/indian-express-malayalam/media/media_files/uploads/2017/07/Sreenivasan.jpg)
ശ്രീനിവാസൻ നായകനായെത്തുന്ന ചിത്രമാണ് അയാൾ ശശി. ഏവരും ഉറ്റുനോക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിൽ ശശി എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ശ്രീനിവാസൻ അവതരിപ്പിക്കുന്നത്. ഷൂട്ടിങ് ലൊക്കേഷനിൽ അണിയറ പ്രവർത്തകരെ മുഴുവൻ ശ്രീനിവാസൻ ശശിയാക്കി മാറ്റിയ സംഭവത്തെക്കുറിച്ച് പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ സജിൻ ബാബു.
സിനിമയുടെ ചിത്രീകരണം തിരുവനന്തപുരം കരമനയിൽ നടക്കുകയായിരുന്നു. ചിത്രത്തിൽ ശ്രീനിവാസന്റെ കഥാപാത്രമായ ശശിക്ക് സന്തതസഹചാരിയായ ഒരു വാഹനമുണ്ട്. ചിത്രീകരണത്തിനിടെ വണ്ടി പണി മുടക്കി. അന്ന് ഷൂട്ടിങ് മുടങ്ങേണ്ട സാഹചര്യം ഉണ്ടായി. അപ്പോൾ ശ്രീനിവാസൻ മുൻകൈ എടുത്ത് ഷൂട്ടിങ് നിർത്തേണ്ടെന്നു പറഞ്ഞു. വാഹനം ഓടിക്കുന്ന സീനായിരുന്നു ചിത്രീകരിക്കാനുണ്ടായിരുന്നത്. വണ്ടിയിൽ കയറിയ ശ്രീനിവാസൻ സ്റ്റാർട്ട് ചെയ്തു. ആദ്യം സ്റ്റാർട്ട് ആയില്ല, പിന്നെ സ്റ്റാർട്ട് ആയി. പക്ഷേ വണ്ടി നിയന്ത്രണം വിട്ട് മുന്നോട്ടുപോയി ഇടിച്ചു. വണ്ടി മറിയുന്നതിനു മുൻപേ ലൊക്കേഷനിലെ അംഗങ്ങൾ ഓടിചെന്ന് പിടിച്ചു. സംഭവം കണ്ടപ്പോൾ എല്ലാവരും പെട്ടെന്ന് സ്തബ്ധരായിപ്പോയി. പക്ഷേ ശ്രീനിവാസൻ ഒന്നും സംഭവിച്ചില്ല എന്ന മട്ടിൽ അടുത്ത ടേക്ക് എടുക്കാമെന്നു പറഞ്ഞു. ശ്രീനിവാസന്റെ ധൈര്യം കണ്ട് എല്ലാവരും അദ്ദേഹത്തെ നോക്കിനിന്നു പോയെന്നാണ് സംഭവത്തെക്കുറിച്ച് വിവരിച്ച സംവിധായകന്റെ വാക്കുകൾ.
നിരവധി പുരസ്കാരങ്ങൾ നേടിയ 'അസ്തമയം വരെ' എന്ന ചിത്രത്തിന് ശേഷം സജിന്‍ ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് അയാൾ ശശി. കൊച്ചു പ്രേമൻ, മറിമായത്തിലൂടെ മലയാളിയുടെ പ്രിയങ്കരനായ ശ്രീകുമാർ, ദിവ്യ ഗോപിനാഥ്, ജയകൃഷ്‌ണൻ എന്നിവരാണ് മറ്റു അഭിനേതാക്കൾ. പിക്‌സ് എൻ. ടേൽസിന്റെ ബാനറിൽപി.സുകുമാർ, സുധീഷ് എൻ.പിളള എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിലെ ശശിപ്പാട്ട് ഏറെ ശ്രദ്ധ നേടിയിരുന്നു. അച്ഛനു വേണ്ടി മകൻ വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.