ഒരുകാലത്ത് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നടനായിരുന്നു റഹ്മാൻ. 80-90 കാലഘട്ടത്തിലെ ഏറ്റവും താരമൂല്യമുള്ള സൂപ്പർതാരങ്ങളിൽ ഒരാൾ. അക്കാലത്ത് കോളേജ് കുമാരികളുടെ ഹൃദയം കവർന്ന താരത്തിന് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ടായിരുന്നു. റഹ്മാന്റെ കുട്ടിക്കാലചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.


കെ.എം.അബ്ദുറഹ്മാന്റേയും സാവിത്രി നായരുടെയും മകനായ റഷീൻ എന്ന റഹ്മാൻ അബുദാബിയിലാണ് ജനിച്ച് വളർന്നത്. മലപ്പുറം ജില്ലയിലെ നിലമ്പൂരാണ് റഹ്മാന്റെ സ്വദേശം. സിനിമയിൽ വന്നപ്പോൾ റഷീൻ എന്ന പേരിനു പകരം പിതാവിന്റെ പേര് സ്വീകരിക്കുകയായിരുന്നു റഹ്മാൻ.
സംവിധായകൻ പത്മരാജന്റെ കണ്ടെത്തലായിരുന്നു റഹ്മാൻ. 1983 ൽ പുറത്തിറങ്ങിയ ‘കൂടെവിടെ’ എന്ന മലയാള സിനിമയിലൂടെയാണ് റഹ്മാൻ അഭിനയത്തിലേക്ക് എത്തിയത്. ഭരതൻ, കെ. ബാലചന്ദർ, പ്രിയദർശൻ, കെ.എസ്. സേതുമാധവൻ തുടങ്ങിയ പ്രശസ്ത സംവിധായകരുടെയെല്ലാം ചിത്രങ്ങളിൽ നായകവേഷങ്ങൾ ചെയ്ത റഹ്മാന് ശിവാജി ഗണേശൻ, പ്രേംനസീർ തുടങ്ങിയ പ്രഗത്ഭർക്കൊപ്പം അഭിനയിക്കാനും സാധിച്ചു. മമ്മൂട്ടി, മോഹൻലാൽ, റഹ്മാൻ കൂട്ടുകെട്ടിൽ ഏഴോളം ചിത്രങ്ങളാണ് മലയാളത്തിലുണ്ടായത്. മലയാളത്തിലാണ് തുടക്കമെങ്കിലും തമിഴ്, തെലുങ്ക് സിനിമയിലും ഒരുപോലെ തിളങ്ങാൻ റഹ്മാനായി.
എ.ആർ.റഹ്മാന്റെ ഭാര്യ സൈറ ബാനുവിന്റെ ഇളയ സഹോദരിയായ മെഹറുന്നീസയാണ് റഹ്മാന്റെ ഭാര്യ. റുഷ്ദ, അലീഷ എന്നിങ്ങനെ രണ്ടു മക്കളാണ് ഈ ദമ്പതികൾക്ക് ഉള്ളത്. ഇതിൽ റുഷ്ദയുടെ വിവാഹം അടുത്തിടെ നടന്നിരുന്നു. ചെന്നൈയിൽ സ്ഥിരതാമസമാണ് റഹ്മാനും കുടുംബവും. സിനിമയിൽ സൗഹൃദങ്ങൾ വളരെ കുറവാണെന്നും വീടാണ് തനിക്ക് വലുതെന്നും റഹ്മാൻ മുൻപൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.