ഇതിഹാസനടൻ ശിവാജി ഗണേശന്റെ 93-ാം ജന്മവാർഷിക ദിനമാണ് ഇന്ന്. ജന്മവാർഷിക ദിനത്തിൽ ശിവാജി ഗണേശനെ ഓർക്കുകയാണ് നടി മീന. മീനയെ സിനിമാലോകത്തിന് പരിചയപ്പെടുത്തിയത് ശിവാജി ഗണേശനായിരുന്നു. ഒരു പിറന്നാൾ പാർട്ടിയ്ക്കിടെ കുഞ്ഞു മീനയെ കണ്ട ശിവാജി ഗണേശൻ 1982ൽ ഇറങ്ങിയ ‘നെഞ്ചങ്ങൾ’ എന്ന തന്റെ ചിത്രത്തിലേക്ക് മീനയെ കാസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളിൽ ശിവാജിയ്ക്ക് ഒപ്പം മീന സ്ക്രീൻ പങ്കിട്ടു.
“ഈ ഇതിഹാസ മനുഷ്യനാൽ കണ്ടെടുക്കപ്പെട്ടതിൽ ഞാൻ എന്നും അഭിമാനിക്കുന്നു. ജന്മദിനാശംസകൾ അപ്പാ,” മീന കുറിച്ചു.
‘സാന്ത്വനം’ എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചുകൊണ്ടാണ് മീന മലയാളസിനിമയിലെത്തുന്നത്. പിന്നീട് സുരേഷ് ഗോപിയുടെ നായികയായി ‘ഡ്രീംസി’ൽ അഭിനയിച്ചു. ‘സാന്ത്വന’ത്തിലെ ഉണ്ണീ വാവാവോ എന്ന പാട്ടുകേൾക്കുമ്പോൾ മലയാളികൾ ഇന്നും ഓർക്കുന്ന മുഖങ്ങളിലൊന്നും മീനയുടേതാവും.
ഗ്ലാമർ നായികയായി ‘മുത്തു’ഉൾപ്പെടെയുള്ള സിനിമകളിൽ അഭിനയിക്കുമ്പോൾ തന്നെ പക്വതയുളള അമ്മയായി ‘അവ്വൈ ഷൺമുഖി’യിലും മീന അഭിനയിച്ചു. മിക്ക സൂപ്പർസ്റ്റാറുകൾക്കൊപ്പവും സൂപ്പർഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ച അപൂർവ്വം നായികമാരിൽ ഒരാളാണ് മീന.
മലയാളത്തിൽ മീന ഏറ്റവും കൂടുതൽ തവണ ഭാഗ്യജോഡിയായി എത്തിയത് മോഹൻലാലിന് ഒപ്പമാകും. വർണപകിട്ട്, ഉദയനാണ് താരം, നാട്ടുരാജാവ്, ഒളിമ്പ്യൻ അന്തോണി ആദം, മിസ്റ്റർ ബ്രഹ്മചാരി, ദൃശ്യം, ദൃശ്യം 2, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്നിവയൊക്കെ മോഹൻലാലിനൊപ്പം മീന അഭിനയിച്ച ചിത്രങ്ങളാണ്.
2009 ജൂലൈയിലാണ് സോഫ്റ്റ്വെയർ എൻജിനീയറായ വിദ്യാസാഗറിനെ മീന വിവാഹം ചെയ്യുന്നത്. കഴിച്ചു. പിന്നീട് ദമ്പതികൾ ആന്ധ്രാപ്രദേശിലെ തിരുമല വെങ്കിടേശ്വര ക്ഷേത്രം സന്ദർശിച്ചു. 2011 ജനുവരിയിലാണ് മകൾ നൈനികയുടെ ജനനം.
അമ്മയുടെ വഴിയെ മകൾ നൈനിക വിദ്യാസാഗറും സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു. വിജയ് ചിത്രം ‘തെറി’യിൽ ബാലതാരമായിട്ടായിരുന്നു നൈനികയും സിനിമ അരങ്ങേറ്റം. കാഴ്ചയിലും രൂപത്തിലുമെല്ലാം കുഞ്ഞു മീനയെ ഓർമ്മിപ്പിക്കുകയാണ് നൈനിക.
Read more: ശ്രീദേവിക്കൊപ്പമുള്ള ഈ കൊച്ചു പെണ്കുട്ടിയെ മനസ്സിലായോ?