കേരളക്കര കണ്ട എവർഗ്രീൻ ഹിറ്റ് ചിത്രങ്ങളിലൊന്നായ ‘സ്ഫടികം’ 28 വർഷങ്ങൾക്കു ശേഷം വീണ്ടും തിയേറ്ററിലെത്തി. ആടു തോമയും ചാക്കോ മാഷും നിറഞ്ഞാടിയ ‘സ്ഥടികം’ ഇന്നാണ് വീണ്ടും റിലീസ് ചെയ്‌തത്. 1995ലാണ് ചിത്രം ആദ്യം പുറത്തിറങ്ങിയത്. ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി മാറി ‘സ്ഫടികം’. വർഷങ്ങൾക്കിപ്പുറം ‘സ്ഫടികം’ വീണ്ടും തിയേറ്ററിലെത്തിയപ്പോൾ പ്രായഭേദമില്ലാതെ സിനിമാസ്വാദകർ ഓപ്പണിംഗ് ഷോ കാണാനെത്തി. ‘സ്ഫടികം’ എന്ന ചിത്രത്തിന്റെ കഥയെന്താണ് എന്നറിയാൻ വന്നവരല്ല അവരെന്ന കാര്യം തീർച്ചയാണ്. ഒന്നുകിൽ അവർ ഒരു കട്ട മോഹൻലാൽ ഫാനാണ്, അല്ലെങ്കിൽ ഒരു പ്രാവശ്യമെങ്കിലും ഈ ചിത്രം ഒന്ന് ബിഗ് സ്ക്രീനിൽ കാണാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചവരാണ്!
തോമയുടെ മുണ്ടു പറിച്ചടിയും, ചെകുത്താന്റെ നാടിളക്കിയുള്ള വരവും, ‘ഏഴിമലപൂഞ്ചോല’ ഗാനവുമൊക്കെ തിയേറ്റർ എക്‌സ്പീരിയൻസിന് വകയുള്ളവയാണ്. ഞാനുൾപ്പെടുന്ന മില്ലേനിയൽസ് സിനിമാസ്വാദകർ ആടു തോമയെയും അയാളുടെ ജീവിതവുമൊക്കെ പരിചയപ്പെട്ടത് ടിവി സ്ക്രീനിലൂടെയാണ്. അനവധി തവണ കണ്ടു കണ്ട് ചിത്രത്തിലെ ഓരോ ഡയലോഗും കഥാപാത്രങ്ങളുമൊക്കെ അവർക്ക് മനപ്പാഠവുമാണ്. തങ്ങൾ ജനിക്കുന്നതിനു മുൻപെ പിറവിയെടുത്ത സിനിമയും കഥാപാത്രങ്ങളെയും കാണാൻ വലിയ ആവേശത്തോടെ അവർ സീറ്റുകളിൽ സ്ഥാനമുറപ്പിച്ചു.
ബിഗ് സ്ക്രീനിൽ ‘ദി കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആസ് ആടു തോമ’ എന്ന് തെളിയുമ്പോൾ കേൾക്കുന്ന ആരവങ്ങൾ തന്നെയാണ് പുതുതലമുറയ്ക്കും ഈ ചിത്രം എത്രത്തോളം സുപരിചിതമാണെന്നതിന് തെളിവ്. തിലകൻ, കെ പി എ സി ലളിത, സിൽക്ക് സ്‌മിത, ബഹദൂർ അങ്ങനെ സ്ഫടികത്തിന്റെ ജീവാത്മാവായ താരങ്ങളെ ഓർമ്മിച്ചു കൊണ്ടാണ് ചിത്രം ആരംഭിച്ചത്. ഓരോ താരങ്ങളുടെ മുഖവും സ്ക്രീനിൽ തെളിയുമ്പോൾ കാണികളുടെ ഉള്ളിലെ ആവേശം അലതല്ലും. ‘ഇതെന്റെ പുത്തൻ റെയ്‌ബാൻ ക്ലാസ് ചവിട്ടിപൊട്ടിച്ചാൽ നിന്റെ കാൽ ഞാൻ വെട്ടും’, ‘ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണ്’ തുടങ്ങിയ ഡയലോഗുകൾ കഥാപാത്രങ്ങൾക്കൊപ്പം കാണികളും ആവേശത്തോടെ ഏറ്റുപിടിക്കുന്നുണ്ടായിരുന്നു. ഈ ഡയലോഗുകളൊക്കെ പല പ്രാവശ്യം കേട്ടും ജീവിതത്തിൽ പല അവസരങ്ങളിലും പ്രയോഗിച്ചും മാത്രം ശീലമുള്ളവർ ആ രംഗങ്ങൾ സക്രീനിൽ കണ്ടപ്പോൾ ഉന്മേഷഭരിതരായതാവാം.
വാട്സ്ആപ്പ് മേസേജുകളിൽ ചാറ്റിന് കൊഴുപ്പേകാൻ ധാരാളമായി ഉപയോഗിക്കാറുള്ള സ്റ്റിക്കറുകളും സ്ക്രീനിൽ കാണാനായി. കൂളിങ്ങ് ഗ്ലാസ്സ് വച്ചു കരയുന്ന തോമ, കോപ്രായം കാണിക്കുന്ന വക്കച്ചൻ (രാജൻ പി ദേവ്), മീശ പിരിക്കുന്ന കുറ്റിക്കാടൻ (സ്ഫടികം ജോർജ്) ഇവരെല്ലാം വാട്സ്ആപ്പ് ചാറ്റിലെ നിത്യ കഥാപാത്രങ്ങളാണ്. ഒരുപക്ഷേ ഈ ചിത്രത്തെ ഇത്രത്തോളം ജനകീയമാക്കി നിലനിർത്തുന്നത് ഇത്തരത്തിലുള്ള ചെറിയ ചെറിയ കാര്യങ്ങളുമാകാം.
സ്ഫടികത്തിലെ ഗാനങ്ങൾക്കും എന്നും ആരാധകർ ഉണ്ടായിരുന്നു. ‘ഏഴിമല പൂഞ്ചോലയും’ ‘പരിമല ചെരുവിലെ’യും തിയേറ്ററിൽ ആഘോഷമുണ്ടാക്കിയെങ്കിൽ ‘ഓർമ്മകൾ ഓടക്കുഴലൂതി’ എന്ന ഗാനം സമ്മാനിച്ചത് ഒരു പ്രത്യേക അനുഭൂതിയാണ്. വർഷങ്ങളായി പലരുടെയും പ്ലേലിസ്റ്റിലുള്ള ഗാനം ശബ്ദ മികവോടെ തിയേറ്ററിൽ കേൾക്കുമ്പോൾ പൊളി വൈബാണ്. ടിവിയിൽ കാണുന്നതിനേക്കാൾ കൂടുതൽ ആഴത്തിൽ ചിത്രത്തിലെ പല ഇമോഷണൽ സീനുകൾക്കും പ്രേക്ഷകരെ സ്പർശിക്കാൻ കഴിയുന്നുണ്ട്.
‘സ്ഫടികം’ കൂടുതൽ മികവോടെ എത്തുന്നു എന്ന് പറയുമ്പോഴും ചില രംഗങ്ങളിലെ സൗണ്ട് ഇഫക്ട്സ് കുറച്ചധികം അരോചകമായി അനുഭവപ്പെട്ടു. എന്നാൽ ദൃശ്യം മികച്ചു തന്നെ നിൽക്കുന്നുണ്ടെന്ന് പറയാം. ചില ഫ്രെയിമുകൾ പുതുതായി കോർത്തിണക്കിയതാണോ എന്നും തോന്നാം. ഒരു പക്ഷെ പുതുതലമുറയിലുള്ളവർക്ക് ചിത്രത്തിൽ എവിടെയൊക്കെയോ ചെറിയ ക്രിഞ്ച് തോന്നിയേക്കാം. അത് ഒരിക്കലും കഥയുടെയോ ചിത്രത്തിന്റെയോ പ്രശ്നമെന്ന് പറയാൻ പറ്റില്ല. കാരണം, ഈ കഥ അങ്ങ് തൊണ്ണൂറുകളിലുള്ളതാണ്. ആ കാലഘട്ടത്തിന് അനുസൃതമായ കഥ, ഈ നാളിൽ യോജിക്കുന്നില്ലെന്ന് തോന്നിയാൽ തികച്ചും സ്വാഭാവികം മാത്രമാണ്. ചിത്രത്തിന്റെ അവസാനം മില്ലേനിയൽസിന് കണക്റ്റ് ചെയ്യാൻ ചില രംഗങ്ങൾ സംവിധായകൻ ഉൾപ്പെടുത്തിയിട്ടുണ്ട്. കുട്ടികളിലെ വാസനകൾ തല്ലിക്കെടുത്തരുത് എന്ന് വീണ്ടും ഓർമിപ്പിക്കുകയാവും ആ രംഗങ്ങളുടെ ഉദ്ദേശം. എന്നാൽ ആ രംഗങ്ങൾ വേണ്ടിയിരുന്നോ എന്ന് സിനിമ കണ്ടിറങ്ങുമ്പോൾ സംശയം തോന്നാം.
തിലകനെ പോലുള്ള പ്രതിഭകളുടെ അഭിനയം ബിഗ് സക്രീനിൽ കാണാൻ അവസരം ലഭിക്കാതെ പോയവരാണല്ലോ നമ്മൾ. ആ അതുല്യ താരങ്ങളുടെ പ്രകടനം ആദ്യമായും അവസാനമായും ബിഗ് സ്ക്രീനിൽ കാണാൻ ഒരു അവസരം നൽകുകയാണ് ‘സ്ഫടികം.’