ദക്ഷിണേന്ത്യൻ സിനിമകളിൽ എത്രയോ പ്രണയിനി കഥാപാത്രങ്ങളെയും പ്രണയ കഥകളേയും നെഞ്ചിലേറ്റിയവരാണ് നമ്മൾ. ചുരുക്കം ചില ഇതര ഭാഷ ചിത്രങ്ങൾ മാത്രമെ മലയാളികളെ അങ്ങനെ പിടിച്ചുലയ്ക്കാറുള്ളൂ, അവിടെ ചുരുക്കം ചില പ്രണയങ്ങളും പ്രണയിനികളും. വിണ്ണൈ താണ്ടി വരുവായായിലെ ജെസിയും 96ലെ ജാനുവും മലയാളികൾ ഒരിക്കലും മറക്കാത്ത പ്രണയിനികളാണ്, അവരെ അനശ്വരമാക്കിയ തെന്നിന്ത്യൻ താരറാണി തൃഷയും നമുക്ക് പ്രിയപ്പെട്ടവൾ. തന്റെ കുട്ടിക്കാലത്തെ ഒരു ചിത്രം തൃഷ പങ്കുവച്ചപ്പോഴും അതേ സ്നേഹമായിരുന്നു കമന്റുകളിൽ നിറഞ്ഞത്.
മാലാഖയുടെ മുഖവും ചെകുത്താന്റെ ചിന്തകളുമാണ് ആ ചിത്രത്തിൽ കാണുന്ന പെൺകുട്ടിക്ക് എന്നാണ് തൃഷ പറയുന്നത്.
സിനിമയിൽ 18 വർഷങ്ങൾ പൂർത്തിയാക്കുമ്പോഴും ആരും കൊതിക്കുന്ന പ്രണയിനി കഥാപാത്രമായി പ്രേക്ഷകരുടെ സിനിമാനുഭവങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് തൃഷ. നഷ്ടപ്രണയത്തിന്റെ വേദനയേയും വിങ്ങലിനെയും ഏറ്റവും മനോഹരമായി സ്ക്രീനിൽ അവതരിപ്പിക്കുകയായിരുന്നു ’96’ ലെ ജാനു എന്ന കഥാപാത്രം. 2018 ൽ റിലീസിനെത്തിയ ’96’ തൃഷയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയചിത്രങ്ങളിൽ ഒന്നാണ്. അതേ സമയം, ‘വിണ്ണൈത്താണ്ടി വരുവായി’യിൽ പ്രേക്ഷകർ കണ്ടത് സങ്കീർണ്ണമായൊരു പ്രണയ നായികയെ ആണ്. ‘റിയലിസ്റ്റിക്’ അഭിനയത്തിലൂടെ ജെസ്സി എന്ന കഥാപാത്രത്തെ തൃഷ അനശ്വരമാക്കി.
Read More: ജാനുവായും ജെസിയായും മലയാളികളുടെ ഹൃദയം കവർന്ന തൃഷ
ആദ്യകാലത്ത് അയൽവക്കത്തെ വായാടി പെൺകുട്ടി ടൈപ്പ് റോളുകളിലൂടെ ശ്രദ്ധ നേടി പിന്നീട് ‘സാമി’, ‘ഗില്ലി’, ‘തിരുപ്പാച്ചി’ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് തൃഷ. വൈവിധ്യമാർന്ന കഥാപാത്രങ്ങളാണ് തൃഷയുടെ കരിയറിനെ ശ്രദ്ധേയമാക്കുന്നത്. വിജയവും പരാജയവും മാറിമാറി വരുന്ന സിനിമയുടെ ലോകത്ത്, തന്റെ സ്റ്റാർഡം അതുപോലെ നിലനിർത്തുന്ന നായികമാരിൽ ഒരാൾ കൂടിയാണ് തൃഷ എന്നു പറയേണ്ടി വരും. അതുകൊണ്ടു തന്നെയാണ്, അമ്മ, സഹോദരി ടൈപ്പ് കഥാപാത്രങ്ങളിലേക്കൊന്നും പോവാതെ കരിയർ ശക്തമായി തന്നെ മുന്നോട്ട് കൊണ്ടു പോവാൻ തൃഷയ്ക്ക് ആവുന്നത്.
തമിഴ് താരമെന്ന് അറിയപ്പെടുമ്പോഴും മലയാളി ബന്ധം കൂടിയുണ്ട് തൃഷയ്ക്ക്. പാലക്കാട്ടെ അയ്യർ ഫാമിലിയിലാണ് തൃഷയുടെ മാതാപിതാക്കൾ ജനിച്ചു വളർന്നത്. തൃഷയുടെ അച്ഛൻ കൃഷ്ണനും അമ്മ ഉമ്മയും ഏറെനാൾ ജീവിച്ചത് പാലക്കാട്ടെ കൽപ്പാത്തിയിലാണ്. പിന്നീടാണ് ഇവർ ചെന്നൈയിലേക്ക് താമസം മാറിയത്. പ്രിയദർശനാണ് ആദ്യമായി തൃഷയെ സിനിമയിലേക്ക് പരിചയപ്പെടുത്തുന്നതും. പ്രിയദർശന്റെ ‘ലേസ ലേസ’ എന്ന ചിത്രത്തിനു വേണ്ടിയാണ് തൃഷ ആദ്യമായി കരാർ ഒപ്പിടുന്നത്. എന്നാൽ പലവിധ കാരണങ്ങളാൽ ചിത്രം വൈകിപ്പോവുകയായിരുന്നു. സൂര്യയെ നായകനാക്കി അമീർ സുൽത്താൻ സംവിധാനം ചെയ്ത ‘മൗനം പേശിയതേ’ ആണ് റിലീസിനെത്തിയ ആദ്യ തൃഷ ചിത്രം.
നിവിൻ പോളിയെ നായകനാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘ഹേയ് ജൂഡ്’ എന്ന ചിത്രത്തിലൂടെ മലയാളത്തിലും തൃഷ അരങ്ങേറ്റം കുറിച്ചു. ക്രിസ്റ്റൽ ആൻ എന്ന ആംഗ്ലോ ഇന്ത്യൻ കഥാപാത്രത്തെയാണ് തൃഷ ചിത്രത്തിൽ അവതരിപ്പിച്ചത്.