മഹേഷ് ബാബു ചിത്രമായ സ്‌പൈഡറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. തെലുങ്കിലും തമിഴിലുമാണ് സ്‌പൈഡർ ഒരുങ്ങുന്നത്. നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധയാകനായ എ.ആർ.മുരുകദോസാണ് സ്‌പൈഡറിന്റെ സംവിധായകൻ.

മഹേഷ് ബാബുവിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന മോഷൻ പോസ്റ്ററാണ് സ്‌പപൈഡർ ടീം പുറത്തിറക്കിയിരിക്കുന്നത്. പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ടാണ് പുതിയ പോസ്റ്റർ എത്തിയിരിക്കുന്നത്. കൈയ്യിൽ തോക്കുമായി നിൽക്കുന്ന മഹേഷ് ബാബുവിനെയാണ് പോസ്റ്ററിൽ കാണുന്നത്. പൊലീസ് വേഷത്തിലാണ് മഹേഷ് ബാബു ചിത്രത്തിലെത്തുന്നതെന്നാണ് സൂചന.

ത്രില്ലർ സിനിമകളൊരുക്കുന്നതിൽ പ്രഗൽഭനായ മുരുകദോസിന്റെ മറ്റൊരു ത്രില്ലറായിരിക്കുമിതെന്നാണ് സൂചന. വിജയ് നായകനായ തുപ്പാക്കിയൊരുക്കിയത് മുരുഗദോസായിരുന്നു. മഹേഷ് ബാബുവിന്റെ കരിയറിലെ തന്നെ വലിയ സിനിമകളിലൊന്നായിരിക്കും ഇതെന്നാണ് സിനിമാ ലോകത്ത് നിന്നുളള വാർത്തകൾ. തമിഴിലൊരുങ്ങുന്ന സിനിമ മലയാളത്തിലും പ്രദർശനത്തിനെത്തുന്നുണ്ട്.

മലയാളത്തിന്റെ അഭിമാനമായ സന്തോഷ് ശിവനാണ് സ്‌പൈഡറിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. പുലിമുരുകനിലെ ആക്ഷൻ രംഗങ്ങളൊരുക്കി മലയാളി മനം കവർന്ന പീറ്റർ ഹെയ്‌നാണ് സ്‌പൈഡറിലെ ആക്ഷൻ കൊറിയോഗ്രാഫർ. അതിനൽ സംഘട്ടന രംഗങ്ങളിൽ തീ പാറുമെന്നുറപ്പാണ്. ഹാരിസ് ജയരാജാണ് സിനിമയുടെ സംഗീത സംവിധായകൻ.

മഹേഷ് 23 എന്നാണ് ഈ ചിത്രം അറിയപ്പെട്ടിരുന്നത്. എസ്.ജെ.സൂര്യ, ഭരത്, രാകുൽ പ്രീത് സിങ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ