ചെന്നൈ: അന്തരിച്ച ഗായകൻ എസ്‌‌പി ബാലസുബ്രഹ്മണ്യത്തിന്റെ ചികിത്സാചിലവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി മകൻ എസ്‌‌പി ചരൺ. ഓഗസ്റ്റ് അഞ്ച് മുതൽ ഈമാസം 25 വരെയാണ് എസ്‌‌പി ബാലസുബ്രഹ്മണ്യം ചെന്നൈ എംജിഎം ആശുപത്രിയിൽ കഴിഞ്ഞത്. അവിടെ ചികിത്സയിൽ കഴിഞ്ഞ കാലയളവിലേക്കുള്ള ബിൽ തുക എസ്‌‌പിബിയുടെ കുടുംബത്തിന് പൂർണമായി അടക്കാൻ പറ്റിയിട്ടില്ലെന്നും പിന്നീട് ഇക്കാര്യത്തിൽ തമിഴ്നാട് സർക്കാരിനെയും ഉപരാഷ്ട്രപതിയെയും ബന്ധപ്പെട്ടുവെന്നുമുള്ള തരത്തിലാണ് വ്യാജ വാർത്തകൾ പ്രചരിച്ചത്.

പണം അടക്കാതിരുന്നതിനാൽ അദ്ദേഹത്തിന്റെ മൃതദേഹം ആശുപത്രിയിൽ നിന്ന് പുറത്തെിറക്കാൻ വൈകിയതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. തമിഴ് നാട് സർക്കാരിനെ ബന്ധപ്പെട്ടപ്പോൾ അവരുടെ സഹായം ലഭിച്ചിട്ടില്ലെന്നും പിന്നീട് ഉപരാഷ്ട്രപതിയെ ബന്ധപ്പെട്ടപ്പോൾ അദ്ദേഹം ഇടപെടുകയും ആശുപത്രി അധികൃതർ മൃതദേസം വിട്ടു നൽകുകയായിരുന്നു എന്ന തരത്തിലായിരുന്നു വ്യാജ വാർത്തകൾ.

Read More: പ്രിയ ബാലുവിനെ പാട്ടു പാടി യാത്രയാക്കി രാജ; ഗാനം കേൾക്കാം

എന്നാൽ ഇത്തരം പ്രചാരണങ്ങളെല്ലാം തെറ്റാണെന്ന് എസ്‌‌പി ചരൺ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ഇക്കാര്യത്തിൽ തന്റെ കുടുംബവും ആശുപത്രി അധികൃതരും സംയുക്ത പ്രസ്താവന ഇറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്തിനാണ് ആളുകൾ ഇങ്ങനെ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതെന്നും എസ്‌‌പിബിയുമായി അടുപ്പമുള്ളവരെ ഇത് ബുദ്ധിമുട്ടിക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

സെപ്റ്റംബർ 25 വെള്ളിയാഴ്ച ഉച്ചയ്‌ക്ക് 1.04 ഓടെയാണ് എസ്‌പിബിയുടെ മരണം സ്ഥിരീകരിച്ചത്. 74 വയസ്സായിരുന്നു. എംജിഎം ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. കോവിഡ് ബാധിച്ചതിനെ തുടര്‍ന്നായിരുന്നു ഓഗസ്റ്റിൽ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എസ്.പി.ബി മരിച്ചത് ഹൃദയാഘാതം മൂലമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു.

Read More: മകന്റെ ഷര്‍ട്ട്‌ ചോദിച്ചെത്തിയ കൂട്ടുകാരനെ സിനിമയില്‍ എത്തിച്ച എസ്‌പിബി; ‘തല’യുടെ സിനിമാ വഴികള്‍ ഇതാണ്

മരണവാര്‍ത്ത എത്തിയതിനു പിന്നാലെ കോടമ്പാക്കം കാംധര്‍ നഗര്‍ ഫസ്റ്റ് സ്ട്രീറ്റിനിലുള്ള അദ്ദേഹത്തിന്‍റെ വസതിക്ക് മുന്നിലേക്ക് ആരാധകര്‍ കൂട്ടമായി എത്തിത്തുടങ്ങിയിരുന്നു. വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് മൃതദേഹം അവിടെ എത്തിച്ചത്.

ഓഗസ്റ്റ് 5 നാണ് എസ് പി ബാലസുബ്രമണ്യത്തിനു കോവിഡ് ബാധ സ്ഥിരീകരിച്ചത്. അദ്ദേഹം തന്നെ തന്റെ ഫേസ്ബുക്കിലൂടെ ഈ വിവരം അറിയിക്കുകയായിരുന്നു. ഓഗസ്റ്റ് 13 ന് ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ചെന്നൈ എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു പിന്നീട് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook