ഒരു മേജർ സർജറിയെ തുടർന്ന് വിശ്രമത്തിലാണ് നർത്തകിയും നടിയുമായ താര കല്യാൺ. തൊണ്ടയിൽ നിന്നും തൈറോയിഡ് നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണ് താര കല്യാണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
താരകല്യാണിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് പറയുകയാണ് സൗഭാഗ്യ വെങ്കിടേഷ്. “കഴിഞ്ഞ രണ്ട് പ്രാവശ്യവും സര്‍ജറിയ്ക്ക് വേണ്ടി ആശുപത്രിയിലേക്ക് പോയത് ഞാനായിരുന്നു. അപ്പോൾ ടെൻഷനൊന്നും ഞാനറിഞ്ഞിരുന്നില്ല. എന്നാല്‍ അമ്മയെ സര്‍ജറിയ്ക്ക് കൊണ്ടു പോയപ്പോഴാണ് പുറത്ത് നില്‍ക്കുന്നവരുടെ ടെന്‍ഷന്‍ എത്ര വലുതാണെന്ന് എനിക്ക് മനസിലായത്. ഒരു കൈയ്യില്‍ കുഞ്ഞിനെയും പിടിച്ചുകൊണ്ട് അമ്മയുടെ സര്‍ജറിയ്ക്ക് വേണ്ടിയുള്ള കാര്യങ്ങള്‍ എല്ലാം ചെയ്യുക എന്നത് അൽപം ടാസ്‌ക് ആയിരുന്നു. അമ്മയെ ആണല്ലോ സർജറിയ്ക്ക് പ്രവേശിപ്പിച്ചത്, അതിന്റെ ടെൻഷൻ വേറെയും.”
“അമ്മയ്ക്ക് സംസാരിക്കാന്‍ ആയിട്ടില്ല. ഭക്ഷണം ട്യൂബിട്ട് കൊടുക്കേണ്ടി വരുമോ എന്നത് ഞങ്ങളുടെ വലിയ ടെന്‍ഷന്‍ ആയിരുന്നു. ഭാഗ്യവശാല്‍ അത് വേണ്ടി വന്നില്ല. ഭക്ഷണമൊക്കെ അമ്മ പതിയെ കഴിക്കുന്നുണ്ട്. ഒരിക്കൽ കോവിഡ് വന്നു പോയതുകൊണ്ട് ശ്വാസകോശത്തിൽ ചില ഇഷ്യൂസ് ഉളളതുകൊണ്ടാണെന്നു തോന്നുന്നു ഇടയ്ക്ക് ഒരു ചുമ വരുന്നുണ്ട്,” സൗഭാഗ്യ പറയുന്നു.
ഡിസ്‌ചാർജ് ചെയ്ത് വീട്ടിലെത്തി വിശ്രമത്തിലാണ് താര കല്യാൺ ഇപ്പോൾ. എത്രയും പെട്ടെന്ന് സുഖമായി തിരിച്ചുവരൂ എന്നാണ് വീഡിയോയ്ക്ക് താഴെ ആരാധകരുടെ ആശംസ.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കുടുംബമാണ് നടി താരകല്യാണിന്റേത്. താര മാത്രമല്ല, അമ്മ സുബലക്ഷ്മിയും മകൾ സൗഭാഗ്യയും പേരക്കുട്ടി സുദർശനയുമെല്ലാം ഇന്ന് മലയാളികൾക്ക് പരിചിതരാണ്.