ക്രിക്കറ്റാകട്ടെ ഫുട്ബോളാകട്ടെ കളി ഏതായാലും ഇന്ത്യക്കാർക്ക് ഹരമാണ്. ഓരോ കായിക ഇനത്തെയും പോലെ തന്നെ നമുക്ക് പ്രിയപ്പെട്ടതാണ് ഓരോ കായിക താരവും. കളി പോലെ തന്നെ അറിയാൻ ആഗ്രഹിക്കുന്നതാണ് ഓരോ കളിക്കാരന്റെ ജീവിതവും അവർ പിന്നിട്ട വഴികളും. ഇന്ത്യ കണ്ട കായിക താരങ്ങളുടെ ജീവിതം പലതും സിനിമയാക്കിയിട്ടുണ്ട്.
2017 ൽ കായിക, സിനിമാ ആരാധകരെല്ലാം ആകാംക്ഷയോടെ കാത്തിരിക്കുന്നത് ക്രിക്കറ്റിലെ ദൈവത്തിന്റെ ജീവിതം പ്രമേയമാകുന്ന സച്ചിൻ എ ബില്യൻ ഡ്രീംസ് ചിത്രത്തിനു വേണ്ടിയാണ്. ജെയിംസ് എർസ്ക്കിൻ (James Erskine) സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സച്ചിൻ തന്നെയാണ് അഭിനയിക്കുന്നത്.
നിരവധി കായിക താരങ്ങളുടെ ജീവിതം വെള്ളിത്തിരയിൽ തെളിഞ്ഞ വർഷമായിരുന്നു 2016. ധോണിയും അസ്ഹറുദ്ദീനും മഹാവീർ സിങ് ഫോഗട്ടും വെള്ളിത്തിരയിലും ആവേശം സൃഷ്‌ടിച്ച താരങ്ങളാണ്. ഇവയ്ക്കു മുൻപും കായികതാരങ്ങളുടെ ജീവിതം സിനിമയായിട്ടുണ്ട്. ആ സിനിമകളിലൂടെ ഒരു യാത്ര…
ദംഗൽ (2016)
മഹാവീർ സിങ് ഫോഗട്ടിന്റെയും മക്കളുളുടെയും കഥ പറഞ്ഞ ദംഗലാണ് (2016) കഴിഞ്ഞ വർഷം തീയേറ്റർ കീഴടക്കിയ പ്രധാന ചിത്രം. ഒരു കാലത്ത് ഇന്ത്യയുടെ അഭിമാനം ലോകം മുഴുവൻ ഉയർത്തിയ ഗുസ്‌തി താരമാണ് മഹാവീർ. മക്കളായ ഗീതയും ബബിതയുമാകട്ടെ രാജ്യത്തിന്റെ യശസ്സുയർത്തിയ രണ്ട് അഭിമാന താരങ്ങളും. നിതേഷ് തിവാരിയാണ് ഇവരുടെ കായിക ജീവിതം വെള്ളിത്തിരയിലെത്തിച്ചത്. ഇന്ത്യൻ സിനിമയിലെ റെക്കോർഡുകൾ തൂത്തുവാരിയാണ് ദംഗൽ വെള്ളിത്തിരയിൽ ആവേശം തീർത്തത്. ആമിർ ഖാനാണ് മഹാവീറായി എത്തിയത്.
എം.എസ്. ധോണി: ദി അൺറ്റോൾഡ് സ്‌റ്റോറി (2016)
ഇന്ത്യൻ ക്രിക്കറ്റിലെ ക്യാപ്റ്റൻ കൂളാണ് ധോണി. ക്രിക്കറ്റിലെ വിലമതിക്കാനാവാത്ത താരം. വർഷങ്ങൾക്ക് ശേഷം ഇന്ത്യയ്ക്ക് ലോകകപ്പ് നേടിതന്ന ടീം ക്യാപ്റ്റൻ. ധോണിയുടെ ജീവിതത്തിലെ അധികമാരും പറയാത്ത മുഹൂർത്തങ്ങൾ കോഞ്ഞത്തിണക്കിയാണ് നീരജ് പാണ്ഡെ ഈ ചിത്രമൊരുക്കിയത്. റെയിൽവേയിലെ ടിടിആറായുള്ള ജീവിതവും, ആദ്യത്തെ പ്രണയവും, ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനിലേക്കുള്ള യാത്രയും കൂടിച്ചേർന്നതാണ് ചിത്രം.
അസ്ഹർ (2016)
ഇന്ത്യ കണ്ട പ്രഗത്ഭനായ ക്രിക്കറ്ററിലൊരാളാണ് മുഹമ്മദ് അസ്ഹറുദ്ദീൻ. ഇദ്ദേഹത്തിന്റെ ജീവിതമാണ് ടോണി ഡിസൂസ (Tony D’Souza) സംവിധാനം ചെയ്‌ത അസ്ഹർ. 1984 മുതൽ 2000 വരെ ഇന്ത്യൻ ക്രിക്കറ്റിലെ സജീവ സാന്നിധ്യമായിരുന്നു അസ്ഹറുദ്ദീൻ. അദ്ദേഹത്തിന്റെ കായിക ജീവിതവും ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഉൾപ്പോരുകളും വൈരാഗ്യങ്ങളും അസ്ഹർ ചിത്രത്തിലൂടെ സംവിധായകൻ വെള്ളിത്തിരയിലെത്തിച്ചു. എന്നാൽ തീയേറ്ററിൽ കാര്യമായ പ്രതികരണം സൃഷ്ടിക്കാൻ ചിത്രത്തിനായില്ല.
മേരി കോം (2014)
ഇടിക്കൂട്ടിലെ പെൺസിംഹമാണ് മേരി കോം. ഇന്ത്യൻ ബോക്‌സിങ്ങിന്റെ പേര് ലോകമാകെ ഉയർത്തിയ മേരി കോമിന്റെ ജീവിതവും അവരുടെ പേരിൽതന്നെ വെള്ളിത്തിരയിലെത്തി. ലണ്ടന്‍ ഒളിംപിക്‌സിൽ വെങ്കലവുമായി വന്ന് ഇന്ത്യയുടെ അഭിമാനമായി മാറിയ മേരിയായി വെള്ളിത്തിരയിലെത്തിയത് പ്രിയങ്ക ചോപ്രയാണ്. ഒമുങ്ങ് കുമാറാണ് മേരിയുടെ ജീവിതം സിനിമയാക്കിയത്.
ഭാഗ് മിൽക്ക ഭാഗ് (2013)
ഇന്ത്യക്കാർ പറക്കും സിങ് എന്നു വിശേഷിപ്പിക്കുന്ന മിൽക്ക സിങ്ങിന്റെ ജീവിത യാത്രയാണ് ഭാഗ് മിൽക്ക ഭാഗ്. കോമൺവെൽത്ത് ഗെയിംസിൽ ആദ്യമായി വ്യക്തിഗത ഇനത്തിൽ സ്വർണം നേടിയ താരമാണ് മിൽക്ക സിങ്. എക്കാലത്തെയും ഇന്ത്യയുടെ അഭിമാനമായ ഒളിംപിക് താരം. രാകേഷ് ഓംപ്രകാശ് മെഹ്റയാണ് പറക്കും സിങ്ങിന്റെ ജീവിതം സിനിമയാക്കിയത്. മിൽക്ക സിങ്ങിന്റെ ആത്മകഥയെ ആസ്‌പദമാക്കിയുള്ളതാണീ സിനിമ.
പാൻ സിങ് ടോമർ (2012)
ഇന്ത്യൻ അത്ലറ്റ് പാൻ സിങ്ങിന്റെ ജീവിതം പറയുന്ന സിനിമയാണിത്. ഇന്ത്യയിലെ സൈനികനായിരുന്നു പാൻ സിങ് ടോമർ. അത്ലറ്റിക്‌സിലെ മിന്നും താരം. ഏഴ് തവണ തുടർച്ചയായി നാഷനൽ സ്‌റ്റേപിൾചേസ് ചാംപ്യനായിരുന്ന ഇദ്ദേഹം 1958 ലെ ഏഷ്യൻ ഗെയിംസിൽ പങ്കെടുത്തിട്ടുണ്ട്. ഇന്ത്യ കണ്ട മികച്ച കായിക താരങ്ങളിലൊരാളായ പാൻ സിങ് പിന്നീട് ഇന്ത്യയെ വിറപ്പിച്ച കൊള്ളക്കാരനായി മാറി. ടിക്‌മാനുഷ് ദുലിയയാണ് (Tigmanshu Dhulia) പാൻ സിങ്ങിന്റെ ജീവിതം വെള്ളിത്തിരയിലെത്തിച്ചത്.
പട്യാല ഹൗസ് (2011)
അക്ഷയ് കുമാറിനെ നായകനാക്കി നിഖിൽ അഡ്വാനി സംവിധാനം ചെയ്‌ത ചിത്രമാണ് പട്യാല ഹൗസ്. ക്രിക്കറ്റ് കളിക്കാരനാകാൻ ആഗ്രഹിക്കുന്ന ഇംഗ്ളണ്ടിൽ ജീവിക്കുന്ന ഒരു സിങ്ങിന്റെ കഥയാണ് ചിത്രം പറയുന്നത്. ഇംഗ്ളണ്ട് ക്രിക്കറ്റ് താരം മോണ്ടി പനേസറിന്റെ ജീവിതത്തെയാണ് അക്ഷയ് കുമാറിന്റെ കഥാപാത്രം പ്രതിനിധീകരിക്കുന്നത്.
ചക് ദേ ഇന്ത്യ (2007)
ഒരു വനിത ഹോക്കി ടീം കോച്ചിന്റെ കഥ പറഞ്ഞ ചിത്രമാണ് ഷിമിത് അമിൻ സംവിധാനം ചെയ്‌ത ചക് ദേ ഇന്ത്യ. ഒത്തുകളി ആരോപണത്തിന്റെ പേരിൽ പുറത്താക്കപ്പെടുന്ന ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ ഏഴ് വർഷങ്ങൾക്ക് ശേഷം ഒരു വനിത ഹോക്കി ടീമിനെ പരിശീലിപ്പിക്കാൻ വരുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. ഷാരൂഖ് ഖാനാണ് ഹോക്കി പരിശീലകനായ കബീർ ഖാനായെത്തുന്നത്. 1982 ഏഷ്യൻ ഗെയിംസ് ഫെനലിൽ ഒത്തുകളിയാരോപിച്ച് ദ്രോഹിയായി ചിത്രീകരിക്കപ്പെട്ട കാത്ത മിര്‍ രഞ്ജന്‍ നേഗിയുടെ ജീവിതമാണ് ചക് ദേ ഇന്ത്യയ്ക്ക് പ്രേരകമായത്.
അശ്വനി (1991)
ഇന്ത്യയിലെ ദീർഘദൂര ഓട്ടക്കാരി അശ്വനി നാച്ചപ്പയുടെ ജീവിതവും സിനിമയായിട്ടുണ്ട്. 1991 ൽ തെലുങ്കിലിറങ്ങിയ ചിത്രം സംവിധാനം ചെയ്‌തത് ടി.എസ്.ബി.കെ. മൗലിയാണ്. ലോകമറിയപ്പെടുന്ന കായിക താരമാവാനായി അശ്വനി നടത്തുന്ന പരിശ്രമത്തിലൂടെയാണ് സിനിമ നീങ്ങുന്നത്. അശ്വനി തന്നെയാണ് പ്രധാന വേഷത്തിൽ. കൂടെ ബാനു ചാന്ദറുമുണ്ട്. ഒരു കായിക താരമെന്ന നിലയിലും അഭിനേത്രിയെന്ന നിലയിലും അശ്വനിയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയ ചിത്രമാണിത്.