മലയാള സിനിമയിൽ തന്റെ പ്രിയ താരങ്ങൾ മോഹൻലാലും ദുൽഖർ സൽമാനുമാണെന്ന് തെന്നിന്ത്യൻ സൂപ്പർ താരം മഹേഷ് ബാബു. തന്റെ പുതിയ ചിത്രമായ സ്പൈഡറിന്റെ റിലീസിനോടനുബന്ധിച്ച് ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് മഹേഷ് ബാബു ഇക്കാര്യം വ്യക്തമാക്കിയത്.

‘ദൃശ്യവും പുലിമുരുകനും ഞാൻ കണ്ടു. മോഹന്‍ലാല്‍ സാര്‍ എന്റെ ഫേവറേറ്റ് ആക്ടറാണ്. യംഗ്സ്റ്റേഴ്സില്‍ ദുല്‍ഖര്‍ സല്‍മാനെയാണിഷ്ടം’ മഹേഷ് ബാബു പറഞ്ഞു. നല്ല കഥ വന്നാൽ ആരോടൊപ്പവും മലയാളത്തിൽ അഭിനയിക്കുമെന്നും താരം വ്യക്തമാക്കി.

ഏആര്‍ മുരുഗദോസിനോടൊപ്പം തന്നെ തന്റെ ആദ്യത്തെ തമിഴ് പടം യാഥാർഥ്യമായതിൽ ഒരുപാട് സന്തോഷമുണ്ടെന്നും മഹേഷ് ബാബു പറയുന്നു. ‘ഒരു സ്വപ്നം യാഥാർഥ്യമായതു പോലെ തോന്നുന്നു. തമിഴില്‍ അഭിനയിക്കാന്‍ കുറച്ചു താമസിച്ചുപോയെങ്കിലും പ്രശ്നമില്ല. ഞാന്‍ വളരെ ഹാപ്പിയാണ്’ മഹേഷ് ബാബു അഭിമുഖത്തിൽ പറയുന്നു.

മഹേഷ് ബാബുവിന്റെ കരിയറിലെ ഏറ്റവും മുതൽമുടക്കുള്ള പ്രോജക്ട് ആണ് ഇന്ന് റിലീസ് ചെയ്ത് ‘സ്പൈഡർ’. തെലുങ്കിലും തമിഴിലും റിലീസ് ചെയ്യുന്ന ചിതത്തിൽ എസ് ജെ സൂര്യയാണ് വില്ലൻ വേഷത്തിൽ എത്തുന്നത്. സന്തോഷ് ശിവനാണ് സ്‌പൈഡറിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. പുലിമുരുകനിലെ ആക്ഷൻ രംഗങ്ങളൊരുക്കിയ പീറ്റർ ഹെയ്‌നാണ് ആക്ഷൻ കൊറിയോഗ്രാഫർ. ഹാരിസ് ജയരാജ് സംഗീതം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ