മോഹന്‍ലാല്‍ ആടുതോമയായും തിലകന് ചാക്കോമാഷായും അഭ്രപാളികളിൽ ജീവിച്ച, മലയാള സിനിമയിലെ കള്‍ട്ട് ചിത്രങ്ങളില്‍ ഒന്നായ ‘സ്ഫടികം’ വീണ്ടും വാർത്തകളിൽ നിറയുകയാണ്. 28 വർഷങ്ങൾക്ക് ശേഷം 4Kശബ്ദ-ദൃശ്യ വിസ്മയങ്ങളോടെ ‘സ്ഫടികം’ ഫെബ്രുവരി 9ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്.
ചിത്രത്തിൽ ആടുതോമയുടെ ബാല്യകാലം അവതരിപ്പിച്ച കുട്ടിയാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നത്. തൃശ്ശൂർ സ്വദേശിയായ അശ്വിൻ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന രാമചന്ദ്രൻ ജയപ്രകാശ് ആണ് ചിത്രത്തിൽ തോമയുടെ കുട്ടിക്കാലം അവതരിപ്പിച്ചത്. സിനിമാസ്വാദകരുടെ കൂട്ടായ്മയായ മലയാളം മൂവി മ്യൂസിക് ഡാറ്റ ബേസിൽ (m3db) പ്രത്യക്ഷപ്പെട്ട ഒരു അന്വേഷണ പോസ്റ്റിനു പിന്നാലെയാണ് ‘കുട്ടി തോമ’യെ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ 20 കൊല്ലമായി കോയമ്പത്തൂരിലാണ് അശ്വിൻ. കോയമ്പത്തൂരിൽ എച്ച്എസ്ബിസിയിൽ യിൽ ജോലി ചെയ്യുകയാണ് അശ്വിൻ. നിർമ്മാതാവ് ഗുഡ്നൈറ്റ് മോഹൻ്റെ കുടുംബവുമായി അശ്വിൻ്റെ കുടുംബത്തിനുള്ള പരിചയമാണ് അശ്വിനെ സ്ഫടികത്തിൽ എത്തിച്ചത്.

ഭദ്രൻ കഥയെഴുതി സംവിധാനം ചെയ്ത ‘സ്ഫടികം’ 1995ലാണ് റിലീസിനെത്തിയത്. ഈ ചിത്രത്തിലൂടെയായിരുന്നു നടൻ ജോർജ്ജിന്റെ അരങ്ങേറ്റം. ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ ജോർജ്ജ് സ്ഫടികം ജോർജ്ജ് എന്നറിയപ്പെട്ടു തുടങ്ങി. മോഹൻലാൽ, തിലകൻ, രാജൻ പി. ദേവ്, ഇന്ദ്രൻസ്, ഉർവ്വശി, ചിപ്പി, കെ.പി.എ.സി. ലളിത, സിൽക്ക് സ്മിത എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു.