/indian-express-malayalam/media/media_files/uploads/2022/07/Sowbhagya-Venkitesh-Thara-Kalyan-1.jpg)
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ് നടി താര കല്യാണും മകൾ സൗഭാഗ്യ വെങ്കിടേഷും. താര കല്യാൺ അഭിനയത്തിൽ തിളങ്ങുമ്പോൾ സോഷ്യൽ മീഡിയയുടെ താരമാണ് സൗഭാഗ്യ. ഒരു വ്ലോഗറെന്ന നിലയിലും ശ്രദ്ധ നേടിയ വ്യക്തിയാണ് സൗഭാഗ്യ. അമ്മ താരകല്യാണിന്റെ വിവാഹത്തെ കുറിച്ച് സംസാരിക്കുന്ന ഒരു പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് സൗഭാഗ്യ ഇപ്പോൾ.
ഭര്‍ത്താവ് മരിച്ച സ്ത്രീകൾക്ക് പുനർവിവാഹം ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അതിനെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്ന വലിയൊരു സന്ദേശമാണ് ഈ വീഡിയോയിലൂടെ സൗഭാഗ്യ നൽകുന്നത്. "അമ്മക്കൊരു കല്യാണം, ഒരു കൂട്ട്, എന്റെ ഏറ്റവും വലിയ ആഗ്രഹവും സ്വപ്നവും," എന്നാണ് വീഡിയോയുടെ തമ്പ്നെയിലിൽ സൗഭാഗ്യ കുറിക്കുന്നത്.
അമ്മയ്ക്ക് ബ്രൈഡൽ മേക്കപ്പ് ഇട്ടുകൊടുക്കുന്ന സൗഭാഗ്യയെ ആണ് വീഡിയോയിൽ കാണാനാവുക. അമ്മയ്ക്ക് ബ്രൈഡ് ആവാന്‍ ഇഷ്ടമാണോ? എന്ന സൗഭാഗ്യയുടെ ചോദ്യത്തിന് 'സ്റ്റാര്‍ട്ട്, ആക്ഷന്‍ പറഞ്ഞാല്‍ ഞാന്‍ എന്തിനും തയ്യാറാണെന്നായിരുന്നു' താരയുടെ രസകരമായ മറുപടി. ശരിക്കും ഇഷ്ടമുണ്ടോ? എങ്കില്‍ ഭാവി വരൻ വേണ്ട ഗുണങ്ങളെന്തൊക്കെയെന്നായി സൗഭാഗ്യ.
സത്യസന്ധനും വിശ്വസ്തനും സകല ജീവജാലങ്ങളോടും അനുകമ്പയുള്ളയാളും 6.2 അടി പൊക്കവുമുള്ള ആരോഗ്യവാനായ ഒരാളായിരിക്കണം എന്നാണ് താര മറുപടി പറയുന്നത്. എന്റെ രണ്ടാം വിവാഹത്തിനോ മറ്റ് എന്തിനാണെങ്കിലും ഒരു അസൂയയും സൗഭാഗ്യയ്ക്ക് ഇല്ലെന്നും താര പറയുന്നു. എന്നാൽ ഇത് നമുക്കങ്ങ് റിയലാക്കിയാലോ എന്ന ചോദ്യത്തിന് എന്നാൽ ഞാൻ പത്മനാഭസ്വാമിയെ വിവാഹം കഴിക്കാമെന്നാണ് താരയുടെ മറുപടി.
സിംഗിൾ മദറായി ജീവിക്കുന്നവരെയും അവർക്ക് ഇഷ്ടമുള്ളതു പോലെ ജീവിക്കാനും പൊട്ട് വെക്കാനും പൂവ് വെക്കാനുമൊക്കെ അനുവദിക്കണമെന്നും അവരുടെ ഇഷ്ടങ്ങളെയും മാനിക്കണമെന്നും സൗഭാഗ്യ പറയുന്നു.
"ഈ വീഡിയോ എന്റെ ഹൃദയം നിറച്ചു. നീയായിരിക്കുന്നതിന് നന്ദി സൗഭാഗ്യ, താരാമ്മ, നിങ്ങളെ ഞാൻ സ്നേഹിക്കുന്നു," എന്നാണ് വീഡിയോയ്ക്ക് പേളി കമന്റ് ചെയ്തിരിക്കുന്നത്.
"ഇങ്ങനെയൊരു മകളെ കിട്ടിയ താര എത്ര ഭാഗ്യവതിയാണ്,", "ഇങ്ങനെ ഉയർന്ന ചിന്താഗതിയുള്ള മക്കളാണ് ഓരോ രക്ഷിതാക്കളുടെയും ഭാഗ്യം," എന്നിങ്ങനെ പോവുന്നു വീഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകൾ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.