scorecardresearch

'സ്ഫടികം' വീണ്ടുമെത്തുമ്പോൾ ഇവരെ ഓർക്കാതിരിക്കാനാവുമോ?

28 വർഷങ്ങൾക്കു ശേഷം 'സ്ഫടികം' വീണ്ടുമെത്തുമ്പോൾ നഷ്ടബോധത്തോടെയല്ലാതെ ഈ കലാകാരന്മാരെ ഓർക്കാനാവില്ല

28 വർഷങ്ങൾക്കു ശേഷം 'സ്ഫടികം' വീണ്ടുമെത്തുമ്പോൾ നഷ്ടബോധത്തോടെയല്ലാതെ ഈ കലാകാരന്മാരെ ഓർക്കാനാവില്ല

author-image
Entertainment Desk
New Update
spadikam, spadikam rerelease

28 വർഷങ്ങൾക്കു ശേഷം 'സ്ഫടികം' വീണ്ടും തിയേറ്ററുകളിലേക്ക് എത്തുകയാണ്. ആടുതോമയേയും ചാക്കോ മാഷിനെയും തുളസിയേയുമെല്ലാം 4കെ ഡോൾബി അറ്റ്‍മോസ് ദൃശ്യശ്രവ്യ ചാരുതയോടെ വീണ്ടും വലിയ സ്ക്രീനിൽ കാണാം എന്ന സന്തോഷത്തിലാണ് സിനിമാപ്രേമികൾ. എന്നാൽ പോയകാലത്തിന്റെ ഓർമകളിലേക്ക് വീണ്ടും കൂട്ടികൊണ്ടുപോവുന്നതിനൊപ്പം ഒരു വിഷമം കൂടി അവശേഷിപ്പിക്കുന്നുണ്ട് സ്ഫടികത്തിന്റെ റീ റിലീസ്. സ്ക്രീനിൽ കണ്ടു കൊണ്ടിരിക്കുന്ന പ്രതിഭാധനരായ ഒരുപറ്റം കലാകാരന്മാർ ഇന്ന് ജീവിച്ചിരിപ്പില്ലെന്ന വസ്തുത ആരെയും നൊമ്പരപ്പെടുത്തുന്നതാണ്. സ്ഫടികം വീണ്ടും സ്ക്രീനിലേക്ക് എത്തുമ്പോൾ ചിത്രത്തിൽ അഭിനയിച്ച തിലകൻ, കെപിഎസി ലളിത, ശങ്കരാടി, നെടുമുടി വേണു, രാജൻ പി ദേവ്, എൻ എഫ് വർഗീസ്, കരമന ജനാർദ്ദൻ നായർ, ബഹദൂർ, പറവൂർ ഭരതൻ എന്നിവരൊന്നും ഈ ഭൂമിയിൽ ജീവിച്ചിരിപ്പില്ല.

Advertisment

അച്ഛനും മകനും തമ്മിലുള്ള സംഘർഷത്തിന്റെ കഥ പറയുന്ന സ്ഫടികത്തിൽ ആടുതോമയെന്ന മോഹൻലാൽ കഥാപാത്രത്തിന്റെ അച്ഛനായി എത്തിയത് തിലകനായിരുന്നു. കർശനക്കാരനായ കണക്ക് അധ്യാപകൻ സി പി ചാക്കോ എന്ന കടുവ ചാക്കോ തിലകന്റെ കരിയറിലെ തന്നെ ശ്രദ്ധേയ കഥാപാത്രങ്ങളിലൊന്നാണ്. 'ഭൂഗോളത്തിന്റെ ഓരോ സ്പന്ദനവും കണക്കിലാണ്' എന്ന തിലകൻ ഡയലോഗൊക്കെ ഇപ്പോഴും സിനിമാപ്രേമികൾ നെഞ്ചോട് ചെർത്തുവയ്ക്കുന്നതാണ്.

ആടുതോമയുടെ അമ്മ പൊന്നമ്മയെന്ന കഥാപാത്രത്തെയാണ് കെപിഎസി ലളിത ചിത്രത്തിൽ അവതരിപ്പിച്ചത്. അച്ഛനും മകനും തമ്മിലുള്ള സംഘർഷത്തിനിടയിൽ പെട്ട് നീറുന്ന ഒരമ്മയുടെ നൊമ്പരമൊക്കെ ഹൃദയസ്പർശിയായാണ് കെപിഎസി ലളിത അവതരിപ്പിച്ചത്.

ആടുതോമയുടെ അമ്മാവനായ മണിമല വക്കച്ചൻ എന്ന കഥാപാത്രത്തെയാണ് രാജൻ പി ദേവ് അവതരിപ്പിച്ചത്. തുളസിയെന്ന (ഉർവശി) നായിക കഥാപാത്രത്തിന്റെ അച്ഛൻ രാവുണ്ണി മാസ്റ്ററായി നെടുമുടി എത്തിയപ്പോൾ ഫാദർ ഒറ്റപ്ലാക്കൻ എന്ന കഥാപാത്രത്തെയാണ് കരമന ജനാർദ്ദൻ നായർ അവതരിപ്പിച്ചത്. പൊലീസ് കോൺസ്റ്റബിളും ബാലുവിന്റെ പിതാവുമായ പാച്ചു പിള്ളയെന്ന കഥാപാത്രത്തെയാണ് എൻ എഫ് വർഗീസ് അവതരിപ്പിച്ചത്. ബഹദൂർ ചിത്രത്തിലെ തയ്യൽക്കാരനായി എത്തിയപ്പോൾ ചാക്കോ മാഷിന്റെ മകൾ ജാൻസിയെ (ചിപ്പി) വിവാഹം കഴിക്കുന്ന ജെറി (അശോകൻ)യുടെ പിതാവായാണ് പറവൂർ ഭരതൻ എത്തിയത്. ആടുതോമയുമായി കോടതി മുറിയിൽ കോർക്കുന്ന മജിസ്ട്രേറ്റിന്റെ വേഷമായിരുന്നു ചിത്രത്തിൽ ശങ്കരാടിയ്ക്ക്.

Advertisment

സ്ഫടികം എന്നോർക്കുമ്പോൾ മലയാളികൾക്ക് മറക്കാനാവാത്ത മുഖമാണ് സിൽക്ക് സ്മിതയുടേത്. ഏഴിമല പൂഞ്ചോല എന്ന ഗാനത്തിനൊപ്പം മലയാളികളുടെ മനസ്സിൽ എന്നും നിറഞ്ഞുനിൽക്കുന്ന സാന്നിധ്യമാണ് സിൽക്ക്.

Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: