വിനീത് ശ്രീനിവാസനു പിറകെ ധ്യാൻ ശ്രീനിവാസനും അച്ഛനൊപ്പം ഒന്നിച്ച് അഭിനയിക്കുകയാണ്. വി. എം വിനു സംവിധാനം ചെയ്യുന്ന ‘കുട്ടി മാമ’ എന്ന ചിത്രത്തിലാണ് ശ്രീനിവാസനും ധ്യാനും ഒന്നിച്ചെത്തുന്നത്. മുൻപ് ശ്രീനിവാസൻ- വിനീത് ശ്രീനിവാസൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ‘മകന്റെ അച്ഛൻ’ എന്ന ചിത്രം സംവിധാനം ചെയ്ത വി.എം വിനു തന്നെയാണ് ‘കുട്ടിമാമ’യും സംവിധാനം ചെയ്യുന്നത്
അച്ഛനും മകനും ഒന്നിച്ചെത്തുന്നു എന്നതിനു പുറമെ, അണിയറയിലും ചില കൗതുകങ്ങൾ ഒളിഞ്ഞിരിപ്പുണ്ടെന്നതാണ് ‘കുട്ടിമാമ’യുടെ മറ്റൊരു പ്രത്യേകത. അച്ഛൻ സംവിധായകനാകുമ്പോൾ ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് മകനാണ് എന്നതാണ് മറ്റൊരു കൗതുകം. വി എം വിനുവിന്റെ മകൻ വരുൺ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലസംഗീതവും നിർവ്വഹിക്കുന്നത് സംഗീത സംവിധായകൻ രാജാമണിയുടെ മകൻ അച്ചു രാജാമണിയാണ്. ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്.
മീര വസുദേവ്, ദുർഗ കൃഷ്ണ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിൽ വിശാഖ്, നിർമല പാലാഴി, മഞ്ജു പത്രോസ്, പ്രേം കുമാർ, കലിങ്ക ശശി, വിനോദ്, കലാഭവൻ റഹ്മാൻ, സന്തോഷ് കീഴാറ്റൂർ എന്നിവരും അഭിയനിക്കുന്നുണ്ട്. മനാഫ് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ വിതരണം സെൻട്രൽ പിക്ച്ചേഴ്സ് നിർവ്വഹിക്കും. മേയ് രണ്ടാം വാരത്തോടെ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്.
ബ്ലെസിയുടെ തന്മാത്രയിലൂടെ മലയാളസിനിമയിൽ അരങ്ങേറ്റം കുറിച്ച മീര വാസുദേവ് ഒരിടവേളയ്ക്കു ശേഷം തിരിച്ചുവരുന്ന ചിത്രം കൂടിയാണ് ‘കുട്ടിമാമ’. ‘ചിത്രത്തിലെ തന്റെ കഥാപാത്രത്തിനു വേണ്ടി ഡബ്ബ് ചെയ്തിരിക്കുന്നതും മീര തന്നെയാണ്. ‘കുട്ടിമാമ’യെ കൂടാതെ ‘താക്കോൽ’, ‘അപ്പുവിന്റെ സത്യാന്വേഷണം’, ‘ഒരു പാണിഗ്രഹണം’, ‘സൈലൻസർ’ തുടങ്ങി നിരവധിയേറെ ചിത്രങ്ങളിൽ മീര കരാറായിട്ടുണ്ട്.
അതേസമയം, നയൻതാരയേയും നിവിൻ പോളിയേയും നായികാനായകന്മാരാക്കി ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘ലവ് ആക്ഷൻ ഡ്രാമ’യുടെ ജോലികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ധ്യാനിന്റെ ആദ്യ സംവിധാന സംരംഭമാണ് ‘ലവ് ആക്ഷൻ ഡ്രാമ’. ശ്രീനിവാസനും പാർവ്വതിയും അഭിനയിച്ച ‘വടക്കുനോക്കി യന്ത്രം’ എന്ന ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരാണ് പുതിയ ചിത്രത്തിൽ കഥാപാത്രങ്ങൾക്ക് ധ്യാൻ നൽകിയിരിക്കുന്നത്. ദിനേശൻ ആയി നിവിൻ പോളിയായെത്തുമ്പോൾ ശോഭയായി നയൻതാരയും പ്രേക്ഷകർക്ക് മുന്നിലേക്കെത്തും. അജു വര്‍ഗീസും വിശാഖ് സുബ്രഹമണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ധ്യാൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Read more: അന്ന് ചേട്ടനൊപ്പം, ഇന്ന് അനിയനു വേണ്ടി; ‘മലർവാടി’ ടീം വീണ്ടുമൊന്നിക്കുന്നു
ഒമ്പത് വർഷങ്ങൾക്ക് ശേഷം ‘മലർവാടി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്’ എന്ന ചിത്രത്തിലൂടെ മലയാളസിനിമയിൽ അരങ്ങേറ്റം കുറിച്ച നിവിൻ പോളി, ശ്രാവൺ, ഹരികൃഷ്ണൻ, ഭഗത്, അജു വർഗ്ഗീസ് എന്നിവർ വീണ്ടുമൊന്നിക്കുന്നു എന്ന പ്രത്യേകതയും ‘ലവ് ആക്ഷൻ ഡ്രാമ’യ്ക്ക് ഉണ്ട്. ഉർവശിയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒരിടവേളയ്ക്കു ശേഷമാണ് നയൻതാര വീണ്ടും മലയാള സിനിമയിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 2016 ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ‘പുതിയ നിയമം’ ആയിരുന്നു നയൻതാരയുടെ അവസാന മലയാള ചിത്രം. ഷാന്‍ റഹ്മാനാണ് സംഗീതസംവിധായകൻ. പ്രദീപ് വര്‍മ്മ ഛായാഗ്രഹണവും വിവേക് ഹര്ഷന് എഡിറ്റിങ്ങും നിര്‍വ്വഹിക്കും.