അന്തരിച്ച നർത്തകനും ടെലിവിഷൻ അവതാരകനുമായ രാജാറാമിന്റെ ജന്മദിനമാണിന്ന്. അച്ഛന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് നർത്തകിയും ടിക് ടോക് താരവും താരാകല്യാണിന്റെ മകളുമായ സൗഭാ​ഗ്യ വെങ്കിടേഷ് ഏറെ ഹൃദയസ്പർശിയായ ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

“മെയ് 8 എന്റെ രാജാവ് അദ്ദേഹത്തിന്റെ കുഞ്ഞ് രാജകുമാരിക്കായി ജനിച്ച ദിവസം. എന്നെന്നും നിത്യയൗവ്വനത്തോടെ ഇരിക്കൂ അച്ഛാ, എന്നായിരുന്നു അദ്ദേഹത്തിന്റെ അവസാന ജന്മദിനത്തിൽ ഞാൻ ആശംസിച്ചത്. അതേ..അദ്ദേഹത്തിന് ഇനി പ്രായമേറില്ല..” സൗഭാ​ഗ്യ കുറിച്ചു.

Read More: സിംഗിൾ മദർ, എന്റെ സിങ്കപ്പെണ്ണ്; പ്രതിസന്ധികളിൽ തളരാത്ത അമ്മയ്ക്ക് മകളുടെ സല്യൂട്ട്

രാജാറാം 2017 ജൂലൈ 30നാണ് മരിച്ചത്. വൈറല്‍പ്പനി ബാധിക്കുകയും പിന്നീട് നെഞ്ചില്‍ ഇന്‍ഫെക്ഷനാകുകയും ചെയ്ത രാജാറാമിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇത് പിന്നീട് സെപ്റ്റെസീമിയ എന്ന ഗുരുതരമായ അവസ്ഥയായി മാറുകയും അവയവങ്ങളെല്ലാം ഒന്നൊന്നായി തകരാറിലാവുകയും ചെയ്തു. ഏതാണ്ട് ഒന്‍പത് ദിവസത്തോളം ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് മരണത്തിന് കീഴടങ്ങിയത്.

സീരിയലിലും സിനിമയിലും ചെറുവേഷങ്ങളുമായി നിറഞ്ഞ നടനാണ് രാജാറാം. പ്രാദേശിക ചാനലുകളില്‍ അവതാരകനുമായിരുന്നു. മലയാള ചിത്രങ്ങളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടായിരുന്നു രാജാറാമിന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. പിന്നീട് കൊറിയോ ഗ്രാഫര്‍, ചാനല്‍ അവതാരകന്‍ എന്ന നിലയിലും രാജാറാം ശ്രദ്ധേയനായി.

നൃത്ത അദ്ധ്യാപകനെന്ന നിലയിലാണ് കലാരംഗത്ത് കൂടുതല്‍ ശ്രദ്ധേയനായത്. ഭാര്യ താരകല്ല്യാണുമൊത്തും നൃത്ത വേദികളില്‍ എത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook