് ശ്രീശാന്ത് സഹമത്സരാർത്ഥികളെ ഭീഷണിപ്പെടുത്തുകയായിരുന്നു. മറ്റുള്ളവരുടെ കുറ്റപ്പെടുത്തൽ കേൾക്കേണ്ടി വരുന്നത് തനിക്ക് അസന്തുഷ്ടി ഉണ്ടാക്കുന്നുവെന്നും ശ്രീശാന്ത് വ്യക്തമാക്കി.

എന്നാൽ ശ്രീശാന്തിന് അങ്ങനെയങ്ങ് ബിഗ് ബോസ് ഹൗസ് വിട്ടുപോകാനാവില്ല. ഷോ വിട്ടുപോയാൽ താരം ചിന്തിക്കുന്നതിനെക്കാൾ വൻതുക നൽകേണ്ടി വരും. ഏകദേശം 50 ലക്ഷം രൂപയാണ് ഷോ വിട്ടാൽ ശ്രീശാന്ത് കൊടുക്കേണ്ടി വരികയെന്നാണ് മെൻസ്എക്സ്പി വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരു സെലിബ്രിറ്റി ആയതിനാലാണ് ശ്രീശാന്തിന് ഇത്രയും വലിയ തുക നൽകേണ്ടി വരുന്നത്.

റിയാലിറ്റി ഷോ ശ്രീശാന്ത് വിട്ടുപോകുന്നത് ഇതാദ്യമല്ല. മുൻപ്, ‘ജലക് ദിക്‌ലാ ജാ’ ഷോയിൽനിന്നും ജഡ്ജസുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് ശ്രീശാന്ത് വിട്ടുപോയിരുന്നു. തന്റെ പ്രകടനത്തെക്കുറിച്ച് ജഡ്ജസുമാരായ മാധുരി ദീക്ഷിത്, റെമോ ഡിസൂസ, കരൺ ജോഹർ എന്നിവരുടെ പ്രതികരണമാണ് ശ്രീശാന്തിനെ ചൊടിപ്പിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook