പ്രേം നസീർ ചിത്രത്തിലെ അവസരം മോഹൻലാൽ വേണ്ടെന്നും വച്ചു എന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് നടൻ ശ്രീനിവാസൻ. മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യണമെന്ന ആഗ്രഹം പ്രേം നസീറിനുണ്ടായിരുന്നു. എന്നാൽ അതിൽ അഭിനയിക്കാൻ മോഹൻലാലിനു താത്പര്യ കുറവായിരുന്നെന്നും ശ്രീനിവാസൻ പറയുന്നു.
പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘കടത്തനാടൻ അമ്പാടി’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് പ്രേം നസീർ തന്റെ ആഗ്രഹം ശ്രീനിവാസനോട് പ്രകടിപ്പിച്ചത്. ശ്രീനിവാസന്റെ തിരക്കഥയിൽ പ്രേം നസീർ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം എന്നതായിരുന്നു സ്വപ്നം. ഈ കാര്യം മോഹൻലാൽ അറിഞ്ഞപ്പോൾ താത്പര്യമില്ലത്തതു പോലെ സംസാരിച്ചെന്നും ശ്രീനിവാസൻ ഓർത്തെടുത്തു.
ഒടുവിൽ ചിത്രത്തിനായുള്ള കഥ താൻ ആലോചിച്ചെന്നും മോഹൻലാലിന്റെ വിവാഹ നിശ്ചയ ദിവസം അഡ്വാൻസ് ചെക്ക് പ്രേം നസീർ നൽകിയെന്നും ശ്രീനിവാസൻ പറഞ്ഞു. വരവേൽപ്പ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് സമയത്തായിരുന്നു പ്രേം നസീറിന്റെ അപ്രതീക്ഷിത മരണം. ശ്രീനിവാസൻ അന്ന് ആലോചിച്ച കഥയാണ് പിന്നീട് സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘സന്ദേശം.’
പ്രേം നസീർ വിടപറഞ്ഞതിന്റെ പിറ്റേ ദിവസം മോഹൻലാൽ മലയാള മനോരമയിൽ എഴുതിയ കുറിപ്പ് കണ്ട് താൻ അദ്ദേഹത്തെ വിളിച്ചെന്ന് ശ്രീനിവാസൻ പറയുന്നു. പ്രേം നസീർ സാറിന്റെ സ്വപ്ന ചിത്രത്തിൽ അഭിനയിക്കാൻ സാധിക്കാതിരുന്നത് വലിയ നഷ്ടമായാണ് മോഹൻലാൽ കുറിച്ചത്. എന്തൊരു ഹിപ്പോക്രസിയാണിത് എന്നാണ് ഇത് വായിച്ച ശേഷം ശ്രീനിവാസൻ മോഹൻലാലിനോട് പറഞ്ഞത്.
ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിലാണ് ശ്രീനിവാസൻ കാര്യങ്ങൾ വെളിപ്പെടുത്തിയത്. പ്രേം നസീർ ചിത്രത്തിൽ നിന്ന് ഒഴിഞ്ഞു മാറിയത് മമ്മൂട്ടിയാണെന്ന തരത്തിലുള്ള പ്രചരണങ്ങളുണ്ടായിരുന്നു. ഇപ്പോഴാണ് കാര്യങ്ങൾ വ്യക്തമാകുന്നതെന്നാണ് കമന്റ് ബോക്സിൽ നിറയുന്ന ആരാധകരുടെ വാക്കുകൾ.