മഴവിൽ‌ മനോരമയിലെ ജനപ്രിയ പരമ്പര ‘മറിമായ’ത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ സ്നേഹയും എസ്.പി.ശ്രീകുമാറും വിവാഹിതരായി. തൃപ്പൂണിത്തുറ പൂർണത്രയീശൻ ക്ഷേത്രത്തിലായിരുന്നു വിവാഹ ചടങ്ങുകൾ. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹ ചടങ്ങിൽ പങ്കെടുത്തു. ‘മറിമായം’ എന്ന പരമ്പരയിൽ മണ്ഡോദരിയായി സ്നേഹയും ലോലിതൻ ആയി ശ്രീകുമാറും പ്രേക്ഷക പ്രീതി നേടിയവരാണ്.

ഇരുവരും വിവാഹിതരാകാൻ പോകുന്ന വിവരം നേരത്തെ തന്നെ പുറത്തുവന്നിരുന്നു. എന്നാൽ, വിവാഹ തീയതി എന്നാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല. സ്‌നേഹ വീണ്ടും വിവാഹം കഴിക്കാൻ പോകുന്ന വിവരം പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ നിരവധി അവഹേളനങ്ങൾ നേരിടേണ്ടി വന്നിരുന്നു. എന്നാൽ, ഇതിനെല്ലാം വ്യക്തമായ മറുപടി നൽകി രംഗത്തെത്തിയത് സ്‌നേഹയുടെ മുൻ ഭർത്താവ് ദിൽജിത്ത് തന്നെയാണ്.

Read Also: ഫഹദിന് ഭക്ഷണം വിളമ്പികൊടുക്കുന്ന നിവിന്‍ പോളി

തങ്ങൾ ഇരുവരും നല്ല സുഹൃത്തുക്കളാണെന്ന് ദിൽജിത് തന്റെ ഫെയ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. സ്നേഹയുടെ വിവാഹ വാർത്തയോടുള്ള പ്രതികരണമായി പലരും ആദ്യ വിവാഹത്തിന്റെ ചിത്രങ്ങൾ​ പോസ്റ്റ് ചെയ്തതായി കണ്ടുവെന്നും അതാണ് ഇത്തരത്തിലൊരു കുറിപ്പെഴുതാൻ തന്നെ പ്രേരിപ്പിച്ചതെന്നും ദിൽജിത് പറഞ്ഞു.

“ഒരിക്കൽ വിവാഹിതരായ രണ്ടുപേർ, വിവാഹ മോചിതരാവുന്നത്, അങ്ങനെ ഒന്നിച്ചു പോയാൽ ആ രണ്ടു വ്യക്തികളുടെയും ഇനിയുള്ള ജീവിതത്തെ ബാധിക്കും എന്നുള്ളത് കൊണ്ടാണ്. അത് വ്യക്തമായി മനസിലാക്കി, പരസ്പര സമ്മതത്തോടെ വിവാഹ മോചിതരായി ഇപ്പോഴും നല്ല സുഹൃത്തുക്കളായി കഴിയുന്നവരാണ് ഞാനും സ്നേഹയും,” ദിൽജിത് പറഞ്ഞു.  സ്നേഹ വിവാഹിതയാകുന്ന വിവരം തനിക്ക് നേരത്തേ അറിയാമായിരുന്നുവെന്നും അതിൽ​ സന്തോഷം മാത്രമേയുള്ളൂവെന്നും പറഞ്ഞ് ദിൽജിത് ഇരുവർക്കും ആശംസകൾ നേരാനും മറന്നില്ല. പോസ്റ്റിന് താഴെ ദിൽജിത്തിന്റെ ചിന്താഗതിയെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു.

Read Also: മലയാളികളോട് ദേഷ്യപ്പെട്ട് കോഹ്‌ലി; വീഡിയോ ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

‘മറിമായം’ എന്ന പരമ്പരയിലൂടെ ഏറെ ജനശ്രദ്ധ നേടിയ താരങ്ങളാണ് ശ്രീകുമാറും സ്‌നേഹയും. സീരിയലിനു പുറമേ നിരവധി സിനിമകളിലും ശ്രീകുമാർ അഭിനയിച്ചിട്ടുണ്ട്. ജീത്തു ജോസഫ് സംവിധാനം ചെയ്‌ത സൂപ്പർഹിറ്റ് ചിത്രം ‘മെമ്മറീസി’ൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത് ശ്രീകുമാറാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook