സ്വതസിദ്ധമായ അഭിനയശൈലിയിലൂടെയും ആരെയും ആകർഷിക്കുന്ന മുഖഭാവങ്ങളിലൂടെയും ഏറെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് ‘മൂക്കുത്തി’ എന്ന ഹ്രസ്വചിത്രത്തിലെ നായികയായി എത്തിയ ശ്രീരഞ്ജിനി. ‘മൂക്കുത്തി’, ‘ദേവിക +2 ബയോളജി’ എന്നീ ഷോട്ട് ഫിലിമിലുകൾക്കു പുറമെ ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന ചിത്രത്തിലൂടെ സിനിമയിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ശ്രീരഞ്ജിനിയിപ്പോൾ.

സംഗീത കുടുംബത്തിൽ നിന്നുമാണ് ശ്രീ രഞ്ജിനിയുടെ വരവ്. സംഗീതജ്ഞനായ അച്ഛൻ ഉണ്ണിരാജ് മക്കൾക്ക് നൽകിയത് പ്രിയപ്പെട്ട രാഗങ്ങളുടെ പേരുകളാണ്- ബിലഹരിയും ശ്രീരഞ്ജിനിയും. അനിയത്തി ശ്രീ രഞ്ജിനി അഭിനയത്തിൽ സജീവമാകുമ്പോൾ ചേട്ടൻ ബിലഹരിയുടെ യാത്ര സംവിധാനവഴിയിലാണ്. ‘പോരാട്ടം’, ‘അള്ള് രാമേന്ദ്രൻ’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ ബിലഹരിയുടെ അനിയത്തിയാണ് ശ്രീരഞ്ജിനി. ഇവരുടെ അമ്മ രമാദേവിയും ‘തണ്ണീർമത്തൻ ദിനങ്ങളിൽ’ അഭിനയിച്ചിട്ടുണ്ട്. മാത്യു തോമസിന്റെ അമ്മയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് രമാദേവിയാണ്. സിനിമാ വിശേഷങ്ങളും ഇഷ്ടങ്ങളുമെല്ലാം ഇന്ത്യൻ എക്സ്‌പ്രസ് മലയാളവുമായി പങ്കുവയ്ക്കുകയാണ് ശ്രീരഞ്ജിനി.

 

‘മൂക്കുത്തി’ വിശേഷങ്ങൾ

ഒട്ടും പ്രതീക്ഷിക്കാതെയാണ് ‘മൂക്കുത്തി’യിലെത്തുന്നത്. ഏട്ടന്റെ ഫ്രണ്ടാണ് ഗിരീഷേട്ടൻ. ഒരു ദിവസം ഏട്ടനെ കാണാൻ വന്ന് സംസാരിക്കുന്നതിനിടയിലാണ്, പുതിയ ഷോട്ട്ഫിലിമിലേക്ക് ഇവള് ഓകെയാണല്ലോ എന്നു പറയുന്നത്. എന്നെ ആളുകൾ കൂടുതലും തിരിച്ചറിയുന്നത് ‘മൂക്കുത്തി’യുടെ പേരിലാണ്. ‘തണ്ണീർമത്തൻ ദിനങ്ങൾ’ ഇറങ്ങിയിട്ടും കഴിഞ്ഞ ദിവസം ഒരു കുട്ടി വന്ന് ‘മൂക്കുത്തി’യിലെ ചേച്ചിയല്ലേ?’ എന്നു ചോദിച്ചാണ് പരിചയപ്പെട്ടത്.

‘തണ്ണീർമത്തൻ ദിനങ്ങൾ’ അനുഭവങ്ങൾ

സിനിമയിൽ അഭിനയിക്കുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു. വിനീതേട്ടന്റെ ജോഡിയായിട്ടാണ് അഭിനയിക്കേണ്ടത് എന്നു പറഞ്ഞപ്പോൾ പിന്നെയും ടെൻഷനായി. പക്ഷേ വിനീതേട്ടൻ കൂളായിരുന്നു, ‘തണ്ണീർമത്തൻ ദിനങ്ങളി’ൽ അഭിനയിച്ച കുട്ടികളും അതെ. നന്നായി ആസ്വദിച്ചാണ് ഷൂട്ട് ചെയ്തത്. സമയം എടുത്ത് ചെയ്യാനുള്ള സാവകാശം ഗിരീഷേട്ടനും ജോമോൻ ചേട്ടനുമൊക്കെ നൽകി. എനിക്ക് ഡയലോഗുകൾ അധികമില്ലായിരുന്നു, കൂടുതലും എക്സ്പ്രഷൻസ് ആയിരുന്നു.

Read Here: Thanneermathan Dinangal: പൊരി വെയിലത്ത് കഴിച്ച തണ്ണിമത്തന്റെ കുളിര്‍മ

വിനീത് ശ്രീനിവാസൻ

വിനീതേട്ടൻ നല്ല സപ്പോർട്ട് തന്നിരുന്നു, നമ്മളെ കംഫർട്ട് ആക്കും. വിനീതേട്ടൻ ലൊക്കേഷനിൽ വന്നതോടെ നല്ല ഓളമായിരുന്നു. സെലബ്രിറ്റി മൈൻഡിൽ ഷൂട്ട് കഴിഞ്ഞ് മാറി പോയിരിക്കുന്ന ആളൊന്നുമല്ല. ഞങ്ങളുടെയൊക്കെ കൂടെ തന്നെ നിന്നു. ടൂർ പോകുന്ന സീൻ ചിത്രീകരിക്കുമ്പോഴൊക്കെ വേറെ കാറുണ്ടെങ്കിലും ഷൂട്ട് കഴിഞ്ഞാലും ഞങ്ങളുടെ കൂടെ ബസ്സിൽ തന്നെ ചെലവഴിക്കും. ‘എനിക്കിതെല്ലാം മിസ്സ് ചെയ്ത കാര്യങ്ങളാണ്, ഇതൊക്കെ തിരിച്ചുകിട്ടി’ എന്നൊക്കെ പറഞ്ഞു. സ്കൂളിൽ നിന്നും ടൂറു പോകുന്നതു പോലെയായിരുന്നു ആ യാത്ര. ‘ ടീച്ചറേ… പിള്ളേരെ ശ്രദ്ധിച്ചോ’ എന്നൊക്കെ ഇടയ്ക്കിടെ എന്നോട് പറയുമായിരുന്നെങ്കിലും നമ്മള് കുട്ടികളെ പോലെ തന്നെ കളിച്ചു ചിരിച്ചു നടന്നു.

തണ്ണീർ മത്തൻ ദിനങ്ങൾ, ദേവിക പ്ലസ് ടു ബിയോളജി, മൂക്കുത്തി ശ്രീ രഞ്ജിനി സംസാരിക്കുന്നു, thaneer mathan dinangal, devika plus two biology, mookkuthi

ബോധം തിരിച്ചുവന്നോ ടീച്ചറേ?

‘തണ്ണീർമത്തൻ ദിനങ്ങളി’ൽ എല്ലാവർക്കും ഏറെ ഇഷ്ടപ്പെട്ടത് ക്ലൈമാക്സിലെ തലകറങ്ങി വീഴുന്ന സീൻ ആണെന്നു തോന്നുന്നു. ഒരുപാട് പേർ ഇഷ്ടമായെന്നു പറഞ്ഞു. ‘ബോധം തിരിച്ചുവന്നോ ടീച്ചറേ?’ എന്നൊക്കെ ചോദിച്ച് ഒരുപാട് കമന്റ്സ് വരുന്നുണ്ട്. ആ സീൻ ആളുകളുടെ മനസ്സിൽ രജിസ്റ്ററായി എന്നു തോന്നുന്നു.

ഡയലോഗും എക്സ്പ്രഷനും

‘മൂക്കുത്തി’യിൽ ആണെങ്കിലും ആളുകൾ കൂടുതലും എന്റെ എക്സ്പ്രഷൻസ് ആണ് ശ്രദ്ധിച്ചത്. ‘തണ്ണീർമത്തൻ ദിനങ്ങളി’ലും ഭാവങ്ങളാണ് കൂടുതലും ഉപയോഗിച്ചിരിക്കുന്നത്, നോക്കുന്നത്, ചിരിക്കുന്നത് ഒക്കെയാണ് കൂടുതൽ. എനിക്ക് ഡയലോഗ് പറയുന്നതിലും എക്സ്പ്രഷൻസിൽ ആണ് ആത്മവിശ്വാസം. സുഹൃത്തുക്കളും അത് പറയാറുണ്ട്.

ഞാൻ നടിയായി കാണണമെന്ന് ആഗ്രഹിച്ചത് ചേട്ടൻ

അഭിനയത്തോട് എനിക്ക് യാതൊരു വിധത്തിലുള്ള പാഷനുമില്ല. ചേട്ടൻ വഴിയാണ് അഭിനയത്തിലേക്ക് വരുന്നത്. ‘മൂക്കുത്തി’യ്ക്ക് മുൻപ് ഒരു ‘കണ്ണാടിക്കഥ’ എന്നൊരു ഷോട്ട് ഫിലിമിൽ അഭിനയിച്ചിരുന്നു. അത് ചേട്ടന്റെ ഷോട്ട്ഫിലിം ആണ്, പ്രതീക്ഷിക്കാതെയാണ് അതിലും അഭിനയിക്കുന്നത്.

ചേട്ടനാണ് എന്റെ പ്രധാന ബലം. ചേട്ടൻ സിനിമാരംഗത്ത് ഉള്ളതുകൊണ്ട് എല്ലാ കാര്യത്തിലും ചേട്ടന്റെ സപ്പോർട്ടുണ്ട്. നീ അവിടെ പോണം, അതു ചെയ്യണം, ഏതു ഡ്രസ്സ് ഇടണം എന്നൊക്കെ എനിക്ക് സജസ്റ്റ് ചെയ്യും. ഏറെ ഫ്രണ്ട്‌ലിയാണ് ഏട്ടൻ. എല്ലാം തുറന്നു പറയാം ആളോട്, എന്റെ ബെസ്റ്റിയാണ്. ചേട്ടനെ പോലൊരു ചേട്ടനെ കിട്ടിയെങ്കിൽ എന്ന് എന്റെ ഫ്രണ്ട്സ് ഒക്കെ പറയും. എല്ലാകാര്യത്തിനും സ്വാതന്ത്ര്യം തരുന്ന ആളാണ്. അമ്മ എന്തെങ്കിലും പറഞ്ഞാലും ‘അങ്ങനെയെല്ല, അവൾ അവളുടെ ഇഷ്ടങ്ങളിൽ പോട്ടെ’ എന്നു പറയും. സ്നേഹമുള്ള ചേട്ടനാണ്.

ടീച്ചർ അടിപൊളിയാ

ഡാൻസ് ചെറുപ്പം മുതലേ പഠിക്കുന്നുണ്ട്, പക്ഷേ ഞാൻ കുറച്ചുകൂടി ശ്രദ്ധ കൊടുക്കുന്നത് സംഗീതത്തിനാണ്. എന്റെ അച്ഛൻ സംഗീതജ്ഞനാണ്. കാലടി യൂണിവേഴ്സിറ്റിയിൽ നിന്നും ബി എ ഭരതനാട്യം ചെയ്തു.  ഇപ്പോൾ ഒരു സ്കൂളിൽ ഡാൻസ് ടീച്ചറായി പഠിപ്പിക്കുകയാണ്. സ്കൂളിൽ ചെന്നപ്പോൾ വലിയ കുട്ടികളൊക്കെ വന്നു പരിചയപ്പെട്ടു. ടീച്ചർ അടിപൊളിയാ എന്നൊക്കെ പറഞ്ഞു. കുട്ടികളും ടീച്ചേഴ്സുമെല്ലാം നല്ല സപ്പോർട്ട് ആണ്.

തണ്ണീർ മത്തൻ ദിനങ്ങൾ, ദേവിക പ്ലസ് ടു ബിയോളജി, മൂക്കുത്തി ശ്രീ രഞ്ജിനി സംസാരിക്കുന്നു, thaneer mathan dinangal, devika plus two biology, mookkuthi

വ്യത്യസ്തമായ ഹോബി

ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ചേട്ടന്റെ സുഹൃത്തുക്കളിൽ ഫോട്ടോഗ്രാഫേഴ്സ് ഉണ്ട്, എന്റെ ഫോട്ടോ ക്രെയിസ് അറിയുന്നത് കൊണ്ട് വീട്ടിൽ വരുമ്പോൾ ധാരാളം ഫോട്ടോ എടുത്തു തരുമായിരുന്നു. ഇപ്പോ പിന്നെ ക്യാമറ കൊണ്ടു വരാതായി, അവർക്ക് ഫോട്ടോ എടുത്തു മതിയായി. (ചിരിക്കുന്നു)  ആരോടും ഞാൻ ഫോട്ടോ എടുത്തു തരാൻ പറയും. അത്രയ്ക്കും ഇഷ്ടമാണ്, ഫോട്ടോയെടുക്കാൻ.

ഇഷ്ടനായികമാർ

മംമ്ത മോഹൻദാസിനെ ഒരുപാട്  ഇഷ്ടമാണ്. നല്ല ആറ്റിറ്റ്യൂഡാണ് അവർക്ക്. ഡയലോഗ് ഡെലിവറിയൊക്കെ പക്കയാണ്.   മഞ്ജുവാര്യരുടെ ഒരുവിധ എല്ലാ കഥാപാത്രങ്ങളും ശോഭനയുടെ ചിത്രങ്ങളും. ‘തൂവാനത്തുമ്പി’കളിലെ ക്ലാര എന്ന കഥാപാത്രത്തേയും ഇഷ്ടമാണ്.

സന്തോഷം വന്നാലും സങ്കടം വന്നാലും പാട്ടു കേൾക്കും

മോഹൻലാലിന്റെ സിനിമകളിലെ മിക്ക പാട്ടുകളും ഇഷ്ടമാണ്. മെലഡികളാണ് കൂടുതൽ ഇഷ്ടം. സന്തോഷം വന്നാലും സങ്കടം വന്നാലും പാട്ടു കേൾക്കുന്ന ഒരാളാണ്.  അഭിനയത്തേക്കാളും കൂടുതൽ സിനിമയിൽ പാടണമെന്ന് ആഗ്രഹമുണ്ട്.

ആളുകൾ തിരിച്ചറിയുമ്പോൾ സന്തോഷം

പുറത്തൊക്കെ പോവുമ്പോൾ ആളുകൾ ‘മൂക്കുത്തി’യിലെ ചേച്ചിയല്ലേ, കുട്ടിയല്ലേ എന്നൊക്കെ ചോദിക്കും. ആളുകൾ തിരിച്ചറിയുന്നതിൽ സന്തോഷമുണ്ട്. ഞാനത് ആസ്വദിക്കുന്നുണ്ട്. പണ്ട് അധികം വിളിക്കാത്ത സുഹൃത്തുക്കളൊക്കെ ഇപ്പോൾ മെസേജ് അയക്കും. അതൊക്കെ സന്തോഷമുള്ള കാര്യമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook