മലയാള സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളവതരിപ്പിച്ചിട്ടുളള തമിഴ്‌ നടൻ വിനു ചക്രവർത്തി (72) നിര്യാതനായി. നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായിരുന്നു വിനു ചക്രവർത്തി. തമിഴ് കഥാപാത്രങ്ങളായിരുന്നു മലയാള സിനിമയിൽ വിനു ഏറെയും അവതരിപ്പിച്ചത്.

വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നു ദീർഘനാളായി ചികിത്സയിലായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. വര്‍ഷങ്ങളായി സിനിമയില്‍നിന്നു വിട്ടു നില്‍ക്കുകയുമായിരുന്നു. മൂന്നു വർഷമായി ആരോഗ്യപരമായ പ്രശ്നങ്ങളിൽ ചികിത്സയിലായിരുന്നു വിനു.

ലേലം, മേലേപ്പറമ്പിൽ ആൺ‌വീട്, തെങ്കാശിപ്പട്ടണം, രുദ്രാക്ഷം, കമ്പോളം, നാടൻ പെണ്ണും നാട്ടുപ്രമാണിയും, സംസാരം ആരോഗ്യത്തിന് ഹാനികരം എന്നീ മലയാള ചിത്രങ്ങളിലാണ് വിനു ചക്രവര്‍ത്തി വേഷമിട്ടത്. പലപ്പോഴും ഗൗണ്ടർ സമുദായത്തില്‍ പെട്ട കഥാപാത്രങ്ങളാണ് വിനുവിനെ തേടിയെത്തിയിരുന്നത്. ആ വേഷങ്ങളെല്ലാം മികവുറ്റതാക്കി അദ്ദേഹം മലയാളി പ്രേക്ഷകരുടെയും അഭിനന്ദങ്ങൾ ഏറ്റുവാങ്ങി. അഭിനയപാടവും ശബ്ജത്തിലെ വൈവിധ്യവുമാണ് അദ്ദേഹത്തെ കൂടുതൽ അംഗീകാരം നേടുന്നതിന് വഴിയൊരുക്കിയത്.

പലഭാഷകളിലായി ആയിരത്തോളം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ തിരക്കഥയും സംവിധാനവും അദ്ദേഹത്തിന് വഴങ്ങിയിരുന്നു.

 

വണ്ടിച്ചക്രം എന്ന സിനിമയിലൂടെ സ്മിതയ്ക്ക് സിൽക്ക് എന്ന പേര് നൽകി അവതരിപ്പിച്ചത് താനായിരുന്നുവെന്ന് അദ്ദേഹം മുമ്പ് പറഞ്ഞിരുന്നു.  സിൽക്ക് സ്മിതയുടെ ബയോ പിക് എന്ന പേരിൽ എക്‌താ കപൂറിന്റെ ഡേർട്ടി പിക്‌ചർ എന്ന  വിദ്യാബാലൻ ചിത്രം വിവാദമായപ്പോഴാണ് വിനു ആ ചരിത്രം ലോകത്തോട് വെളിപ്പെടുത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ