പറയാനുള്ള കാര്യങ്ങൾ തുറന്ന് പറയുന്ന ശീലമാണ് ഗായകൻ എസ് പി ബാലസുബ്രമണ്യത്തിന് എന്ന എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അതിപ്പോൾ എത്ര ചെറിയ ആളായാലും വലിയ ആളായാലും എസ് പി ബി കണക്കാക്കില്ല. ഇത്തവണ അദ്ദേഹത്തിന്റെ വിമർശനത്തിന് ഇരയായിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്.

അടുത്തിടെ നരേന്ദ്ര മോദിയുടെ വസതിയിൽ വച്ച് താരങ്ങൾക്കായി ഒരു സൽക്കാരം ഏർപ്പെടുത്തിയിരുന്നു. മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാർഷികവുമായി ബന്ധപ്പെട്ട് നടക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായിരുന്നു അത്. ഷാരൂഖ് ഖാനും ആമിർ ഖാനും ഉൾപ്പെടെയുള്ള​ നിരവധി താരങ്ങൾ വിരുന്നിൽ പങ്കെടുത്തു.

എന്നാൽ ഈ പരിപാടിയിൽ നരേന്ദ്ര മോദി തങ്ങളോട് വേർതിരിവ് കാണിച്ചു എന്നാണ് എസ്പിബി പറയുന്നത്. അകത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പായി എല്ലാവരുടേയും ഫോണുകൾ വാങ്ങി വയ്ക്കുകയും ടോക്കണുകൾ നൽകുകയും ചെയ്തിരുന്നു. എന്നാൽ പിന്നെ എങ്ങനെയാണ് ബോളിവുഡ് താരങ്ങൾക്ക് പ്രധാനമന്ത്രിക്കൊപ്പം സെൽഫി എടുക്കാൻ സാധിച്ചത് എന്നാണ് അദ്ദേഹം ചോദിക്കുന്നത്. എസ്പിബിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ നിരവധി പേർ പങ്കുവച്ചിട്ടുണ്ട്.

Read More: മാറുന്ന ലോകത്തിന് ഗാന്ധി 2.0 ആവശ്യമാണ്; മോദിയെ വേദിയിലിരുത്തി ഷാരൂഖ് ഖാൻ

മഹാത്മാവിന്റെ 150-ാം ജന്മവാർഷികത്തിൽ ഗാന്ധിസത്തെയും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനായി കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ചേഞ്ച് വിത്തിൻ’ എന്ന പേരിൽ മീറ്റ് നടത്തി. ബോളിവുഡിൽ നിന്ന് നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുത്തിരുന്നു.

ദക്ഷിണേന്ത്യയിൽ നിന്നുള്ള ഏക പ്രതിനിധി തെലുങ്ക് നിർമ്മാതാവ് ദിൽ രാജു ആയിരുന്നു. പ്രധാനമന്ത്രി മോദിയുടെയും സംഘത്തിന്റെയും ഇരട്ടത്താപ്പിനെ കുറിച്ചാണ് എസ്‌പി‌ബി ഇപ്പോൾ പറയുന്നത്.

‘ചേഞ്ച് വിത്തിൻ’ മീറ്റിനുശേഷം, രാം ചരണിന്റെ ഭാര്യയും സംരംഭകയുമായ ഉപാസന കാമിനേനിയും ദക്ഷിണേന്ത്യയിൽ നിന്ന് പ്രാതിനിധ്യം ഇല്ലെന്ന വിഷയം ചൂണ്ടിക്കാട്ടിയിരുന്നു. പ്രധാനമന്ത്രി മോദിയോടും സംഘത്തോടും ഈ വിഷയം പരിശോധിക്കാനും അവർ അഭ്യർത്ഥിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook