മലയാളത്തിലെ സോഷ്യല് മീഡിയ സെലിബ്രിറ്റികളാണ് സൗഭാഗ്യ വെങ്കിടേഷും അര്ജ്ജുന് സോമശേഖരും. ഇരുവരുടെയും വിവാഹവാർത്തയും ചിത്രങ്ങളും അടുത്തിടെ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഫെബ്രുവരി 19,20 ദിവസങ്ങളിലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. ഇരുവർക്കുമിടയിൽ പത്തുവർഷത്തിലേറെയായുള്ള സൗഹൃദം ഒടുവിൽ പ്രണയമായി മാറുകയായിരുന്നു. ഇന്ന് അർജുന്റെ ജന്മദിനമാണ്. പ്രിയപ്പെട്ടവന് പിറന്നാൾ മുത്തം നൽകുന്ന ചിത്രമാണ് സൗഭാഗ്യ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരിക്കുന്നത്.
Read More: പ്രണയപൂർവ്വം പ്രിയപ്പെട്ടവനൊപ്പം; ചിത്രങ്ങൾ പങ്കുവച്ച് സൗഭാഗ്യ
അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അർജുനുമായുള്ള തന്റെ പ്രണയ കഥ സൗഭാഗ്യ തുറന്നു പറഞ്ഞിരുന്നു.
“ഞങ്ങൾ തമ്മിൽ ഏഴുവയസ്സിന്റെ വ്യത്യാസമുണ്ട്. ഞാനാദ്യം അർജുൻ ചേട്ടനെ കാണുന്നത് അമ്മയുടെ ഡാൻസ് സ്കൂളിൽ വെച്ചാണ്. ചേട്ടനും അവിടെ പഠിക്കുന്നുണ്ടായിരുന്നു. അർജുൻ ചേട്ടൻ സീനിയർ കുട്ടികളുടെ ഗ്യാങ്ങിലായിരുന്നു. ഞാൻ ജൂനിയർ കുട്ടികളുടെ ഗ്യാങ്ങിലും. ആദ്യം ഒരു ഇറിറ്റേറ്റിംഗ് കഥാപാത്രമായാണ് എനിക്ക് തോന്നിയത്, വെറുതെയിരിക്കുമ്പോൾ മുടിയൊക്കെ പിടിച്ചുവലിക്കും. ഞാൻ ഏഴാം ക്ലാസ്സിൽ ആയപ്പോഴേക്കും അവരുടെ കൂടെ പ്രോഗ്രാം ചെയ്യാൻ തുടങ്ങി. അവരുടെ ഗ്യാങ്ങിലെത്തിയപ്പോൾ ചേട്ടന്റെ കൂടെ ഡാൻസ് ചെയ്യണം എന്നെനിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ നിർഭാഗ്യവശാൽ മറ്റൊരാളെയാണ് എനിക്ക് ഡാൻസ് പാർട്ണർ ആയി കിട്ടിയത്.”
Read More: അന്നാരറിഞ്ഞു നീയെൻ പ്രിയപ്പെട്ടവനാകുമെന്ന്; അർജുനൊപ്പമുള്ള പഴയചിത്രം പങ്കുവച്ച് സൗഭാഗ്യ
“അർജുൻ ചേട്ടൻ നല്ല രീതിയിൽ ഡാൻസ് ചെയ്യും, നന്നായി പഠിക്കും, തമാശ പറയും, ആളുകളോട് നന്നായി പെരുമാറും. ആ ടൈമിലാണ് എനിക്ക് ചേട്ടനോടൊരു ക്രഷ് തോന്നുന്നത്. എന്നാൽ അമ്മ പിന്നീട് ഡാൻസ് സ്കൂൾ പെൺകുട്ടികൾക്കു മാത്രമാക്കി മാറ്റി. അതോടെ ചേട്ടനെ പിന്നെ ഞാൻ കണ്ടില്ല.
13 വർഷത്തിനു ശേഷമാണ് അർജുൻ ചേട്ടനെ പിന്നെ ഞാൻ കാണുന്നത്. ഒരു ദിവസം ഡാൻസ് ക്ലാസ്സ് കഴിഞ്ഞ് ഇറങ്ങിയപ്പോൾ ഒരു പരിചയമുള്ള മുഖം റോഡ് ക്രോസ് ചെയ്ത് അടുത്തേക്ക് വരുന്നത് കണ്ടു. അത് അർജുൻ ചേട്ടനായിരുന്നു. നേരെ വന്ന് അമ്മയോട് സംസാരിച്ചു, എന്നോടും. ഇഷ്ടമുള്ള ഒരാളെ കണ്ട ഒരു സന്തോഷം തോന്നി അപ്പോൾ. എന്നും എനിക്കൊരു സ്പെഷ്യൽ പേഴ്സണായിട്ടാണ് ചേട്ടനെ തോന്നിയിട്ടുള്ളത്.
അതിനു ശേഷം ചേട്ടൻ വീണ്ടും ഞങ്ങളുടെ ഡാൻസ് സ്കൂളിൽ ജോയിൻ ചെയ്തു. അമ്മയാണ് ചേട്ടനെ പഠിപ്പിച്ചുകൊണ്ടിരുന്നത്, ഇടയ്ക്ക് അമ്മയ്ക്ക് പനി വന്നപ്പോൾ എന്നോട് പഠിപ്പിക്കാൻ പറഞ്ഞു. അങ്ങനെ ഞങ്ങൾ ഒരുമിച്ച് പ്രാക്റ്റീസ് ചെയ്യാൻ തുടങ്ങി. അർജുൻ ചേട്ടനുമായി ഞാൻ പെട്ടെന്ന് സിങ്കാവുന്നതു പോലെ തോന്നി, ഒരേ ടേസ്റ്റുകൾ, ഇഷ്ടങ്ങൾ, നല്ല സൗഹൃദമായി. എന്റെ പട്ടിക്കുട്ടികളെയൊക്കെ വളരെ ജെനുവിനായി തന്നെയാണ് ചേട്ടൻ ഇഷ്ടപ്പെടുന്നതെന്ന് മനസ്സിലായി.”
“ഏതെങ്കിലും ഒരു പോയിന്റിൽ നമുക്ക് ജീവിതത്തിൽ സെറ്റിൽ ആവണമെന്നു തോന്നുമല്ലോ. സീരിയസായി ഒരു ലൈഫ് പാർട്ണറെ കുറിച്ച് ഞാനാലോചിച്ചു തുടങ്ങിയ സമയത്താണ് വിവാഹിതരാവാം എന്നു തീരുമാനിക്കുന്നത്. എനിക്ക് ഡാഡിയെ ഭയങ്കരമായി മിസ് ചെയ്യുന്നുണ്ടായിരുന്നു. അർജുൻ ചേട്ടനാണെങ്കിൽ ഡാഡിയുടെ ഒരുപാട് ക്വാളിറ്റികൾ ഉണ്ട്. ഒരു പാർട്ണറിൽ ഞാനാഗ്രഹിച്ച കാര്യങ്ങൾ എല്ലാം അർജുൻ ചേട്ടനിൽ ഉണ്ടായിരുന്നു. ഇഷ്ടമാണെന്ന് പരസ്പരം പറയുന്നത് എന്റെ ഒരു ജന്മദിനത്തിന്റെ അന്നാണ്. എന്റെ ജന്മദിനത്തിന്റെ അന്ന് ഞങ്ങൾ തമ്മിൽ വഴക്കായി. അന്നാണ് ഇഷ്ടം തുറന്നു പറയുന്നത്.
പക്ഷേ അമ്മയോട് പറയാൻ ഒരു ധൈര്യക്കുറവ്. എനിക്കെന്തോ അമ്മ സമ്മതിക്കില്ലെന്ന് തോന്നി. അർജുൻ ചേട്ടനോട് അമ്മയ്ക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്, അമ്മയുടെ ഏറ്റവും പ്രിയപ്പെട്ട വിദ്യാർത്ഥിയാണ് അർജുൻ. ആ വിദ്യാർത്ഥി മകളുടെ ഭർത്താവായി വരുന്നത് അമ്മയ്ക്ക് ഇഷ്ടമാവുമോ എന്നായിരുന്നു ആശങ്ക. അർജുൻ ചേട്ടൻ അമ്മയോട് പറയാം എന്നു പറഞ്ഞപ്പോഴും ഞാനാണ് നീട്ടി കൊണ്ടുപോയത്. എന്നാൽ ഒടുവിൽ അമ്മ തന്നെ കയ്യോടെ പൊക്കി. എല്ലാം അമ്മ മനസ്സിലാക്കിയ ദിവസം ഒരു മണിക്കൂറോളം അമ്മ എന്നോട് വഴക്കായി. പിന്നെ എല്ലാം ശരിയായി. ഇത്രയും ട്രസ്റ്റ് തന്നിട്ട് എന്തുകൊണ്ട് പറഞ്ഞില്ല എന്നതായിരുന്നു അമ്മയുടെ വിഷമം. അമ്മയുടെ ആ വിഷമം ജെനുവിനായിരുന്നു. അമ്മ അറിഞ്ഞതോടെ പിന്നെ എല്ലാം വേഗത്തിലായി, ഒരു മാസം കൊണ്ടാണ് വിവാഹം ഫിക്സ് ചെയ്തത്.”
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook