പ്രിയസുഹൃത്ത് എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ വേർപാടിൽ അതീവ ദുഃഖിതനാണ് സംഗീത സംവിധായകൻ ഇളയരാജ. എസ് പി ബിയുടെ മരണവാർത്തയോട് അതിവൈകാരികമായാണ് ഇളയരാജ പ്രതികരിച്ചത്. ഇപ്പോഴിതാ, പ്രിയ സ്നേഹിതന് പാട്ടിലൂടെ തന്നെ തിലോദകം അർപ്പിക്കുകയാണ് ഇളയരാജ.

രോഗബാധിതനായ എസ്‌പിബിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെ ഇളയരാജ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു വീഡിയോയും ഏറെ ഹൃദയഭേദകമായിരുന്നു. ‘പ്രിയപ്പെട്ട ബാലു വേഗം എഴുന്നേറ്റ് വാ’ (ബാലു, ശീഘ്രം വാ…,) എന്നു പറഞ്ഞു തുടങ്ങുന്നതായിരുന്നു ആ വീഡിയോ. എസ്‌പിബിയുടെ മരണശേഷവും സമാനമായ ഒരു വീഡിയോയാണ് ഇളയരാജ പങ്കുവച്ചിരിക്കുന്നത്.

Read Also: സംഗീതലോകത്തെ അപൂര്‍വ്വസഹോദരങ്ങള്‍

“ബാലു വേഗം വരിക, ഞാൻ കാത്തിരിക്കുകയാണെന്ന് പറഞ്ഞതല്ലേ, നീ കേട്ടില്ല” എസ്‌പിബിയുടെ മരണത്തിൽ അതീവ ദുഃഖിതനായി രാജ പറഞ്ഞു. “നീ പോയി. എവിടേക്കാണ് പോയത്? ഗന്ധർവലോകത്ത് പാടാൻ പോയോ? എന്റെ ലോകം ശൂന്യമായി. ഈ ലോകത്തെ ഒന്നും എനിക്ക് തിരിയുന്നില്ല. എന്താണ് പറയേണ്ടതെന്ന് എന്നുപോലും അറിയില്ല.” ഏറെ വേദനയോടെ രാജ പറഞ്ഞു.

വെള്ളിയാഴ്ച ഉച്ചയ്‌ക്ക് 1.04 ഓടെയാണ് എസ്‌പിബിയുടെ മരണം സ്ഥിരീകരിച്ചത്. 74 വയസ്സായിരുന്നു. ചെന്നൈ എംജിഎം ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

Read more: ഞാൻ കാത്തിരിക്കുകയാണെന്ന് പറഞ്ഞതല്ലേ, നീ കേട്ടില്ല; ബാലുവിന്റെ വേർപാടിൽ വാക്കുകളിടറി രാജ

ചെന്നൈ നുങ്കമ്പാക്കത്തെ വസതിയിൽ ഇന്ന് പൊതുദർശനത്തിന് വെച്ച ഭൗതികശരീരം കാണാനും ആദരാഞ്ജലികൾ അർപ്പിക്കാനും രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ അടക്കം നിരവധിയേറെ പേരാണ് എത്തിയത്. പൊതുദർശനത്തിന് ശേഷം ഇന്ന് ഉച്ചയോടെ റെഡ് ഹിൽസിലെ അദ്ദേഹത്തിന്റെ ഫാം ഹൗസിൽ സംസ്കാരചടങ്ങുകൾ നടന്നു. ഔദ്യോഗിക ബഹുമതികളോടെ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചായിരുന്നു സംസ്കാര ചടങ്ങുകൾ.

Read Also: മിസ്റ്റർ പെർഫക്ഷനിസ്റ്റ്: ‘മലരേ മൗനമാ’ റെക്കോർഡിങ് അവസാനിച്ചത് പുലർച്ചെ, ഒടുവിൽ കണ്ണുനിറഞ്ഞു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook