Latest News

‘രണ്ടാമൂഴം നടക്കും!’; എംടിയെ നേരില്‍ കണ്ട് ക്ഷമ ചോദിക്കുമെന്ന് ശ്രീകുമാര്‍ മേനോന്‍

‘എംടി സാറിനെ പ്രോജക്ടിന്റെ പുരോഗതി കൃത്യമായി അറിയിക്കാന്‍ കഴിയാഞ്ഞത് എന്റെ വീഴ്ച്ചയാണ്. ഞാന്‍ അദ്ദേഹത്തെ നേരില്‍ ചെന്ന് കണ്ട് കാര്യങ്ങള്‍ വ്യക്തമാക്കും. അദ്ദേഹത്തിന് എത്രയും വേഗം രണ്ടാമൂഴം സിനിമയായി കാണണം എന്ന ആഗ്രഹമുണ്ട്. ആ ആഗ്രഹം ഞാന്‍ നിറവേറ്റും’

കൊച്ചി: രണ്ടാമൂഴത്തില്‍ നിന്നും എം.ടി.വാസുദേവന്‍ നായര്‍ പിന്മാറുമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. രണ്ടാമൂഴം നടക്കുമെന്നാണ് ശ്രീകുമാര്‍ മേനോന്‍ പറയുന്നത്.

ചിത്രത്തിനായി കൈമാറിയ തിരക്കഥ തിരിച്ചുവാങ്ങും എന്ന് എംടി അറിയിക്കുകയായിരുന്നു. ചിത്രത്തിന്റെ ചിത്രീകരണം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് പിന്‍മാറാന്‍ അദ്ദേഹം തീരുമാനിച്ചത്. ചിത്രീകരണത്തിനെതിരെ അദ്ദേഹം തടസ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മറുപടിയുമായി ശ്രീകുമാര്‍ മേനോന്‍ രംഗത്തെത്തിയത്.

‘എംടി സാറിനെ പ്രോജക്ടിന്റെ പുരോഗതി കൃത്യമായി അറിയിക്കാന്‍ കഴിയാത്തത് എന്റെ വീഴ്ചയാണ്. ഞാന്‍ അദ്ദേഹത്തെ നേരില്‍ ചെന്ന് കണ്ട് കാര്യങ്ങള്‍ വ്യക്തമാക്കും. അദ്ദേഹത്തിന് എത്രയും വേഗം രണ്ടാമൂഴം സിനിമയായി കാണണം എന്ന ആഗ്രഹമുണ്ട്. ആ ആഗ്രഹം ഞാന്‍ നിറവേറ്റും. തിരക്കഥ എഴുതി കൊടുക്കുന്നതിന് മുന്‍പും, തിരക്കഥ എന്റെ കൈകളില്‍ വച്ച് തരുമ്പോഴും ഞാന്‍ ആ കാലുകള്‍ തൊട്ട് വന്ദിച്ചു കൊടുത്ത വാക്കാണ്.’ എന്നാണ് ശ്രീകുമാര്‍ മേനോന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്.

Read Also: രണ്ടാമൂഴത്തില്‍ നിന്നും എംടി പിന്‍മാറുന്നു; തിരക്കഥ തിരിച്ചുവാങ്ങും

‘ഒരുപാട് രാജ്യാന്തര കരാറുകളും, സങ്കീര്‍ണ്ണമായ സാമ്പത്തിക പ്ലാനുകളും ആവശ്യമായി വന്നു. ആയതിനാല്‍ ഞാന്‍ പ്രതീക്ഷിച്ചതിലും ഏറെ സമയം എടുത്തു. നിര്‍മ്മാതാവ് ബി.ആര്‍.ഷെട്ടിയും ഞാനും ഇതിനോടനുബന്ധിച്ച് കഴിഞ്ഞ മാസം യുഎസ് സന്ദര്‍ശിച്ചിരുന്നു. മുന്‍പ് സ്ഥിരമായി എംടി സാറിനെ കാണുകയോ, അല്ലെങ്കില്‍ ഫോണ്‍ വഴി അദ്ദേഹത്തെ പ്രോജക്ടിന്റെ പുരോഗതിയെ കുറിച്ചും മറ്റും അറിയിക്കാറുണ്ടായിരുന്നു. എന്നാല്‍ ഒടിയന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുന്നതിനാല്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി അതിനു കഴിഞ്ഞിരുന്നില്ല. ഇതില്‍ അദ്ദേഹത്തിന് ആശങ്ക ഉണ്ടായിരുന്നിരിക്കും എന്ന് ഞാന്‍ മനസ്സിലാക്കുന്നു. അതിനിടയാക്കിയതില്‍ ഞാന്‍ അദ്ദേഹത്തെ നേരിട്ട് കണ്ട് ക്ഷമ ചോദിക്കും’, എന്നാണ് ചിത്രീകരണം വൈകിയതിന് ശ്രീകുമാര്‍ നല്‍കുന്ന വിശദീകരണം.

ചിത്രത്തിന്റെ ചിത്രീകരണം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് എംടിയുടെ നടപടി. തിരക്കഥ തിരികെ കിട്ടാന്‍ കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ്. തിരക്കഥയ്ക്കായി മുന്‍കൂറായി വാങ്ങിയ തുക മടക്കിക്കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിരന്തരം പഠനവും ഗവേഷണവും നടത്തിയാണ് താന്‍ രണ്ടാമൂഴം കഥയുണ്ടാക്കിയതെന്നും എന്നാല്‍ താന്‍ കാട്ടിയ ആവേശം സിനിമ ചെയ്യുന്നവര്‍ കാട്ടിയില്ലെന്നാണ് എംടിയുടെ പരാതി. തിരക്കഥ കിട്ടുമ്പോള്‍ മുന്‍കൂറായി കൈപ്പറ്റിയ തുകയും മടക്കി നല്‍കാനാണ് ഉദ്ദേശം.

Read More:

മോഹന്‍ലാലിന്‍റെ ഭീമസേനനെ ഇന്ത്യ എങ്ങനെ സ്വീകരിക്കും?

മഹാഭാരതത്തിലെ ഭീമന്റെ ജീവിതം പകര്‍ത്തുന്ന എംടിയുടെ രണ്ടാമൂഴം നോവലിനെ അടിസ്ഥാനമാക്കിയാണ് മോഹന്‍ലാലിനെ ഭീമനാക്കി ചിത്രം പദ്ധതിയിട്ടത്. 1984 ല്‍ പുറത്തിറങ്ങിയ നോവല്‍ മഹാഭാരത കഥയുടെ വേറിട്ടൊരു കാഴ്ചപ്പാടായാണ് വിലയിരുത്തപ്പെടുന്നത്. സിനിമയുടെ ഇംഗ്ലീഷ്, മലയാളം തിരക്കഥ എം.ടി.വാസുദേവന്‍ നായര്‍ നല്‍കി മൂന്ന് വര്‍ഷം കഴിഞ്ഞിരുന്നു. എന്നാല്‍ സിനിമയുടെ ചിത്രീകരണ ജോലികള്‍ അനന്തമായി നീളുന്നതാണ് എംടിയെ അസ്വസ്ഥനാക്കിയിരിക്കുന്നത്.

ശ്രീകുമാര്‍ മേനോന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

രണ്ടാമൂഴം നടക്കും!

എംടി സാറിനെ പ്രോജക്ടിന്റെ പുരോഗതി കൃത്യമായി അറിയിക്കാന്‍ കഴിയാഞ്ഞത് എന്റെ വീഴ്ചയാണ്. ഞാന്‍ അദ്ദേഹത്തെ നേരില്‍ ചെന്ന് കണ്ട് കാര്യങ്ങള്‍ വ്യക്തമാക്കും. അദ്ദേഹത്തിന് എത്രയും വേഗം രണ്ടാമൂഴം സിനിമയായി കാണണം എന്ന ആഗ്രഹമുണ്ട്. ആ ആഗ്രഹം ഞാന്‍ നിറവേറ്റും. തിരക്കഥ എഴുതി കൊടുക്കുന്നതിന് മുന്‍പും, തിരക്കഥ എന്റെ കൈകളില്‍ വച്ച് തരുമ്പോഴും ഞാന്‍ ആ കാലുകള്‍ തൊട്ട് വന്ദിച്ചു കൊടുത്ത വാക്കാണ്.

ഒരുപാട് അന്താരാഷ്ട്ര കരാറുകളും, സങ്കീര്‍ണ്ണമായ സാമ്പത്തിക പ്ലാനുകളും ആവശ്യമായി വന്നു. ആയതിനാല്‍ ഞാന്‍ പ്രതീക്ഷിച്ചതിലും ഏറെ സമയം എടുത്തു. നിര്‍മ്മാതാവ് ബി.ആര്‍.ഷെട്ടിയും ഞാനും ഇതിനോടനുബന്ധിച്ച് കഴിഞ്ഞ മാസം യുഎസ് സന്ദര്‍ശിച്ചിരുന്നു.

മുന്‍പ് സ്ഥിരമായി എംടി സാറിനെ കാണുകയോ, അല്ലെങ്കില്‍ ഫോണ്‍ വഴി അദ്ദേഹത്തെ പ്രോജെക്ക്റ്റിന്റെ പുരോഗതിയെ കുറിച്ചും മറ്റും അറിയിക്കാറുണ്ടായിരുന്നു. എന്നാല്‍ ഒടിയന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുന്നതിനാല്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി അതിനു കഴിഞ്ഞിരുന്നില്ല. ഇതില്‍ അദ്ദേഹത്തിന് ആശങ്ക ഉണ്ടായിരുന്നിരിക്കും എന്ന് ഞാന്‍ മനസ്സിലാക്കുന്നു. അതിനിടയാക്കിയതില്‍ ഞാന്‍ അദ്ദേഹത്തെ നേരിട്ട് കണ്ട് ക്ഷമ ചോദിക്കും.

പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ അതിന്റെ അവസാന ഘട്ടത്തിലാണ്. എത്രയും വേഗം ചിത്രത്തിന്റെ ഔദ്യോഗികമായ അറിയിപ്പും, 2019 ജൂലൈയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നതിന് വേണ്ടിയുള്ള ഒരുക്കങ്ങളും നടത്തുന്നതായിരിക്കും.

മലയാളികളുടെ അഭിമാനമായ എംടി സാറിന്റെ രണ്ടാമൂഴത്തിനെ അന്തര്‍ദേശീയ നിലവാരത്തില്‍ ചലച്ചിത്രമായി പുറത്തു കൊണ്ടുവരിക എന്നതാണ് ഞാന്‍ കൊടുത്ത വാക്ക്. അത് നിറവേറ്റാന്‍ ബി. ആര്‍. ഷെട്ടിയെ പോലൊരു നിര്‍മ്മാതാവ് കൂടെയുള്ളപ്പോള്‍ അത് അസംഭവ്യമാകും എന്ന് ഞാന്‍ ഭയപ്പെടുന്നില്ല.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Sreekumar menon reacts to mt vasudevan nair

Next Story
തിയറ്റര്‍ വിട്ടിറങ്ങിയിട്ടും മറക്കാതെ മലയാളി കൂടെക്കൂട്ടിയവ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express