അസുഖപർവ്വം താണ്ടി ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ. ‘കുറുക്കന്’ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ഈ നടൻ. ശ്രീനിവാസനൊപ്പം മകൻ വിനീതും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
തമാശകളും തഗ്ഗ് ഡയലോഗുകളുമൊക്കെയായി സദസ്സിനെ കയ്യിലെടുക്കാൻ പ്രത്യേക കഴിവുള്ള നടനാണ് ശ്രീനിവാസൻ. ‘കാപ്പ’ എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയ്ക്കിടയിൽ ശ്രീനിവാസൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ‘മലയാള സിനിമയിലെ ഏറ്റവും മികച്ച തിരക്കഥാകൃത്തും സൂപ്പർ ഹിറ്റ് സിനിമകൾ എഴുതിയതും ഞാനാണെ’ന്നായിരുന്നു ചിരിയോടെ ശ്രീനിവാസൻ പറഞ്ഞത്. “ഇത്രയും കാലം പറയാന്‍ പറ്റാതെ മൂടിവച്ച ഒരു സത്യം ഞാന്‍ തുറന്ന് പറയാന്‍ പോവുകയാണ്. മലയാള സിനിമയിലെ ഏറ്റവും മികച്ച തിരക്കഥാകൃത്ത് ഞാനാണ്. ഏറ്റവും കൂടുതല്‍ സൂപ്പര്‍ ഹിറ്റുകൾ എഴുതിയത് ഞാനാണ്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ തിരക്കഥ എഴുതിയതും ഞാന്‍ തന്നെയാണ്,” സരസമായ ശ്രീനിവാസന്റെ വാക്കുകളെ ചിരിയോടെയാണ് സദസ്സ് കേട്ടിരുന്നത്.
ചടങ്ങിൽ ഫാസിലിനെ കണ്ടതിലുള്ള സന്തോഷവും ശ്രീനിവാസൻ പങ്കുവച്ചു. “എന്നെ കാണാത്തത് കൊണ്ടാണോ എന്തോ ഫാസിലൊന്നും എന്നെ വച്ച് സിനിമയെടുക്കാത്തത് എന്നെനിക്ക് സംശയമുണ്ട്. എന്തായാലും ഞാനിപ്പോള്‍ സംസാരിക്കാനൊക്കെ തുടങ്ങിയിട്ടുണ്ട്. ഞാന്‍ വീണ്ടും അഭിനയിക്കാനും തുടങ്ങിയിട്ടുണ്ട്. അടുത്ത സിനിമയില്‍ ഞാന്‍ അഭിനയിക്കാന്‍ വരാം,” ശ്രീനിവാസൻ പറഞ്ഞു.