സിനിമയ്ക്ക് സമൂഹത്തെ തിരുത്താന്‍ ബുദ്ധിമുട്ടാണെന്ന് നടന്‍ ശ്രീനിവാസന്‍. ഗാന്ധിജി പറഞ്ഞിട്ടു കേള്‍ക്കാത്ത നമ്മളാണോ സിനിമ കണ്ടാലുടന്‍ നന്നാകാന്‍ പോകുന്നത് എന്നു ശ്രീനിവാസന്‍ ചോദിച്ചു. വനിതയ്ക്കു കൊടുത്ത അഭിമുഖത്തിലായിരുന്നു ശ്രീനിവാസന്റെ പ്രതികരണം.

‘ഗാന്ധിജി പറഞ്ഞിട്ട് കേള്‍ക്കാത്തവരാണ് നമ്മള്‍. അങ്ങനെയുള്ള ജനങ്ങള്‍ ഒരു സിനിമ കണ്ടാലുടന്‍ നല്ലവരാകും എന്നൊന്നും നമുക്ക് പറയാന്‍ പറ്റില്ല. പിന്നെ ചിലരുടെ ചില തീരുമാനങ്ങളെ സ്വാധീനിക്കാം അത്രമാത്രം. ഇപ്പോള്‍ ‘ഹൗ ഓള്‍ഡ് ആര്‍ യൂ’ എന്ന സിനിമ സ്ത്രീകള്‍ക്ക് ഒരു പ്രചോദനമായിരുന്നു പല കാര്യങ്ങളിലും. അതുപോലെ,’ ശ്രീനിവാസന്‍ പറഞ്ഞു.

കേരളത്തില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ മാഫിയ സംഘങ്ങള്‍ ആയാണ് പ്രവര്‍ത്തിക്കുന്നതെന്നും ശ്രീനിവാസന്‍ പറഞ്ഞു. പണപ്പിരിവ്, ഹര്‍ത്താല്‍, അക്രമം, കൊലപാതകം തുടങ്ങി പണ്ട് ചമ്പല്‍കൊള്ളക്കാര്‍ ചെയ്തുകൊണ്ടിരുന്നതാണ് ഇപ്പോള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘കേരളത്തിലെ വോട്ടര്‍മാര്‍ പ്രബുദ്ധരാണെന്നു പറയുമെങ്കിലും ഇത്രയും മണ്ടന്മാരായ വോട്ടര്‍മാര്‍ ലോകത്തു വേറെ കാണില്ല. ആദ്യ തിരഞ്ഞെടുപ്പു മുതല്‍ അത് പ്രകടമാണ്. ഇവിടെ ഇടത്, വലത് മുന്നണികള്‍ പത്തുവര്‍ഷത്തെ കാര്യങ്ങളാണ് പ്ലാന്‍ ചെയ്യുന്നത്. അഞ്ചുവര്‍ഷം ഭരണം. അപ്പോള്‍ ആവശ്യമുള്ളത് കട്ടെടുത്ത് സമ്പാദിച്ചു വയ്ക്കും. പിന്നെ വിശ്രമ ജീവിതം, അല്ലറ ചില്ലറസമരങ്ങള്‍, ജനകീയ യാത്രകള്‍. ഒന്നും ചെയ്തില്ലെങ്കിലും അധികാരത്തില്‍ വരുമെന്ന് അവര്‍ക്കറിയാം,’ അങ്ങനെ രണ്ടു മുന്നണികളും ജനങ്ങളെ കബളിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ശ്രീനിവാസന്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook