/indian-express-malayalam/media/media_files/2025/12/21/mammootty-sreenivasan-2025-12-21-18-44-33.jpg)
ശ്രീനിവാസൻ, മമ്മൂട്ടി
മലയാളികളെ ഇത്രയേറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത മറ്റൊരു സിനിമാക്കാരൻ വിരളമായിരിക്കും. സിനിമയിൽ മാത്രമല്ല, ജീവിതത്തിലും ഒരു ഇതിഹാസം പോലെ ജീവിച്ച കലാകാരനാണ് ശ്രീനിവാസൻ. മലയാളത്തിന്റെ പ്രിയതാരം ശ്രീനിവാസൻ വിടവാങ്ങുമ്പോൾ, അദ്ദേഹത്തിന്റെ സിനിമകൾക്കൊപ്പം തന്നെ ആരാധകർ നെഞ്ചേറ്റുന്ന ഒന്നാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ നിലപാടുകൾ. 1984-ൽ വിമലയുമായുള്ള തന്റെ വിവാഹത്തെക്കുറിച്ച് ശ്രീനിവാസൻ പലപ്പോഴും പങ്കുവെക്കാറുള്ള കഥ, കേവലം ഒരു തമാശയല്ല, മറിച്ച് ഈ നാട് കാത്തുസൂക്ഷിക്കേണ്ട മതസൗഹാർദ്ദത്തിന്റെ വലിയൊരു പാഠമാണ്.
ശ്രീനിവാസന്റെയും വിമലയുടെയും വിവാഹത്തിന് സാമ്പത്തികമായി ഏറെ കഷ്ടതയിലായിരുന്ന ശ്രീനിവാസനെ സാമ്പത്തികമായി സഹായിച്ചത് മമ്മൂട്ടിയും ഇന്നസെന്റും ആയിരുന്നു. സിനിമയിൽ അന്ന് ശ്രീനിവാസൻ പച്ചപിടിച്ചു വരുന്നതേയുള്ളൂ. വിവാഹം കഴിക്കാൻ തീരുമാനിച്ചപ്പോൾ കയ്യിൽ ഒരു പൈസ പോലുമില്ലായിരുന്നു. മദ്രാസിൽ നിന്ന് നാട്ടിലേക്ക് വരാൻ പോലും പണമില്ലാതിരുന്ന അവസ്ഥയിൽ നടൻ ഇന്നസെന്റ് തന്റെ ഭാര്യ ആലീസിന്റെ വള പണയം വെച്ച് നൽകിയ 400 രൂപയാണ് അദ്ദേഹത്തിന് തുണയായത്.
Also Read: സന്ദേശങ്ങൾ ബാക്കിയാക്കി നന്മ നിറഞ്ഞ ശ്രീനിവാസൻ മടങ്ങി
ഇന്നസെന്റ് ഭാര്യ ആലീസിന്റെ വളകൾ വിറ്റ് നൽകിയ 400 രൂപകൊണ്ട് ആയിരുന്നു വിവാഹ സാരിയൊക്കെ വാങ്ങിയത്. താലി വാങ്ങണം എന്ന് അമ്മ നിർബന്ധം പറഞ്ഞതോടെ ആണ് ശ്രീനിവാസൻ മമ്മൂട്ടിയെ കാണാൻ അദ്ദേഹത്തിന്റെ സിനിമയുടെ ലൊക്കേഷനിൽ എത്തുന്നത്. "എന്റെ വിവാഹമാണ് രജിസ്റ്റർ മാരേജ്. എനിക്കൊരു 2000 രൂപ വേണം" എന്നായിരുന്നു മമ്മൂട്ടിയോട് ശ്രീനിവാസൻ പറഞ്ഞത്. മമ്മൂട്ടി 2000 രൂപ കൊടുത്തു, ഒപ്പം ഒരു കാര്യം കൂടി പറഞ്ഞു. "വിവാഹത്തിൽ പങ്കെടുക്കാൻ ഞാനും വരുന്നുണ്ട്."
എന്നാൽ ശ്രീനിവാസൻ അത് സ്നേഹപൂർവ്വം നിരസിച്ചു. രജിസ്റ്റർ ഓഫീസിൽ വെച്ച് ആരെയും അറിയിക്കാതെ നടത്തുന്ന കല്യാണമാണ്. "കല്യാണത്തിന് വരരുത്. വന്നാൽ എന്റെ കല്യാണം മുടങ്ങും. കാരണം എന്നെ ആർക്കും അറിയില്ല. നിങ്ങൾ അങ്ങനെയല്ല. നിങ്ങൾ അറിയപ്പെടുന്ന ഒരു താരമാണ്. നിങ്ങൾ അവിടെ വന്നാൽ സംഭവം എല്ലാവരും അറിയും എന്ന് ഞാൻ മമ്മൂട്ടിയോട് പറഞ്ഞു. അപ്പോൾ അദ്ദേഹം എന്നോട് എങ്കിൽ വരുന്നില്ല എന്ന് പറഞ്ഞു," മുൻപൊരു അഭിമുഖത്തിൽ ശ്രീനിവാസൻ പറഞ്ഞതിങ്ങനെ. ഒടുവിൽ മമ്മൂട്ടി ആ അപേക്ഷ സ്വീകരിച്ചു.
Also Read: ബോക്സ് ഓഫീസിലെ ഒന്നാമൻ പട്ടം ലക്ഷ്യമിട്ട് കുതിച്ച് 'ധുരന്ധർ'; ഇതുവരെ നേടിയത്
"ഒരു ക്രിസ്ത്യാനി തന്ന 400 രൂപ. മുസ്ലീമായ മമ്മൂട്ടി തന്ന 2000 രൂപയ്ക്ക് ഹിന്ദുവായ പെൺകുട്ടിയുടെ കഴുത്തിൽ ഞാൻ കെട്ടിയ സ്വർണ്ണത്താലി. എന്ത് മതം, എവിടുത്തെ മതം, ആരുടെ മതം," തന്റെ വിവാഹത്തെ കുറിച്ച് ഒരു വേദിയിൽ ശ്രീനിവാസൻ പറഞ്ഞ ആ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാവുകയാണ്.
ഹാസ്യം കൊണ്ട് ചിരിപ്പിക്കുകയും ചിന്തകൾ കൊണ്ട് ഉണർത്തുകയും ചെയ്ത ആ മഹാപ്രതിഭയ്ക്ക് വിട നൽകുമ്പോൾ, അദ്ദേഹം ബാക്കിവെച്ച ഇത്തരത്തിലുള്ള വലിയ ജീവിതപാഠങ്ങൾ എന്നും നിലനിൽക്കും.
Also Read: ആ ശ്രീനിവാസൻ മാജിക്കിനെ രജനികാന്തിനോ ഷാരൂഖ് ഖാനോ പോലും മറികടക്കാനായില്ല
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us