ഗായകൻ എസ് പി ബാലസുബ്രമണ്യത്തിന്റെ വിയോഗത്തിൽ നടുങ്ങലിച്ചിരിക്കുകയാണ് സിനിമ ലോകവും അദ്ദേഹത്തിന്റെ ആരാധകരും. ഗായകൻ, നടൻ, ഡബ്ബിങ് ആർട്ടിസ്റ്റ് തുടങ്ങി പല മേഖലകളിലും കൈവച്ച എസ്പിബി ഒരു നല്ല മനുഷ്യൻ എന്ന നിലയിൽ കൂടിയാണ് അദ്ദേഹത്തെ സ്നേഹിക്കുന്നവരുടെ ഹൃദയങ്ങളിൽ ഇടം നേടിയിരിക്കുന്നത്. എസ്പിബിയുടെ മരണ വാർത്ത പുറത്തുവന്നതോടെ സോഷ്യൽ മീഡിയ അദ്ദേഹത്തിന്റെ ഗാനങ്ങളാലും പഴയ അഭിമുഖങ്ങളാലും നിറഞ്ഞിരിക്കുകയാണ്. അത്തരം ഒരു അഭിമുഖത്തിൽ നടൻ അജിത്തിന്റെ സിനിമ അരങ്ങേറ്റത്തിൽ എസ്പിബി വഹിച്ച പങ്കിനെ കുറിച്ചുള്ള പരാമർശമുണ്ട്.
Read More: എന്റെ പാട്ട് എവിടെയോ കേള്‍ക്കുന്നല്ലോ, ആരാധികയ്ക്കരികിലേക്ക് ഓടിയെത്തി എസ് പി ബി; ഓർമക്കുറിപ്പ്
ബിഹൈൻസ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് എസ്പിബി ഇക്കാര്യം പറയുന്നത്. അജിത്തിന്റെ ആദ്യ തമിഴ് ചിത്രമായ ‘അമരാവതി’ക്കും മുൻപ് അദ്ദേഹം പ്രേമ പുസ്തകം എന്നൊരു തെലുങ്ക് ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. അതിന് വഴിയൊരുക്കിയതിൽ എസ്പിബിയുടെ പങ്കിനെ കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
“അജിത്തും എന്റെ മകൻ ചരണും വലിയ സുഹൃത്തുക്കളായിരുന്നു. എപ്പോഴും വീട്ടിലൊക്കെ വന്ന് കളിക്കാറുണ്ടായിരുന്നു. ഒരിക്കൽ ഒരു പരസ്യത്തിൽ അഭിനയിക്കാനായി ചരണിന്റെ ഷർട്ട് ചോദിച്ച് അജിത് വീട്ടിൽ വന്നു. അന്നാണ് ഞാനിവനെ ശ്രദ്ധിക്കുന്നത്. വളരെ സുന്ദരനായ ഒരു കൊച്ചു പയ്യൻ. പിന്നീട് കുറേ നാൾ കഴിഞ്ഞു. രണ്ടു പേരും വലുതായി. അങ്ങനെ ഒരു ദിവസം ഗൊല്ലപുടി മാരുതി റാവു സർ ഒരു സിനിമയെടുക്കുന്നുണ്ട് എന്നും അതിലേക്ക് ചോക്ലേറ്റ് ബോയ് അല്ലാത്ത, എന്നാൽ ചെറുപ്പക്കാരനും സുന്ദരനുമായ ഒരു പുതുമുഖത്തെ വേണമെന്നും പറഞ്ഞു. അങ്ങനെ ഞാൻ അജിത്തിന്റെ പേര് പറഞ്ഞു. അപ്പോൾ തന്നെ അജിത്തിനെ വിളിപ്പിക്കുകയായിരുന്നു,” അദ്ദേഹം പറഞ്ഞു.
അജിത്തിന്റെ ഏക തെലുങ്ക് ചിത്രമാണ് 1993ൽ പുറത്തിറങ്ങിയ പ്രേമപുസ്തകം. പുതുമുഖമായ കാൻഞ്ചൻ ആയിരുന്നു നായിക.
അജിത്, വിജയ് തുടങ്ങി തമിഴിലെ സൂപ്പർ താരങ്ങളൊക്കെ എസ്പിബിക്ക് മക്കളായിരുന്നു. അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ വിജയ് എത്തിയിരുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.04നായിരുന്നു എസ് പി ബിയുടെ അന്ത്യം. എസ്.പി.ബി മരിച്ചത് ഹൃദയാഘാതം മൂലമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് ആരംഭിച്ച സംസ്കാര ചടങ്ങുകൾ 12 മണിയോടെ പൂർത്തിയായി.
ഓഗസ്റ്റ് 5 നാണ് എസ് പി ബാലസുബ്രമണ്യത്തിനു കോവിഡ് ബാധ സ്ഥിരീകരിച്ചത്. അദ്ദേഹം തന്നെ തന്റെ ഫേസ്ബുക്കിലൂടെ ഈ വിവരം അറിയിക്കുകയായിരുന്നു. ഓഗസ്റ്റ് 13 ന് ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ചെന്നൈ എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു പിന്നീട് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
അച്ഛന്‍ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി ചരണ്‍ ഈ മാസം 14ന് അറിയിച്ചിരുന്നു. 15-20 മിനിറ്റ് വരെ ഇരിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട നിലയിലാണെന്നുമാണ് ചരണ്‍ അന്ന് പറഞ്ഞത്. എന്നാല്‍ ആരാധകലോകത്തിന്റെയും സംഗീത പ്രേമികളുടെയും പ്രാര്‍ത്ഥനകളെയും പ്രതീക്ഷകളെയും അസ്ഥാനത്താക്കിക്കൊണ്ടാണ് എസ് പി ബാലസുബ്രമണ്യം യാത്രയായത്.