അന്തരിച്ച ഗായകൻ എസ്‌‌പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്കാര ചടങ്ങുകളിൽ തമിഴ് സൂപ്പർ താരം അജിത് പങ്കെടുത്തില്ലെന്ന തരത്തിലുള്ള പ്രചാരണങ്ങൾക്ക് മറുപടി നൽകി എസ്‌‌പിബിയുടെ മകൻ എസ്‌‌പി ചരൺ.

എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ നിര്യാണത്തെത്തുടർന്ന് പ്രചരിക്കുന്ന അഭ്യൂഹങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണുന്നതിനിടെ ഒരു ചോദ്യത്തിന് മറുപടിയായാണ് ചരൺ ഇക്കാര്യം പറഞ്ഞത്. തല അജിത്ത് വിളിച്ച് അനുശോചനം അറിയിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ, വിളിച്ചിട്ടുണ്ടോ അല്ലെങ്കിൽ ഒരു സന്ദർശനം നടത്തിയിട്ടുണ്ടോ എന്ന് നിങ്ങൾ അറിയേണ്ട ആവശ്യമില്ലെന്ന് ചരൺ പറഞ്ഞു.

“അജിത് കുമാർ എന്റെ ഒരു നല്ല സുഹൃത്താണ്. അദ്ദേഹത്തിന് എന്റെ അച്ഛനുമായി അടുത്ത ബന്ധമുണ്ടായിരുന്നു. എന്റെ പിതാവിന്റെ നിര്യാണത്തിൽ അജിത് അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം വീട്ടിൽ വിലപിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അദ്ദേഹം അത് ചെയ്യട്ടെ.

Read More: മകന്റെ ഷര്‍ട്ട്‌ ചോദിച്ചെത്തിയ കൂട്ടുകാരനെ സിനിമയില്‍ എത്തിച്ച എസ്‌പിബി; ‘തല’യുടെ സിനിമാ വഴികള്‍ ഇതാണ്

അജിത് കുമാർ വിളിച്ചിട്ടുണ്ടോ അല്ലെങ്കിൽ അദ്ദേഹം സന്ദർശനം നടത്തിയിരുന്നോ എന്നതല്ല ഇപ്പോൾ പ്രശ്നം. ഞങ്ങൾക്ക് അച്ഛനെ നഷ്ടപ്പെട്ടു. എന്റെ പിതാവിന്റെ ആരാധകർക്ക് അവരുടെ പ്രിയപ്പെട്ട ഗായകനെ നഷ്ടപ്പെട്ടു. അജിത് കുമാർ ഇതിനെക്കുറിച്ച് എന്തുചെയ്തുവെന്ന് സംസാരിക്കേണ്ടതില്ല. ഈ വലിയ നഷ്ടത്തിൽ നിന്ന് കരകയറാൻ ഒരു കുടുംബമെന്ന നിലയിൽ ഞങ്ങൾക്ക് കുറച്ച് അവസരം നൽകുക,” ചരൺ പറഞ്ഞു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.04നായിരുന്നു എസ് പി ബിയുടെ അന്ത്യം. എസ്.പി.ബി മരിച്ചത് ഹൃദയാഘാതം മൂലമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു. ശനിയാഴ്ചയായിരുന്നു സംസ്കാര ചടങ്ങുകൾ. ശനിയാഴ്ച രാവിലെ പതിനൊന്ന് മണിക്ക് ആരംഭിച്ച സംസ്കാര ചടങ്ങുകൾ 12 മണിയോടെ പൂർത്തിയായി.

Read More: ആശുപത്രിയിൽ ബില്ലടച്ചത് ഞങ്ങളുടെ പണംകൊണ്ടു തന്നെ; വാർത്തകൾ തള്ളി എസ്.പി ചരൺ

ഓഗസ്റ്റ് 5 ന് കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ഓഗസ്റ്റ് 13 ന് ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ചെന്നൈ എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു പിന്നീട് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook